കോട്ടയം: ‘ഇത്തവണയും വോട്ട് ചെയ്യും. ഇതുവരെ വോട്ട് ചെയ്യാതിരുന്നിട്ടില്ല” 106 വയസുള്ള ശോശാമ്മ കുര്യാക്കോസ് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരിയോടു പറഞ്ഞു.
ഉപതെരഞ്ഞെടുപ്പു നടക്കുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഏറ്റവും പ്രായം കൂടിയ വോട്ടറായ ശോശാമ്മ കുര്യാക്കോസിനെ ആദരിക്കാനായി മീനടം പോസ്റ്റ് ഓഫീസ് ജങ്ഷനിലെ മാളിയേക്കല്‍ വീട്ടിലെത്തിയതായിരുന്നു കളക്ടര്‍. വോട്ട് ചെയ്യാന്‍ തുടങ്ങിയിട്ട് നാളിതുവരെ സമ്മതിദാനാവകാശം മുടക്കിയിട്ടില്ല ശോശാമ്മ.
അഞ്ചുതലമുറ പിന്നിട്ട മാളിയേക്കല്‍ കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ ശോശാമ്മ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു വരെ മീനടം എല്‍.പി. സ്കൂളിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു. വീടിനു തൊട്ടരികിലാണ് ബൂത്ത്. ശാരീരിക അവശതകളെത്തുടര്‍ന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വീട്ടിലിരുന്നുതന്നെ വോട്ടവകാശം രേഖപ്പെടുത്താവുന്ന 12ഡി പ്രകാരമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഇത്തവണയും അതുതന്നെയാണ് പ്രയോജനപ്പെടുത്തുക.
രാജ്യത്ത് വോട്ടിങ് സാക്ഷരത വര്‍ധിപ്പിക്കുന്നതിനും വോട്ടര്‍മാരെ ബോധവല്‍ക്കരിക്കുന്നതിനുള്ള തെരഞ്ഞെടുപ്പു കമ്മിഷന്റെ മുഖ്യപരിപാടിയായ സ്വീപ് പദ്ധതിയുടെ ഭാഗമായാണ് മണ്ഡലത്തിലെ ഏറ്റവും മുതിര്‍ന്ന വോട്ടറെ ആദരിക്കാനും അനുമോദിക്കാനും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വോട്ടറുടെ വീട്ടിലെത്തിയത്. 106 വയസുള്ള ശോശാമ്മയുടെ മാതൃക പുതുതലമുറയടക്കം കണ്ടുപഠിക്കേണ്ടതാണെന്നും എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
സ്വീപ് നോഡല്‍ ഓഫീസറായ പുഞ്ച സ്പെഷല്‍ ഓഫീസര്‍, എം. അമല്‍ മഹേശ്വര്, തെരഞ്ഞെടുപ്പ് മീഡിയ നോഡല്‍ ഓഫീസറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍കുമാര്‍, ഇലക്ഷന് ലിറ്ററസി ക്ലബ് ജില്ലാ കോഡിനേറ്റര്‍ ഡോ. വിപിന്‍ കെ. വര്‍ഗീസ്, ബി.എല്‍.ഒ. ഉല്ലാസ് കോയിപ്രം എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: