ഋതുക്കള്‍ വന്നിട്ടവ ആവോളം പ്രകൃതി തന്‍
മൃദുത്ത്വങ്ങളില്‍ സ്‌നേഹവായ്‌പോടെ തഴുകവേ
മൃദുസ്പര്‍ശനങ്ങളില്‍ പുളകംകൊണ്ടോ ഭൂമി-
സുഖദംസുസ്‌മേരയായ് പുഷ്പിണിയായി ചേലില്‍
ചെത്തിയും മുക്കുറ്റിയും തുമ്പയും കാക്കപ്പൂവും
എത്തിനോക്കുന്നു വേലിപ്പടര്‍പ്പില്‍ കോളാമ്പിയും
കൊങ്ങിണിപ്പൂവും തൊട്ടാല്‍വാടിയും പിച്ചിപ്പൂവും
ഭംഗിയില്‍ പറമ്പോരത്തെങ്ങുമേ കാണാകുന്നു
ചെമ്പകപ്പൂവും പാലപ്പൂക്കളും അരളിപ്പൂ-
ഇമ്പമാര്‍ന്നഴകെഴും മട്ടിലായ് റോസാപ്പൂവും
വിണ്ണിന്ന് പൊന്നിന്‍ മാലചാര്‍ത്തിയമട്ടില്‍-കണി-
ക്കൊന്നകള്‍ കാലംതെറ്റി പൂത്തതുകുതൂഹലം
മാന്തളിര്‍ കൊത്തിത്തിന്നുന്‍മത്തരാം കുയിലുകള്‍
പൂങ്കുഴല്‍ വിളികളാല്‍ ഭൂമിയെ സ്തുതിക്കുമ്പോള്‍
ഇക്ഷിതയെങ്ങും ആഹ്ലാദത്തിന്റെ കൊയ്‌ത്തായ്-ഓണ-
പ്പക്ഷികള്‍ പാടിപ്പാറി വാനവീഥികള്‍ തോറും
കര്‍ക്കിടകത്തില്‍ മേഘമാറാല നീങ്ങി- വാനില്‍
ഉല്‍ക്കര്‍ഷമോദം ചിങ്ങപ്പുലരി വിരിയാറായ്
ഉദയം കിഴക്കിന്റെ വാനനെറ്റിയില്‍ ചാര്‍ത്തും
തിലകം കാണാം നേര്‍ത്തമഞ്ഞാട മറയ്‌ക്കിലും
ഉയര്‍ന്നൂ-കാണെക്കാണെ മേഘപാളികള്‍ മാറ്റി-
നിവര്‍ന്നൂ കരമൂന്നുനിര്‍മ്മലന്‍ ദിനകരന്‍
അര്‍ക്കാംശുതെളിയുന്ന പുല്‍ക്കൊടിത്തുമ്പില്‍-ശീത-
മുള്‍ക്കൊണ്ട് മന്ദാനിലന്‍ സൗരഭ്യമുതിരുമ്പോള്‍
കുട്ടികള്‍ ”പൂവേ പൊലി” വിളികള്‍ മുഴക്കി-പൂ-
വട്ടികള്‍ പേറിക്കാട്ടില്‍, മേട്ടിലും അലയുമ്പോള്‍
പറിച്ചുകൂട്ടും പൂവും മൊട്ടെഴും ശിഖരവും
നിറച്ചും കൂടയ്‌ക്കുള്ളില്‍-ആഹ്ലാദം അകക്കാമ്പില്‍
അത്തം, ചിത്തിര-രണ്ടീദിവസങ്ങളില്‍ തീര്‍ത്തും
പച്ചയും, വെള്ളപ്പൂവും, തുമ്പ തൃത്താവും വയ്‌ക്കും
ചോതിനാള്‍ മുതല്‍ പൂക്കള്‍നിറമുള്ളതായ്‌ക്കാണാം
ഏതിനം പൂവും ഓണപ്പൂക്കളം തീര്‍ക്കാന്‍ വയ്‌ക്കാം
മാവേലിനാടിന്‍ ഓര്‍മപുതുക്കാന്‍ നാട്ടാരെല്ലാം
മേവുന്നൂ-ഓണക്കാലത്തൊന്നുപോല്‍-മഹീതലേ
സര്‍വ്വരും മഹാബലിമന്നന്റെ സ്മരണയില്‍
ഗര്‍വ്വൊഴിഞ്ഞൈക്യത്തോടെ-ഓണമാഘോഷിക്കുന്നു
കര്‍ഷകന്‍, കലാകാരന്‍, വാണിഭക്കാരന്‍, പാത്ര-
സൃഷ്ടികള്‍ നടത്തുന്നോര്‍, കുട്ട, വട്ടികള്‍ തീര്‍പ്പോര്‍
കാലിയെ സംരക്ഷിച്ചു പാല്‍ വില്‍പ്പോര്‍- വസിപ്പാനായ്-
ആലയും തീര്‍പ്പോര്‍ ശൗചാലയങ്ങള്‍ നന്നാക്കുന്നോര്‍
കുട കെട്ടുന്നോര്‍, ശീലക്കുടകള്‍ നന്നാക്കുന്നോര്‍
കുടികള്‍ തോറും കത്തി വില്‍പ്പന നടത്തുന്നോര്‍
വസ്ത്രവ്യാപാരം ചെയ്‌വോര്‍, പലവ്യഞ്ജനം വില്‍പ്പോര്‍
സുസ്ഥിര വരുമാനം നേടുന്ന ജോലിക്കാരും
മദ്യശാലകള്‍, വൈദ്യശാലകള്‍ നടത്തിപ്പോര്‍
സദ്യശാലകള്‍ നല്ല നിലയില്‍ നടത്തുന്നോര്‍
സര്‍വ്വരും മഹാബലിമന്നന്റെ വരവിനെ
ഉര്‍വ്വരഭാവത്തോടെ വരവേല്‍ക്കാനായ് നില്‍പ്പൂ
അത്തംനാള്‍ മുതല്‍ പത്തുനാളിലും ആഘോഷത്തില്‍
മത്തടിച്ചവര്‍-കലാ-കായികാഘോഷം തീര്‍ക്കെ
തുമ്പി തുള്ളുന്നു-ചിലര്‍ കുമ്മാട്ടി കളിയ്‌ക്കുന്നു
കമ്പടികളിയുണ്ടാഘോഷമായ് നാട്ടില്‍ നീളേ!
പന്തടിക്കുന്നോര്‍, പുലികളിക്കാര്‍-നിരത്താകെ
സ്വന്തമാക്കിയ-നാടിന്‍ ആഘോഷക്കൂട്ടക്കാരും
സദ്യതീര്‍ക്കുവാന്‍, കോടി ഉടുക്കാന്‍ ഒരു നവ-
വത്സരാഘോഷം പോലെ ഓണത്തെകൊണ്ടാടുന്നോര്‍
വഞ്ചിപ്പാട്ടീണം ചേര്‍ത്തു മത്സരിച്ചെത്തും-കളി
വഞ്ചികള്‍ ആറിന്‍ മാറില്‍ അലമാലകള്‍ തീര്‍ക്കെ
വള്ളസദ്യയും വച്ചു കാത്തിരിക്കുമീ നാട്ടിന്‍
ഉള്ള സംസ്‌കാരം മറുനാട്ടിലും പ്രചരിപ്പൂ
ഓണനാളെത്തിച്ചേരും മാവേലിക്കിരുന്നീടാന്‍
വേണമമ്പലം ”തുമ്പക്കുടത്താല്‍” പീഠം വെച്ചു
പൂവടനിവേദിച്ചും, പൂക്കുടമറവെച്ചും
ആര്‍പ്പിട്ടു, കോലംവര-ച്ചാഘോഷം പൊടിപൂരം
പുത്തരിച്ചോറും, ഓലന്‍-അവിയല്‍-എരുശേരി
ഒത്തിരി രസമുള്ള രസവും നാരങ്ങയും
മാങ്ങയു-മിഞ്ചിക്കറി ഉള്ളിത്തീയലും നെയ്യും
പരിപ്പും വറകളും പപ്പടം വറുത്തതും
സാമ്പാറ് ബഹുകേമം, മുന്‍പെങ്ങും കാണാത്തപോല്‍
വീമ്പല്ല, -രുചിച്ചാലേ ബോധ്യമായിടൂ ”സത്യം”
പച്ചക്കറിയുണ്ട്, കിച്ചടിക്കറിയുണ്ട്.
ഉച്ചയൂണല്ലോ ഓണസദ്യയ്‌ക്ക് വിശേഷമായ്-
പാലടപ്രഥമനും പായസം ഗോതമ്പിനാല്‍
ചേലെഴും പൂവന്‍പഴം-സദ്യയുണ്ടൊരുങ്ങുന്നു
മോരുണ്ട്, പുളിശ്ശേരി – ”മാമ്പഴം”കൊണ്ടുണ്ടാക്കി
ചേരുവയെല്ലാം ഇലയിട്ടുണ്ണാന്‍ നോക്കാം
മാവേലിക്കാദ്യം സദ്യവിളമ്പി-യഥാവിധി
പീഠവും വച്ചു നിലവിളക്കും തെളിയിച്ചു
പൂര്‍വ്വീകര്‍ക്കോണസദ്യ വിളമ്പി-സ്മരണയോ-
ടാമയം നീക്കാന്‍ മനസ്സുരുകി നിരൂപിച്ചു
അന്യദേശത്തും നിന്ന് ജോലിയിളവേറ്റു
വന്നവര്‍-കുടുംബത്തില്‍ താവഴി കിടാങ്ങളും
വന്നചേര്‍ന്നോണം കൂടും വേളയില്‍-ഓണക്കോടി
അമ്മയാണെല്ലാവര്‍ക്കും നല്‍കുന്നിതത് പുണ്യം
വര്‍ഷത്തിലൊരിക്കലീ ഒത്തുചേരലിന്നായി
സൃഷ്ടിച്ചൊരോണാഘോഷം-പൂര്‍വ്വീകവരദാനം
കര്‍ഷകമാനം നിറഞ്ഞീടുമീ ഓണക്കാല-
ത്തൈശ്വര്യം നിറഞ്ഞതായ്‌ത്തീരട്ടെ-മഹീതലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക