ഏറെ കോളിളക്കം സൃഷ്ടിച്ച തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സഹകരണ ബാങ്കിലെ 300 കോടി രൂപയുടെ വെട്ടിപ്പ് കേസ് തണുത്തു എന്നു കരുതിയിരിക്കുകയായിരുന്നു, തട്ടിപ്പിനു നേതൃത്വം നല്കിയ സിപിഎം പാര്‍ട്ടി നേതാക്കള്‍. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.സി.മൊയ്തീന് എംഎല്‍എയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തിയത് സിപിഎമ്മിനെ ഞെട്ടിച്ചു. ബാങ്കിലെ കോടികളുടെ ബിനാമി ഇടപാടുകള്‍ക്ക് പിന്നില്‍ മൊയ്തീനാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മനസ്സിലാക്കിയതിനെ തുടര്‍ന്നായിരുന്നു നടപടി. നേരത്തെ ചോദ്യം ചെയ്ത പ്രതികളുടെ മൊഴിയില്‍നിന്നാണു മൊയ്തീന്റെ പങ്കിനെക്കുറിച്ച് ഇഡിക്കു സൂചന ലഭിച്ചത്. 25 കോടി രൂപയുടെ വായ്പ ലഭിച്ച നാലു പേര് മൊയ്തീന്റെ ബിനാമികളാണെന്ന് ഇഡിക്ക് ആദ്യ ഘട്ടത്തില്‍ തന്നെ വിവരം ലഭിച്ചിരുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ലഭിച്ചതോടെയാണു റെയ്ഡിലേക്ക് എത്തിയത്. പാവപ്പെട്ടവരുടെ ഭൂമി അവരറിയാതെ പണയപ്പെടുത്തി മറ്റുള്ളവര്‍ക്ക് വായ്പ നല്കി. മൊയ്തീന് ഉള്‍പ്പെടെയുളള സിപിഎം നേതാക്കളുടെ ഒത്താശയോടെയായിരുന്നു ഇത്.ക്രമക്കേടുകള്‍ക്കായി കരുവന്നൂര്‍ ബാങ്കില്‍ രണ്ട് രജിസ്റ്ററുകള്‍ ഉണ്ടായിരുന്നതായും ഇഡി കണ്ടെത്തി. തട്ടിപ്പുമായി ബന്ധപ്പെട്ട് 36 വസ്തുവകകള്‍ ഇതുവരെ കണ്ടുകെട്ടി. 5 കോടി രൂപയുടെ മൂല്യമാണ് ഇതിനു കണക്കാക്കുന്നത്. എ.സി.മൊയ്തീന്റെ 28 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം മരവിപ്പിക്കുകയും ചെയ്തു. നോട്ട് നിരോധന കാലത്ത് കരുവന്നൂര്‍ ബാങ്കില്‍നിന്ന് വന്‍ തുക മാറിയെടുത്തതും ഇഡി പരിശോധിക്കുന്നുണ്ട്.
തട്ടിപ്പില്‍ മൊയ്തീനു പങ്കുണ്ടെന്നു തുടക്കം മുതലേ ആരോപണമുണ്ടായിരുന്നു. തട്ടിപ്പു നടക്കുന്നുവെന്നു പാര്‍ട്ടിയംഗമായ ബാങ്ക് മുന്‍ ജീവനക്കാരന് നല്കിയ പരാതി ലഭിച്ചത് മൊയ്തീന്റെ കയ്യിലാണ്. അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച കമ്മിറ്റി നല്കിയ റിപ്പോര്‍ട്ട് ഏറെക്കാലം പാര്‍ട്ടി ജില്ലാ നേതൃത്വം പരിഗണിച്ചതേയില്ല. സംസ്ഥാന ഘടകത്തെ അറിയിച്ചതുമില്ല. ഗുരുതരമായ ആരോപണമുണ്ടായിട്ടും പരാതി നല്കിയ പാര്‍ട്ടിയംഗത്തെ വിളിച്ചു വിവരങ്ങള്‍ ചോദിച്ചുമില്ല. പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മൊയ്തീനെതിരെ എന്തെങ്കിലും പറയാന്‍ ജില്ലാ കമ്മിറ്റിയിലെ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല.
കരുവന്നൂര്‍ ബാങ്കിന്റെ ഭരണസമിതിക്ക് നേതൃത്വം നല്‍കുന്നത് സിപിഎമ്മാണ്. സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുള്ളത് പാര്‍ട്ടി നേതാക്കളുടെ അറിവോടും സമ്മതത്തോടെയുമാണെന്ന് വ്യക്തമാക്കുന്ന നിരവധി വാര്‍ത്തകള്‍ പുറത്തുവരികയുണ്ടായി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സിപിഎം നേതാക്കളും സഹകരണ വകുപ്പും ആവര്‍ത്തിച്ച് ഉറപ്പു നല്‍കിയെങ്കിലും അതൊക്കെ വെറുംവാക്കായി. പാര്‍ട്ടിയുടെ ഭാഗമായി നിന്ന് സാമ്പത്തിക തട്ടിപ്പു നടത്തുന്നവരെ എന്തുവില കൊടുത്തും സംരക്ഷിക്കുകയെന്നതാണ് സിപിഎമ്മിന്റെ നയം. പാര്‍ട്ടിയും ഇത്തരം തട്ടിപ്പുകളുടെ ഗുണഭോക്താവാകുന്നതാണ് ഇതിനു കാരണം. കരുവന്നൂരിലേത് ഒറ്റപ്പെട്ട സംഭവമല്ല. സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകള്‍ പലതും പണം തിരിമറികളുടെ കേന്ദ്രങ്ങളാണ്. നോട്ട് നിരോധന കാലത്ത് ജനങ്ങള്‍ അത് കാണുകയും ചെയ്തു. പാര്‍ട്ടി നേതാക്കളുടെ അഴിമതിപ്പണം സൂക്ഷിക്കാനും, കള്ളപ്പണം വെളുപ്പിക്കാനുമുള്ള സുരക്ഷിത ഇടമായും സഹകരണ ബാങ്കുകളെ കൊണ്ടുനടക്കുന്നു. പണം തട്ടിപ്പിന് സഹായമാവുന്ന വിധത്തില്‍ ഒരേ ഭരണസമിതിയെ തന്നെ നിലനിര്‍ത്തുന്നു. ഒരുതരത്തിലുള്ള പരിശോധനയും അനുവദിക്കില്ല. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം പോലും അവഗണിക്കും. സാമ്പത്തികത്തട്ടിപ്പിന്റെ സഹകരണ മാതൃകയാണിത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇഡി ശക്തമായ നടപടികളുമായി നീങ്ങുന്നത് എന്നുവേണം കരുതാന്‍. സിപിഎമ്മിന്റെ നട്ടെല്ലും സാമ്പത്തിക സ്രോതസ്സും സഹകരണമേഖലയാണെന്നത് പച്ചപരമാര്‍ത്ഥമാണ്. കരുവന്നൂര്‍ സൂചികമാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: