മറയൂര്‍: ഓണക്കാലത്തോട് അനുബന്ധിച്ച് വിളവെടുത്ത ബീന്‍സ് കര്‍ഷകര്‍ക്ക് ആദ്യ ആഴ്‌ച്ചയിലെ ഉയര്‍ന്ന വിലക്ക് ശേഷം വന്‍ വില തകര്‍ച്ച. ശീതകാല പച്ചക്കറികളുടെ കേന്ദ്രമായ കാന്തല്ലൂരിലാണ് ഇത്തവണ കര്‍ഷകര്‍ക്ക് തിരിച്ചടിയായി വില വലിയ തോതില്‍ കുറഞ്ഞത്.
വ്യാപകമായി കൃഷി ഇറക്കിയതും മറ്റിടങ്ങളില്‍ നിന്ന് പച്ചക്കറി വലിയ തോതില്‍ എത്തിത്തുടങ്ങിയതുമാണ് വിലയിടിവിന് കാരണം കാന്തല്ലൂര്‍, കീഴാന്തൂര്‍ മേഖലകളില്‍ ഇത്തവണ ഏറ്റവും അധികം കൃഷി ചെയ്തിരിക്കുന്നത് ബീന്‍സിന്റെ വിവിധ ഇനങ്ങളായ മുരിങ്ങ ബീന്‍സ്, സോയ ബീന്‍സ്, ബട്ടര്‍ ബീന്‍സ് തുടങ്ങിയവയാണ്.
ക്യാരറ്റ്, കാബേജ്, കോളി ഫഌവര്‍ പോലുള്ള വിളകള്‍ പൊതുവെ വളരെ കുറവാണ് ലേല കന്ദ്രങ്ങളില്‍ എത്തിച്ചേരുന്നത്. ആദ്യ ആഴ്‌ച്ച എത്തിയ ബീന്‍സിന് 60 മുതല്‍ 70 രൂപ വരെ ലഭിച്ചതിനാല്‍ കര്‍ഷകര്‍ വളരെ ആഹ്ലാദത്തില്‍ ആയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ലേലത്തില്‍ 20 രൂപയാണ് കര്‍ഷകര്‍ക്ക് ഉയര്‍ന്ന വിലയായി ലഭിച്ചത്. ഇതേ തുടര്‍ന്ന് കര്‍ഷകര്‍ ബീന്‍സ് ലേല വിപണിയില്‍ വില്‍ക്കാന്‍ തയ്യാറാകുന്നില്ല.
ശരാശരി 32 മുതല്‍ 37 രൂപ വരെ ലഭിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. കൊവിഡിനെ തുടര്‍ന്ന് കാന്തല്ലൂരിലെ പച്ചക്കറി ഉത്പാദനം വലിയ തോതില്‍ കുറഞ്ഞിരുന്നു. ഇതോടെ ലേല കേന്ദ്രത്തില്‍ എത്തുന്ന കച്ചവടക്കാരുടെ എണ്ണത്തിലും കുറവ് സംഭവിച്ചു.
പിന്നീട് കാര്‍ഷിക മേഖല സജീവമായെങ്കിലും വിപണ കേന്ദ്രം സജീവമായിട്ടില്ല. വാട്സാപ്പ് ഗ്രൂപ്പ് വഴി നേരിട്ട് വില വിവരം കാന്തല്ലൂരിലെ കര്‍ഷകര്‍ക്ക് നല്‍കി ഉത്പാദനം അറിഞ്ഞ് സംഭരണം നടത്തി വില്‍പ്പന നടത്താനുള്ള ശ്രമത്തിലാണ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍. കാന്തല്ലൂരില്‍ വ്യാപകമായി ബീന്‍സ് കൃഷി ചെയ്തതും വിലതകര്‍ച്ചക്ക് കാരണമായി. ഓണം അടുക്കുന്നതോടെ വില അല്‍പമെങ്കിലും ഉയരുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: