കോട്ടയം: ഓണത്തിന് സ്വാദിഷ്ടമായ സദ്യയില്ലാതെ എന്തോണം. ഓണപ്പൂക്കളവും ഓണക്കോടിയും പോലെ തന്നെ മലയാളികള്‍ക്ക് പ്രിയമാണ് ഓണസദ്യയും. പണ്ടൊക്കെ സദ്യ ഒരുക്കുക എന്ന് പറഞ്ഞാല്‍ തന്നെ ഒരു മേളമാണ്.
ഒത്തുചേരലിന്റെ പ്രത്യേക വൈബ് ആയിരിക്കും വീടാകെ നിറയുന്നത്. പക്ഷേ കാലം മാറി. തിരക്കിന്റെ പുതിയ ലോകത്ത് പല കൂട്ടം കറികളുമായി ഒരു കുഞ്ഞു സദ്യ ഒരുക്കുക എന്നതുതന്നെ പലര്‍ക്കും ചിന്തിക്കാന്‍ പറ്റാത്ത കാര്യമാണ്. പണ്ട് വീടുകളില്‍ മാത്രമായിട്ടാണ് ഓണം കൊണ്ടാടിയിരുന്നതെങ്കില്‍ ഇന്ന് നാടെങ്ങും ഓണാഘോഷമാണ്. അതും പപ്പടം, പഴം, പായസം സദ്യയോടു കൂടി. വിഭവ സമൃദ്ധമായി സദ്യ തയ്യാറാക്കി നല്കാന് നിരവധി കേറ്ററിങ് യൂണിറ്റുകളും രംഗത്തുണ്ട്. വിഭവങ്ങള്‍ കൂടുമ്പോള്‍ സദ്യയുടെ വിലയും കൂടും. 14 കൂട്ടം വിഭവങ്ങളും ചോറും രണ്ടിനം പായസവും ഉണ്ടെങ്കില്‍ 170 രൂപയാണ് വില. ഒരു കൂട്ടം പായസം മതി എങ്കില്‍ വില 160 രൂപ. മുന്‍ വര്‍ഷം 130-140 രൂപയ്ക്കായിരുന്നു സദ്യ കൊടുത്തിരുന്നത്. പച്ചക്കറി, പലവ്യഞ്ജന വില ഉയര്‍ന്നപ്പോള്‍ വില കൂട്ടാന്‍ നിര്‍ബന്ധിതരായി എന്ന് കേറ്ററിങ്ങുകാരും പറയുന്നു. മാങ്ങ, വെള്ളരിക്ക, പടവലങ്ങ, ചേന എന്നിവയ്ക്കെല്ലാം വില ഉയര്‍ന്നുതന്നെ നില്ക്കുന്നു. മാങ്ങയുടെ ലഭ്യതയിലും കുറവുണ്ട്. തൂശനിലയ്ക്കും വില കൂടുതലാണ്.
നാല് രൂപ മുതല്‍ 7 രൂപ വരെയാണ് വില. സദ്യയുടെ വിലയില്‍ പലയിടങ്ങളിലും ഏറ്റക്കുറച്ചിലുണ്ട്. 20 വിഭവങ്ങളും രണ്ട് കൂട്ടം പായസവും അടങ്ങുന്ന സദ്യയ്ക്ക് 250-300 രൂപയാണ് വില. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം വരെ വില ഉയര്‍ത്തേണ്ടി വന്നിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവരാണ് സദ്യ കൂടുതല്‍ ഓര്‍ഡര്‍ ചെയ്യുന്നത്. തിരുവോണ നാളിലാണ് വീടുകളിലേക്കുള്ള ഓര്‍ഡര്‍ കിട്ടുന്നത്. ഈ ദിവസത്തേക്ക് ബുക്കിങ് റസ്റ്റോറന്റുകളും കേറ്ററിങ് യൂണിറ്റുകാരും നേരത്തെ ആരംഭിച്ചിട്ടുണ്ട്. പായസം മാത്രം വാങ്ങുന്നവരുമുണ്ട്. അടപ്രഥമന്‍, പാലട പ്രഥമന്‍, പരിപ്പ് പ്രഥമന്‍ പായസങ്ങള്‍ക്ക് ലിറ്ററിന് 250 രൂപയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: