പാഠപുസ്തകങ്ങളിലൂടെ രാഷ്ട്രീയം പഠിപ്പിക്കുക എന്നുള്ളത് കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ രീതിയാണ്. രാഷ്ട്രീയ സിദ്ധാന്തങ്ങളും നിലപാടുകളും ചര്‍ച്ചകളും ഗവേഷണത്തിനുള്‍പ്പെടുത്താനുള്ള പ്രായവും പക്വതയും ആകുന്ന ക്ലാസുകളില്‍ അത്തരം വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ മതി എന്നതാണ് സ്വതന്ത്ര ഭാരതത്തില്‍ ഒന്നാമത്തെ വിദ്യാഭ്യാസനയം രൂപീകരിച്ച ഉടന്‍തന്നെ സംഘടിപ്പിച്ച പാഠപുസ്തക കമ്മീഷന്റെ നിലപാട്. ആ നിലപാടുകളെ ലംഘിക്കാന്‍ പലപ്പോഴും ഇടതു ഭരണകൂടങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. യുപിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ കേരളത്തിലും ബംഗാളിലും എന്‍സിഇആര്‍ടിയിലൂടെ ഈ ശ്രമങ്ങള്‍ നടന്നത് നമുക്കനുഭവമുള്ളതാണ്.
അര്ജുന് സിംഗിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ രാഷ്ട്രീയക്കാരുടെ പിന്തുണയോടെ തയ്യാറാക്കിയ പാഠപുസ്തകങ്ങളാണ് വര്‍ഷങ്ങളായി നിലവിലുള്ളത്. പുതിയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലും ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലും അടുത്തവര്‍ഷം മുതല്‍ പാഠപുസ്തകങ്ങള്‍ മാറി തുടങ്ങും. അതിനനുസരിച്ച് വസ്തുതകളുടെയും വിദ്യാഭ്യാസ നയത്തിന്റെയും അടിസ്ഥാനത്തില്‍ നിലവിലുള്ള പാഠപുസ്തകങ്ങള്‍ ലഘൂകരിക്കാനാണ് ഈ വര്‍ഷം എന്‍സിഇആര്‍ടി തീരുമാനിച്ചത്. ബലാവകാശ കമ്മീഷനും സുപ്രീംകോടതിയും ഇതിനെ സ്വാഗതം ചെയ്യുന്നതോടൊപ്പം ഭാരതത്തിലെ പൊതുസമൂഹം പൊതുവില്‍ ഈ നടപടിയെ അംഗീകരിക്കുകയാണുണ്ടായത്. അതിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള പാഠപുസ്തകങ്ങള്‍ പരിശോധിക്കുവാനും പഠന ഭാരം കുറയ്ക്കാനും എന്‍സിഇആര്‍ടി നിയോഗിച്ച വിദഗ്ധ സമിതി നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പാഠപുസ്തകം പുതിയ അധ്യായന വര്‍ഷത്തേക്ക് തയ്യാറാക്കിയത്. ആവര്‍ത്തിച്ചു വരുന്ന പാഠഭാഗങ്ങളും വസ്തുതയ്ക്ക് നിരക്കാത്തതും കുട്ടികളുടെ പ്രായത്തിന് യോജിക്കാത്തതും രാഷ്ട്രീയ സ്വഭാവമുള്ളതും കുട്ടികളിലും സമൂഹത്തിലും ജാതി, മതം, രാഷ്ട്രീയം, ഭാഷ തുടങ്ങിയതിന്റെ അടിസ്ഥാനത്തില്‍ ഭിന്നതയും അസ്വസ്ഥതയും ഉണ്ടാക്കുന്ന പ്രയോഗങ്ങളും വാക്കുകളും പാഠപുസ്തകങ്ങളില്‍ നിന്നും നീക്കുന്നതിനുവേണ്ടി എന്‍സിഇആര്‍ടി തീരുമാനിച്ചു. അത്തരം കാര്യങ്ങള്‍ ജൂണ്‍ മാസത്തിനു മുമ്പ് തന്നെ വസ്തുനിഷ്ഠമായ വസ്തുതകള്‍ നിരത്തിക്കൊണ്ട് പൊതുജന സമക്ഷം അവതരിപ്പിക്കുകയും ചെയ്തിരുന്നു. അതിനെ രാഷ്ട്രീയമായി മാത്രം കണ്ടുകൊണ്ട് പാഠഭാഗങ്ങള്‍ നീക്കം ചെയ്യുന്നതിനെടുത്ത തീരുമാനത്തെ അട്ടിമറിച്ച്, വീണ്ടും രാഷ്ട്രീയ പ്രേരിതമായ വിഷയങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനുള്ള കേരള സര്‍ക്കാരിന്റെ നീക്കം അനുചിതവും വിദ്യാഭ്യാസ രംഗത്ത് രാഷ്ട്രീയം കൊണ്ടുവരുന്നതിനുള്ള ഗൂഢശ്രമവുമാണ്.
കഴിഞ്ഞദിവസം പുറത്തുവന്ന നാഷണല്‍ അച്ചീവ്മെന്റ് സര്‍വേയില്‍ കേരളത്തിലെ പഠന നിലവാരം കുത്തനെ താണു എന്ന വസ്തുത മറച്ചുവെക്കാനും ചര്‍ച്ച വഴിതിരിച്ചുവിടാനുമാണ് സര്‍ക്കാരിന്റെ ശ്രമം. ഇതിലെ രാഷ്ട്രീയം വളരെ വ്യക്തമാണ്. എന്‍സിഇആര്‍ടി നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തി ഒഴിവാക്കിയ പാഠഭാഗങ്ങളില്‍ ഏതെല്ലാമാണ് കേരളത്തിലെ കുട്ടികള്‍ അനിവാര്യമായി പഠിച്ചിരിക്കണം എന്ന് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്. ഇത്തരം പാഠഭാഗങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ കേരളത്തിലെ ഏത് വിദഗ്ധ സമിതിയാണ് നിര്‍ദ്ദേശിച്ചത്? എന്നാണ് വിദഗ്ധസമിതിയെ നിയോഗിച്ചത്? അവര്‍ ആരുമായാണ് ചര്‍ച്ച നടത്തിയത്? ആരെല്ലാം ഇതു സംബന്ധിച്ച അഭിപ്രായങ്ങള്‍ പറഞ്ഞു? ജനാധിപത്യരീതിയില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍, അധ്യാപക സംഘടനകള്‍, പൊതുസമൂഹത്തിന്റെ പ്രമുഖ വ്യക്തികള്‍, വിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസ വിചക്ഷണര്‍ എന്നിവരില്‍ നിന്ന് അഭിപ്രായം ആരാഞ്ഞിട്ടുണ്ടോ? സര്‍ക്കാര്‍ വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ടെങ്കില്‍ ആ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ കേരളത്തിലെ എസ്സിഇആര്ടിയുടെ അക്കാദമിക് കൗണ്‍സിലിന്റെ ചര്‍ച്ചയ്ക്ക് വരികയോ, അതിന്റെ അടിസ്ഥാനത്തില്‍ അംഗീകരിക്കുകയോ ചെയ്തതായി അറിവുള്ളതല്ല. ഈ നടപടിക്രമങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് പാലിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കപ്പെടേണ്ടതാണ്. അതോ സര്‍ക്കാരിന്റെ രാഷ്ട്രീയ ആവശ്യത്തിന് അനുസരിച്ച് എസ്സിഇആര്ടി തുള്ളിക്കളിക്കുകയാണോ എന്ന് കേരള സമൂഹം ഉത്കണ്ഠയോടുകൂടി വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
എന്‍സിഇആര്‍ടി സുപ്രീംകോടതിയുടെയും ബലാവകാശ കമ്മീഷന്റെയും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച പുസ്തക ഭാരം സംബന്ധിച്ച നയത്തിന്റെയും ദേശീയ വിദ്യാഭ്യാസനയത്തിന്റെയും അടിസ്ഥാനത്തിലാണ് പുസ്തകങ്ങളുടെ ഉള്ളടക്കവും ഭാരവും ലഘൂകരിച്ചത്. അതിനെ രാഷ്ട്രീയവല്‍ക്കാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങള്‍ സമൂഹം തിരസ്കരിക്കുകയാണുണ്ടായത്. കുട്ടികളുടെ മാനസിക ഉത്കണ്ഠയും പഠന ഭാരവും ലഘൂകരിക്കുന്ന രീതിയിലാണ് പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. പാഠഭാഗങ്ങളില്‍ ഒരു അവശ്യ വിഷയവും പുറന്തള്ളപ്പെട്ടിട്ടില്ല. ഇക്കാര്യങ്ങള്‍ വിദ്യാഭ്യാസ വിദഗ്ധരുടെയും പണ്ഡിതന്മാരുടെയും നിരീക്ഷണങ്ങളിലൂടെയും പത്ര മാധ്യമങ്ങളിലൂടെയും പുറത്തുവന്നു കഴിഞ്ഞതാണ്.
വിദ്യാര്‍ഥികളില്‍ ജാതി, മതം, രാഷ്ട്രീയ വിശ്വാസം, എന്നിവയുടെ പേരില്‍ വിഭജനം സൃഷ്ടിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത് എന്ന് വ്യക്തമാണ്. വിദ്യാര്‍ഥികളില്‍ ജാതിക്കും മതത്തിനും വര്‍ഗ്ഗ-ലിംഗ വ്യത്യാസത്തിനും അതീതമായി സ്നേഹവും ഒരുമയും പരസ്പരവിശ്വാസവും ജനിപ്പിക്കുന്നതും ഊട്ടി ഉറപ്പിക്കുന്നതുമായിരിക്കണം ക്ലാസ് മുറികളില്‍ നടക്കുന്ന പഠനപ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും.
കഴിഞ്ഞദിവസം ഒരു വിദ്യാലയത്തില്‍ നടന്ന പരിപാടിയില്‍ കേരളാ നിയമസഭാ സ്പീക്കര്‍ നടത്തിയ രാഷ്ട്രീയ പ്രസംഗം സമൂഹത്തില്‍ അസ്വസ്ഥത ഉണ്ടാക്കിയതും വിവാദമായതും നാം കണ്ടതാണ്. അത്തരത്തില്‍ തന്നെയാണ് തിരുവനന്തപുരത്തെ പ്രമുഖമായ വിദ്യാലയത്തില്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചില പ്രഖ്യാപനങ്ങള്‍ നടത്തിയത്. വിദഗ്ധസമിതി വേണ്ടെന്നു വച്ച പാഠഭാഗങ്ങള്‍ സപ്ലിമെന്ററി പുസ്തകങ്ങളായി പ്രസിദ്ധീകരിക്കുമെന്നുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം അംഗീകരിക്കാനാവുന്നതല്ല. ഇത് വിദ്യാഭ്യാസമേഖലയിലും സമൂഹത്തിലൊട്ടാകെയും അസ്വസ്ഥതകള്‍ക്ക് വഴിവെക്കും. വിദ്യാലയങ്ങളെയും ക്ലാസ്സ് മുറികളെയും പഠനപദ്ധതിയെയും തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഒപ്പം കേരളത്തിന്റെ പഠനനിലവാരം തകര്‍ക്കുകയും ചെയ്യും. ദേശീയ തലത്തില്‍ ഇന്ത്യയെന്ന വികാരത്തില്‍ നിന്ന് കേരളം വേറിട്ടുനില്‍ക്കാനുള്ള നീക്കമായി ഇത് വ്യാഖ്യാനിക്കുകയും ചെയ്യാം.
വിമര്‍ശനാത്മക പഠനമാണ് ഒരുക്കുന്നതെങ്കില്‍ ഇവിടെ രാഷ്ട്രീയ ലക്ഷ്യത്തോടെ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്ന പാഠഭാഗങ്ങളുടെ എല്ലാവശവും ഉള്‍പ്പെടുന്ന റഫറന്‍സ് ഗ്രന്ഥങ്ങളും ഉള്‍പ്പെടുത്തണം. പ്രത്യേകിച്ചും കപൂര്‍ കമ്മീഷന് റിപ്പോര്‍ട്ട്, ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെയും സുപ്രീം കോടതിയുടെയും നിര്‍ദ്ദേശങ്ങളും വിലയിരുത്തലുകളും എല്ലാം ഉള്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകുകയാണ് വേണ്ടത്.
ഒരുവശത്ത് സാമ്പത്തിക പ്രതിസന്ധിയില്‍ ക്ഷേമ പെന്ഷന് പോലും മുടക്കുകയും വിദ്യാര്‍ത്ഥികള്‍ക്കുള്ള തുച്ഛമായ സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യാതിരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ലക്ഷങ്ങള്‍ മുടക്കി ഇത്തരത്തിലുള്ള രാഷ്ട്രീയപ്രവര്‍ത്തനം വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്. കടമെടുത്തുമുടിയുന്ന കേരളത്തില്‍ ഇത് വലിയൊരു ധൂര്‍ത്തു കൂടിയാണ്. ചെലവുകള്‍ നിയന്ത്രിക്കണമെന്നു പറയുന്നവരാണ് അനാവശ്യമായി ഇത്തരം ധൂര്‍ത്തുകള്‍ നടത്തുന്നത്.
അക്കാദമികമായി ഒരു മൂല്യവും ഇല്ലാത്ത, കേവലം രാഷ്ട്രീയ ലക്ഷ്യത്തോടു കൂടി മാത്രം തിരികെ കയറ്റാന്‍ ശ്രമിക്കുന്ന ഈ പാഠഭാഗങ്ങള്‍ കുട്ടികളില്‍ അമിത പഠന ഭാരവും മാനസിക പിരിമുറുക്കുകവും കുത്തിനിറയ്ക്കുക മാത്രമാണ് ചെയ്യുക. കൊട്ടിഘോഷിച്ചിറക്കുന്ന ഈ പുസ്തകങ്ങളെ വിദ്യാര്‍ത്ഥികളും അവരുടെ രക്ഷകര്‍ത്താക്കളും അധ്യാപകരും മാനസികമായി തള്ളിക്കളഞ്ഞിരിക്കുകയാണ്. ഈ വസ്തുത തിരിച്ചറിയാന്‍ സാധിക്കാത്ത സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഒന്നാം പാദവാര്‍ഷിക പരീക്ഷ കഴിഞ്ഞതിനുശേഷം ഇത്തരത്തിലുള്ള മണ്ടത്തരത്തിന് മുതിരുന്നത്? ഇതിന്റെ പിറകിലെ ബുദ്ധി കേന്ദ്രം ആരായിരുന്നാലും കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: