ഓണം നാലാം നാള്‍ വെള്ളിയാഴ്‌ച്ച ഉച്ചതിരിഞ്ഞാല്‍ പുലിക്കൂട്ടങ്ങള്‍ പാഞ്ഞെത്തി സംസ്ഥാനത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തെ കിടിലം കൊള്ളിക്കും!
കാട്ടിലുള്ളതിനേക്കാള്‍ കൂടുതല്‍ ഇനം പുലികളുണ്ടാകും ഓരോ കൂട്ടത്തിലും. കടുവപ്പുലി, പുള്ളിപ്പുലി, വരയന്‍പുലി, ചീറ്റപ്പുലി, കരിമ്പുലി, മഞ്ഞപ്പുലി, ഹിമപ്പുലി മുതല്‍ ഇവയുടെയെല്ലാം കുട്ടികളും കൊച്ചു കുഞ്ഞുങ്ങളും വരെ പൂരനഗരിയില്‍ നൃത്തമാടും. എല്‍.ഇ.ഡി പുലികളും, മിന്നിത്തിളങ്ങുന്ന ഫ്‌ലൂറസന്റ് പുലികളും, മേലാസകലം അഗ്‌നിജ്വാലകള്‍ ഉയര്‍ത്തി തലകീഴായ് മറിഞ്ഞു മുന്നോട്ടു നീങ്ങുന്ന ‘സര്‍ക്കസ്’ പുലികളും രാജ്യത്തെ കാടുകളില്‍ മാത്രമല്ല, ഇടതൂര്‍ന്നു വളരുന്ന ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ പോലും കണ്ടെന്നുവരില്ല!
ഇക്കൊല്ലം അഞ്ചു പുലി സംഘങ്ങളാണ് ശക്തന്‍ തമ്പുരാന്റെ രാജവീഥികളില്‍ തിമിര്‍ത്താടുക. അരമണി കിലുക്കി, ഗര്‍ജ്ജനം മുഴക്കി ചീറിയെത്താന്‍ പുലിക്കൂട്ടങ്ങളെ സജ്ജമാക്കുന്ന തിരക്കിലാണ് അഞ്ചു പുലിമടകളും. വിയ്യൂര്‍ സെന്റര്‍, സീതാറാം മില്‍, കാനാട്ടുകര ദേശം, അയ്യന്തോള്‍, ശക്തന്‍ പുലിക്കളി എന്നിവയാണ് സംഘങ്ങള്‍. പതിനൊന്നു വര്‍ഷത്തിനു ശേഷം സീതാറാം മില്‍ മടയില്‍ നിന്നു പുലികളെത്തുന്നുവെന്നത് ഇതിനകം തന്നെ പൂരനഗരിയില്‍ ആവേശമുണര്‍ത്തിയിട്ടുണ്ട്.
”ഒരൊറ്റ ദിവസത്തെ പരിപാടിയാണ് പുലിക്കളിയെങ്കിലും, അതിനു പുറകില്‍ ഒട്ടേറെ കലാകാരന്മാരുടെയും സംഘാടകരുടെയും നാലഞ്ചുമാസത്തെ കഠിനാദ്ധ്വാനമുണ്ട്. ഇത്രയും കാലത്തെ വരുമാന മാര്‍ഗവുമാണ് അത് പലര്‍ക്കും.” നായ്‌ക്കനാല്‍ പുലിക്കളി സമാജം പ്രസിഡന്റും, വടക്കുംനാഥന്‍ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറിയുമായ ടി. ആര്‍. ഹരിഹരന്‍ പറയുന്നു.
തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പുലിമടകള്‍ക്കു നല്‍കിവരുന്ന ധനസഹായം ഇക്കൊല്ലം 25 ശതമാനം വര്‍ദ്ധിപ്പിച്ചതാണ് പുലിക്കളി സംഘാടകര്‍ക്കിടയിലെ സന്തോഷ വാര്‍ത്ത.
”രണ്ടു ലക്ഷത്തില്‍ നിന്നു രണ്ടര ലക്ഷമായി ധനസഹായം ഉയര്‍ത്തിയത് കോര്‍പ്പറേഷന്റെ ഭാഗത്തു നിന്നുള്ള പ്രചോദനകരമായ നടപടിയാണ്. ഒരു മടയില്‍ നിന്നു പുലികളെ അണിയിച്ചൊരുക്കി റൗണ്ടിലെത്തിക്കാന്‍ വരുന്ന വന്‍ പണച്ചിലവിലേക്ക് ഈ വര്‍ദ്ധനവ് വലിയൊരു പിന്‍തുണയാവും” ഹരിഹരന്‍ വ്യക്തമാക്കുന്നു.
സഹായധന വര്‍ദ്ധനവിനോടൊപ്പം ഹരിത കേരളം പ്രമേയമാക്കിക്കൊണ്ടുള്ള ഒരു ടാബ്ലോ നി
ര്‍ബന്ധമാക്കിയിട്ടുണ്ടെന്നും, പരിസ്ഥിതി സൗഹൃദ ടാബ്ലോ പ്രദര്‍ശിപ്പിക്കാത്ത ടീമുകളെ കോര്‍പറേഷന്‍ അധികൃതര്‍ സമ്മാനങ്ങള്‍ക്കു പരിഗണിക്കുകയില്ലെന്നും ഹരിഹരന്‍ എടുത്തു പറയുന്നു.
”എല്ലാം നടക്കുന്നത് നഗരസഭയുടെ മേല്‍നോട്ടത്തിലാണ്. പുലിക്കൊട്ട് അതിന്റേതായ ശ്രുതിയില്‍ തന്നെ ആയിരിക്കണമെന്നും, പഞ്ചാരിയിലേക്കോ, ശിങ്കാരിയിലേക്കോ വഴുതി വീഴരുതെന്നും വരെയുള്ള സൂക്ഷ്മമായ കാര്യങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളുണ്ട്” ഹരിഹരന്‍ പറയുന്നു. ദീര്‍ഘകാലം മികച്ച പുലി സംഘങ്ങളെ റൗണ്ടിലേക്ക് അയച്ചുകൊണ്ടിരുന്ന നായ്‌ക്കനാല്‍ ട്രൂപ്പിന്റെ പരിചയ സമ്പന്നനായ സാരഥിയാണ് ഹരിഹരന്‍.
അമ്പത്തൊന്നു പുലികളും അത്ര തന്നെ പുലിക്കൊട്ടുകാരും തുറന്ന ട്രക്കുകളില്‍ ചുരുങ്ങിയത് ഒരു വന്‍ ടാബ്ലോയും പിന്‍തുണയ്‌ക്കും സേവനങ്ങള്‍ക്കുമായി 35 സംഘാടകരുമാണ് സ്വരാജ് റൗണ്ടിലെത്തുന്ന ഒരു ട്രൂപ്പിലെ മുന്നണിക്കാര്‍. അമ്മിക്കല്ലുകളില്‍ ചായം അരച്ചുണ്ടാക്കുന്നവരും മെയ്യെഴുത്ത് കലാകാരന്മാരുമുള്‍പ്പെടെ പത്തറുപതു പേര്‍ അണിയറയിലും അത്യാവശ്യമാണ്.
പുലി വേഷമിടുന്ന ഒരു കലാകാരനു വേണ്ട പ്രഥമ യോഗ്യത തടിയും കുടവയറുമാണ്. ബൃഹത്തായ ഉദരപ്പുറത്താണ് മേന്‍മയേറിയ വരകള്‍ അരങ്ങേറുന്നത്. അയാള്‍ക്ക് ലഭിക്കുന്ന പ്രതിഫലം കര്‍ശനമായും വയര്‍ മുഴുപ്പിന് ആനുപാതികവുമാണ്. മുഖാവരണം റെഡി-മേഡ് മാസ്‌ക് മാത്രമായതിനാല്‍ അതത്ര തലപുകയുന്ന കാര്യമേയല്ല. എന്നാല്‍ മെയ്യെഴുത്തു കലയുടെ ഏറ്റവും മുന്തിയ മാതൃകയായി കരുതപ്പെടുന്നത് വയറ്റത്ത് വരച്ചുണ്ടാക്കുന്ന പുലിത്തലയാണ്. അതാണ് തൃശ്ശൂര്‍ പുലിയുടെ വാഴ്‌ത്തപ്പെട്ട മുഖം!
”ഇരയെ കടിച്ചു കീറാനുള്ള നീണ്ടു കൂര്‍ത്ത പല്ലുകളും, പുറത്തേക്ക് ഞാണ്ടു കിടക്കുന്ന ചോരച്ച നാക്കും, മിന്നിത്തിളങ്ങുന്ന കണ്ണുകളും പ്രൗഢമായ നാസികയും, ശൗര്യത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന മീശരോമങ്ങളും ഉള്‍പ്പെടുന്ന വ്യാഘ്രമുഖം ചേലോടെ രചിക്കാന്‍ വേണ്ടത്ര ഇടം വയറിന്മേല്‍ വേണം” പുലിവരയുടെ സൗന്ദര്യശാസ്ത്രമറിയുന്ന ജോസ് കാച്ചപ്പള്ളി സ്പഷ്ടമാക്കുന്നു.
മുപ്പത്തഞ്ച് കൊല്ലമായി മെയ്യെഴുത്തില്‍ വ്യാപൃതനായിരിക്കുന്ന ജോസ് കാച്ചപ്പള്ളിയാണ് പൂരനഗരിയിലെ പേരെടുത്ത പുലിവര കലാകാരന്‍. ”പുള്ളിപ്പുലിയെ വരക്കുമ്പോള്‍ പിന്‍ഭാഗത്തു നിന്നു വലിയ പുള്ളിയില്‍ തുടങ്ങി വയറിലെത്തുമ്പോള്‍ അവ ചെറുതായി വരുന്നു. വരയന്‍ പുലിക്ക് ആറു തരം വരകള്‍ വേണം. പട്ട വര മുതല്‍ സീബ്രാ ലൈന്‍ വരെ. ടെമ്പെറാ പൗഡര്‍ അരച്ചുണ്ടാക്കുന്ന ചായക്കൂട്ടിന്റെ നിലവാരം അനുസരിച്ചാണ് പുലി വര്‍ണ്ണങ്ങള്‍ക്കു ടോണ്‍ ലഭിക്കുന്നത്” ജോസ് വിശദീകരിക്കുന്നു.
അത്ര ദൂരെയല്ലാത്ത കാലത്ത് പതിനെട്ടു മടകളില്‍ നിന്നുവരെ പുലിക്കൂട്ടങ്ങള്‍ ഇറങ്ങിയിരുന്നെങ്കിലും, 2019 എത്തുമ്പോഴേക്കും അത് എട്ടു ട്രൂപ്പുകളായി ചുരുങ്ങി. കഴിഞ്ഞ വര്‍ഷമത് അഞ്ചെണ്ണമായി വീണ്ടും താഴ്ന്നു. 2019-നു ശേഷം മഹാമാരി മൂലം പുലിക്കളിയില്ലാതെ രണ്ട് ഓണാഘോഷങ്ങള്‍ കടന്നുപോയി. അതിനുമുന്നെ പ്രളയം കേരളത്തെ ഇരുട്ടിലാക്കിയ 2018-ലും പുലികള്‍ എത്തിയില്ല.
”പുലിസംഘങ്ങളുടെ എണ്ണം ക്രമേണ കുറഞ്ഞുകൊണ്ടിരിക്കുന്നതിനു കാരണം സാമ്പത്തിക ഞെരുക്കം തന്നെ. ഒരു പുലിക്കൂട്ടത്തെ ഇറക്കാന്‍ ചുരുങ്ങിയത് 15 ലക്ഷം രൂപ ചെലവുണ്ട്. കേരള ടൂറിസം വാരാഘോഷത്തിന്റെ സമാപനമാണ് തൃശ്ശൂരിലെ പുലിക്കളി. എന്നാല്‍, കെടിഡിസിയില്‍ നിന്ന് പൊള്ളയായ വാഗ്ദാനങ്ങളല്ലാതെ കാശൊന്നും കിട്ടാറില്ല. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ തരുന്നതാണ് ആകെയുള്ള ധനസഹായം. ബാക്കി തുക ഞങ്ങള്‍ ഭാരവാഹികള്‍ പിരിച്ചുണ്ടാക്കണം.” വേതനം കൂടുതല്‍ കൊടുക്കേണ്ട വയറന്‍ പുലികളെ മാത്രമിറക്കാറുള്ള കോട്ടപ്പുറം മടയുടെ സംഘാടകന്‍, പി. ഹരി വ്യാകുലപ്പെടുന്നു.
കോട്ടപ്പുറം പുലിസംഘമാണ് കഴിഞ്ഞ പല വര്‍ഷങ്ങളിലും പുരസ്‌കാരങ്ങള്‍ തൂത്തുവാരിയത്. മികച്ച പുലിനൃത്തം, പുലിവേഷം, പുലിക്കൊട്ട്, മെയ്യെഴുത്ത്, നിശ്ചലദൃശ്യം, പുലിച്ചമയ പ്രദര്‍ശനം, അച്ചടക്കം മുതലായവയ്‌ക്കാണ് കാഷ് പ്രൈസുകളുള്ളത്. അച്ചടക്കം വിലയിരുത്തുന്നത് കേരള പോലീസും, ബാക്കിയുള്ളവയുടെ മൂല്യനിര്‍ണയം ലളിതകലാ അക്കാദമിയില്‍ നിന്നെത്തുന്ന മുതിര്‍ന്ന കലാകാരന്മാരുമാണ് നിര്‍വഹിക്കുന്നത്.
”പുലിക്കളിക്ക് ടീമിനെ അയച്ച വര്‍ഷങ്ങളില്‍ വലിയ സാമ്പത്തിക ബാധ്യതയാണ് സമിതിക്ക് ഏറ്റെടുക്കേണ്ടിവന്നത്. പ്രളയത്തെത്തുടര്‍ന്ന് കച്ചവട മേഖല നേര്‍ത്തുപോയത് ഇതുവരെ ശക്തി പ്രാപിച്ചില്ല. അതിനാല്‍ വ്യാപാരികളില്‍ നിന്നു പ്രതീക്ഷിച്ചത്ര സംഭാവനകള്‍ ലഭിക്കുന്നില്ല. ഇക്കുറി ഞങ്ങള്‍ പുലിക്കൂട്ടവുമായി റൗണ്ടിലേക്കില്ല” ഹരിയുടെ വാക്കുകളില്‍ വിഷാദം.
”പ്രളയാനന്തരം കൊറോണയുമെത്തി. വ്യാപാര മേഖല ആകെ തകര്‍ന്നിരിക്കുകയാണ്. ആരില്‍നിന്നും കാര്യമായ സംഭാവനയൊന്നും ലഭിക്കാനിടയില്ല. സര്‍ക്കാര്‍തല ഇടപെടലുകളും ധനസഹായവും ഇല്ലങ്കില്‍, പുലിക്കളി നിലനിന്നുപോകാനിടയില്ല.” 2008-മുതല്‍ വിയ്യൂര്‍ സെന്ററിന്റെ ചുക്കാന്‍ പിടിയ്‌ക്കുന്ന ടി. എസ്. സുമേഷ് അസന്ദിഗ്‌ദ്ധമായി പറയുന്നു.
”ഒട്ടനവധി നവീന ആശയങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവന്ന വിയ്യൂര്‍ സംഘം നിലനിന്നേ മതിയാകൂവെന്ന് പ്രശസ്ത നിശ്ചലദൃശ്യ ചിത്രകാരന്‍ പ്രസാദ് തോട്ടപ്പാട്ട് കൂട്ടിച്ചേര്‍ക്കുന്നു. 2016-ല്‍ പ്രഥമ പെണ്‍പുലി ത്രയത്തെ അണിയിച്ചൊരുക്കിയ പ്രസാദ് മാഷ്, ഒരു മുന്‍ പുലിയും കഴിഞ്ഞ മൂന്നു ദശാബ്ദം പുലിക്കളി കലാമേഖലയിലെ പൊതു സംഘാടകനായി പ്രവര്‍ത്തിക്കുന്ന കലാകാരനുമാണ്.
”2019-ലാണ് പുരസ്‌കാരങ്ങള്‍ ഒരുമിച്ചെത്തിയത്. വ്യത്യസ്ത മടകള്‍ക്കായി ഒമ്പത് അര്‍ത്ഥ സമ്പുഷ്ടമായ ടാബ്ലോകള്‍ ചെയ്തതില്‍, ആറെണ്ണം മികച്ച നിശ്ചലദൃശ്യത്തിനുള്ള പുരസ്‌കാരങ്ങള്‍ നേടി.” പ്രസാദ് മാഷുടെ ശബ്ദത്തില്‍ തികഞ്ഞ സംതൃപ്തി. ഇക്കുറിയും അഞ്ചാറു ടാബ്ലോകള്‍ പണിപ്പുരയിലുണ്ടെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു.
എഴുപത് വര്‍ഷം മുന്നെ, തോട്ടുങ്ങല്‍ രാമന്‍കുട്ടി ചിട്ടപ്പെടുത്തിയതാണ് പുലിമേളം. വീക്ക് ചെണ്ടയും, ഉരുട്ട് ചെണ്ടയും, ഇലത്താളവും സൃഷ്ടിക്കുന്ന മാസ്മരികമായ താളപ്പൊരുത്തമാണ് പുലിക്കൊട്ട്. ‘മറ്റൊരു മേളത്തിനോടും ഇതിന് സാമ്യമില്ല. തൃശ്ശൂരല്ലാതെ മറ്റൊരിടത്തും ഈ കൊട്ട് പ്രചാരത്തില്‍ ഇല്ലതാനും.” രാമന്‍കുട്ടിയുടെ മകനും പ്രശസ്ത പുലിക്കൊട്ട് ആശാനുമായ എഴുപത്തിരണ്ടുകാരന്‍ പൊന്നന്‍ പങ്കിടുന്നു.
എന്‍. എസ്. രാജനും മക്കള്‍ ശ്രീജിത്തും ശ്രീക്കുട്ടനും അവരുടെ മുപ്പതംഗ കൂട്ടുകുടുംബവുമാണ് അമ്പതു വര്‍ഷമായി പല മടകളിലേക്കും പുലിമുഖങ്ങള്‍ (Tiger Masks) നിര്‍മ്മിച്ചുകൊടുക്കുന്നത്. ”കടലാസില്‍ പശ പുരട്ടി മുഖരൂപമുണ്ടാക്കി, അതിന്മേല്‍ ചൂരല്‍ കഷ്ണംകൊണ്ട് പല്ലും, സൈക്കിള്‍ ട്യൂബ് മുറിച്ച് നാവും, ഫര്‍ ഉപയോഗിച്ച് താടിയും ഒട്ടിച്ചെടുത്ത്, അനുയോജ്യമായ പെയ്ന്റ് അടിച്ചാണ് ഞങ്ങള്‍ മികച്ചയിനം പുലിമുഖങ്ങള്‍ ഉണ്ടാക്കുന്നത്.” അച്ഛനും മക്കളും നിര്‍മ്മാണ രീതി വിവരിക്കുന്നു.
”പ്രളയവും കൊറോണയും മൂന്ന് അവതരണങ്ങള്‍ തടഞ്ഞു. പക്ഷേ, പുലിക്കളിയും പൂരവും ഞങ്ങളുടെ ചോരയിലാണ് അതിജീവിക്കുന്നത്. അതത് മടകളില്‍, ഞങ്ങളുടെ പുലികള്‍ ഭദ്രമായിത്തന്നെ നിലകൊള്ളും. ഈ ഓണത്തിന് പൂര്‍വാധികം വീറോടെ അവ പുറത്തിറങ്ങും. ശക്തന്റെ തട്ടകത്തിലെ പുലികള്‍ക്ക് വംശനാശമില്ല.” റൗണ്ട് സൗത്തിലെ പുസ്തക വ്യാപാരി ജോണ്‍സണ്‍ തട്ടില്‍തെക്കുമ്പത്ത് ഉറപ്പിച്ചു പറയുന്നു!
പ്രതികരിക്കാൻ ഇവിടെ എഴുതുക: