മുംബൈ: ഓണം പോലുള്ള സാംസ്കാരിക തനിമയാര്‍ന്ന ആഘോഷങ്ങള്‍ മനുഷ്യരെ നല്ല പാതകളില്‍ ജീവിക്കുവാന്‍ പ്രേരണ നല്‍കുന്നുവെന്നും അതുകൊണ്ട് ഓണം പോലുള്ള ആഘോഷങ്ങളുടെ മഹത്വം നമ്മള് മനസ്സിലാക്കണമെന്നും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള. വസായില്‍ പ്രതീക്ഷ ഫൗണ്ടേഷന് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓണാഘോഷം ഭദ്രദീപം കൊളുത്തി ഗോവ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനം മുന്‍നിര്‍ത്തി സുരേഷ് ഗോപിയെ പുരസ്കാരം നല്കി ഗവര്‍ണര്‍ ആദരിച്ചു. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച സജി ചെറിയാന്, തോമസ് കോയാട്ട്, ആന്റോ ചിറയത്ത് ആന്റണി, ഒപീന്ദര് സിങ്, അമരദാസന്‍ നായര്‍, സുജയ പാര്‍വ്വതി, ഐശ്വര്യ നമ്പ്യാര്‍, ആനന്ദ ജ്യോതി, അജിത അനീഷ് എന്നിവര്‍ക്ക് പ്രതീക്ഷ പുരസ്കാരം ഗവര്‍ണര്‍ സമ്മാനിച്ചു.
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് മുഖേന പ്രതീക്ഷ ഫൗണ്ടേഷന് ലഭിച്ച വിവിധ മെഡിക്കല്‍ ഉപകരണങ്ങള്‍ അടങ്ങിയ ഡോക്ടര്‍ കിറ്റുകള്‍ വസായിലെ എട്ട് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഗവര്‍ണറും സുരേഷ് ഗോപി യും രാജേന്ദ്ര ഗാവിത് എംപിയും ചേര്‍ന്ന് വിതരണം ചെയ്തു. പ്രതീക്ഷ ഫൗണ്ടേഷന് ചെയര്മാന് കെ.ബി. ഉത്തംകുമാര്‍ സ്വാഗതവും ആഘോഷ കമ്മിറ്റി അധ്യക്ഷന്‍ സുരേഷ്കുമാര്‍ ഐക്കര നന്ദിയും പറഞ്ഞു. സുരേഷ് ഗോപിയുടെ പത്നി രാധികാ സുരേഷ് ഗോപിയും പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: