തിരുവനന്തപുരം: നാളെ ഉത്രാടമാകുമ്പോഴും ഓണക്കിറ്റ് കിട്ടാനുള്ളത് നിരവധി പേര്‍ക്ക്. മില്‍മ പായസം മിക്സും കറിപ്പൊടികളും കിട്ടാനില്ല. ഇതോടെ കിറ്റ് തയ്യാറാക്കല്‍ പ്രതിസന്ധിയിലായി. കണക്കു പ്രകാരം വിതരണം ചെയ്തത് അര ലക്ഷത്തോളം കിറ്റുകള്‍ മാത്രം.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സൗജന്യ എഎവൈ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്കുമായി 6,07,691 കിറ്റുകളാണ് വിതരണം ചെയ്യേണ്ടത്. സേമിയ പായസം മിക്സ് മില്‍മയാണ് നല്‍കേണ്ടിയിരുന്നത്. ഇത് പലയിടത്തും ലഭ്യമായില്ല.
സാമ്പാര്‍പൊടി, മുളകു പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവയ്ക്കും ലഭ്യതക്കുറവുണ്ടായി. ഇതോടെ ഭൂരിഭാഗം സ്ഥലങ്ങളിലും കിറ്റ് ലഭിക്കാതെ വന്നു. ഗുണഭോക്താക്കള്‍ റേഷന്‍ കടകളിലെത്തി ബഹളംവച്ച് മടങ്ങുകയാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് മന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തില്‍ ഇന്നലെ ഉച്ചയോടെ കിറ്റുകള്‍ റേഷന്‍ കടകളിലെത്തിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മൂന്ന് ലക്ഷത്തോളം കിറ്റുകളുടെ പാക്കിങ് ഉടന്‍ പൂര്‍ത്തിയാകില്ല. ഓണക്കിറ്റ് വിതരണത്തില്‍ മൂന്നാം ദിനവും പ്രതിസന്ധി തുടര്‍ന്നതോടെ മില്‍മ പായസം മിക്സ് എത്തിക്കാത്ത ഇടങ്ങളില്‍ മറ്റ് കമ്പനികളുടെ പായസം മിക്സ് വാങ്ങാന്‍ നിര്‍ദേശിച്ചു.
മില്‍മയുടെ വിലയ്ക്ക് സമമോ അല്ലെങ്കില്‍ വലിയ വ്യത്യാസം വരാത്ത തരത്തിലുള്ളതോ ആയ പായസം മിക്സ് വാങ്ങാനാണ് അനുമതി. കറിപ്പൊടികള്‍ കിട്ടാത്ത സ്ഥലങ്ങളിലും മറ്റു കമ്പനികളുടേത് വാങ്ങണം.
തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ കിറ്റുകള്‍ നല്‍കിയത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കൊല്ലം ജില്ലകളില്‍ അയ്യായിരത്തിനടുത്ത് കിറ്റുകള്‍ വിതരണം ചെയ്തു. മറ്റന്നാളോടെ മാത്രമേ മുഴുവന്‍ കിറ്റുകളും വിതരണം ചെയ്യാനാകൂ എന്നാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അറിയിക്കുന്നത്. അതിനും കൃത്യമായ ഉറപ്പില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഇ-പോസ് മെഷിന് തകരാറായി എന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: