ന്യൂദല്‍ഹി: ദേശീയ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത 830 ന്യൂനപക്ഷ സ്ഥാപനങ്ങള്‍ വ്യാജമാണെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കണ്ടെത്തി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ 830 ന്യൂനപക്ഷ സ്ഥാപനങ്ങള്‍ അഞ്ചു വര്‍ഷം 144 കോടിയുടെ സ്കോളര്‍ഷിപ്പുകള്‍ വാങ്ങിയിരുന്നു. ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ രാജ്യവ്യാപകമായി വന്‍ തട്ടിപ്പാണ് നടന്നത്.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളെക്കുറിച്ചുള്ള നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ (എന്‍സിഎഇആര്‍) ഒരു വര്‍ഷം നീണ്ട അന്വേഷണത്തിലാണ് തട്ടിപ്പു പുറത്തായത്. കേസ് സിബിഐക്ക് കൈമാറിയതായി ന്യൂനപക്ഷ മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. 21 സംസ്ഥാനങ്ങളിലായി എന്‍സിഎഇആര്‍ അന്വേഷിച്ച 1572 സ്ഥാപനങ്ങളിലാണ് വ്യാജമോ പ്രവര്‍ത്തനരഹിതമോ ആയ 830 ന്യൂനപക്ഷ സ്ഥാപനങ്ങളുള്ളത്. എന്‍എസ്പിയില്‍ രജിസ്റ്റര്‍ ചെയ്ത 1.8 ലക്ഷം സ്ഥാപനങ്ങള്‍ രാജ്യത്തുള്ളതിനാല്‍ വ്യാജ സ്ഥാപനങ്ങള്‍ കൂടാമെന്നാണ് സൂചന.
കേരളത്തില്‍ സ്കോളര്‍ഷിപ്പ് ആനുകൂല്യത്തിനു രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണത്തെക്കാള്‍ സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തെന്നാണ് അന്വേഷണത്തില്‍ അറിഞ്ഞത്. മലപ്പുറത്ത് ഒരു ബാങ്കിന്റെ ശാഖയില്‍ നിന്നു മാത്രം 66,000 സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് അര്‍ഹതയുള്ള കുട്ടികളുടെ എണ്ണത്തെക്കാള്‍ കൂടുതലാണ്. ജമ്മു-കശ്മീരിലെ അനന്ത്നാഗില്‍ 5000 വിദ്യാര്‍ഥികളാണ് സ്കോളര്‍ഷിപ്പിന് അപേക്ഷിച്ചത്. എന്നാല്‍ 7000 സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു.
830 സ്ഥാപനങ്ങളില്‍ ഛത്തീസ്ഗഡില്‍ അറുപത്തിരണ്ടും രാജസ്ഥാനില്‍ തൊണ്ണൂറ്റൊന്‍പതും പ്രവര്‍ത്തനരഹിതമാണ്. ആസാമില്‍ 68, കര്‍ണാടകയില്‍ 64, ഉത്തരാഖണ്ഡില്‍ 60, ഉത്തര്‍പ്രദേശില്‍ 44, മധ്യപ്രദേശില്‍ 40, പശ്ചിമ ബംഗാളില്‍ 39 എന്നീ ശതമാനക്കണക്കില്‍ സ്ഥാപനങ്ങള്‍ വ്യാജമോ പ്രവര്‍ത്തനരഹിതമോ ആണ്.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകള്‍ 2016ല്‍ ഡിജിറ്റൈസ് ചെയ്ത് എന്‍എസ്പിയിലേക്കു കൊണ്ടുവന്നു. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് സ്കീമുകള്‍ക്കു കീഴില്‍ അഞ്ചു വര്‍ഷത്തിനിടെ മന്ത്രാലയം പ്രതിവര്‍ഷം 2000 കോടിയിലധികം ഫണ്ട് അനുവദിച്ചിട്ടുണ്ട്. 2007-08നും 2021-22നും ഇടയിലെ തുക 22,000 കോടി രൂപയായിരുന്നു.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ന്യൂനപക്ഷ കാര്യ മന്ത്രി സ്മൃതി ഇറാനി സ്ഥാപനങ്ങളുടെയും ഗുണയോക്താക്കളുടെയും പുനഃപരിശോധന ആരംഭിച്ചതായും ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് സ്കീമിന്റെ നിരീക്ഷണത്തിനും മൂല്യനിര്‍ണയത്തിനും എന്‍സിഎഇആറിനെ ചുമതലപ്പെടുത്തിയതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: