കോണ്‍ഗ്രസ്സിന്റെ പരമോന്നത സമിതിയായ പ്രവര്‍ത്തക സമിതിയുടെ പുനഃസംഘടന കേരളത്തിലെ പാര്‍ട്ടിയില്‍ പുതിയ ചേരിതിരിവിനും വാക്‌പോരിനും ഇടയാക്കിയിരിക്കുകയാണല്ലോ. പാര്‍ട്ടിയില്‍ താരതമ്യേന പുതുമുഖമായ ശശി തരൂരിനെ പ്രവര്‍ത്തകസമിതി അംഗമാക്കിയപ്പോള്‍ തലമുതിര്‍ന്ന നേതാവായ രമേശ് ചെന്നിത്തലയെ ക്ഷണിതാവായി മാത്രം ഉള്‍പ്പെടുത്തിയതാണ് ഇതിന്റെ പ്രധാന കാരണം. തന്റെ അതൃപ്തിയും അമര്‍ഷവും അറിയിച്ച ചെന്നിത്തല, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പായതുകൊണ്ടുമാത്രമാണ് പരസ്യ പ്രതികരണം നടത്താത്തതെന്നാണ് പറഞ്ഞിരിക്കുന്നത്. രണ്ട് പതിറ്റാണ്ട് മുന്‍പുള്ള സ്ഥാനം തന്നെ തനിക്ക് ഇപ്പോഴും നല്‍കിയിട്ടുള്ളത് അപമാനകരമാണെന്നും, അനുനയനീക്കമെന്ന നിലയില്‍ സംസ്ഥാനങ്ങളുടെ ചുമതലപോലുള്ള സ്ഥാനങ്ങള്‍ നല്‍കിയാല്‍ സ്വീകരിക്കില്ലെന്നും ചെന്നിത്തല കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. പരസ്യപ്രതികരണത്തിനില്ലെന്നു പറഞ്ഞെങ്കിലും പറയാനുള്ളതെല്ലാം ചെന്നിത്തല പറഞ്ഞുകഴിഞ്ഞു. എങ്കിലും പുതുപ്പള്ളി തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഇതിനൊരു തുടര്‍ച്ചയുണ്ടാവുമായിരിക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ താനും ചിലതു പറയുമെന്ന് കെ. മുരളീധരനും പ്രഖ്യാപിച്ചിട്ടുണ്ട്. ആര് എന്തൊക്കെയാണ് പറയാന്‍ പോകുന്നതെന്ന് വ്യക്തമല്ലെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പുവഴക്കിന്റെ മറ്റൊരു അധ്യായത്തിനു കൂടി തുടക്കംകുറിച്ചിരിക്കുകയാണെന്ന കാര്യം വ്യക്തമാണ്. ഇപ്പോള്‍തന്നെ സിപിഎമ്മിന്റെ ബി ടീമായി പ്രവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്സ്. ഗ്രൂപ്പ് വഴക്ക് മൂര്‍ച്ഛിക്കുന്നതോടെ മാസപ്പടി വിവാദത്തിലും മറ്റ് അഴിമതികളിലും പ്രതിക്കൂട്ടില്‍നില്‍ക്കുന്ന സിപിഎമ്മിനും മുഖ്യമന്ത്രിക്കും മറ്റും അത് ഗുണകരമാവും.
ചെന്നിത്തല വലിയ നേതാവാണെന്നും പ്രശ്‌നങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ പരിഹരിക്കുമെന്നും, അതിനുള്ള പ്രാപ്തി പാര്‍ട്ടിക്കുണ്ടെന്നുമൊക്കെ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറയുന്നുണ്ടെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ അതൊന്നും മുഖവിലയ്‌ക്കെടുക്കില്ല. ഈ പറയുന്നയാള്‍ തന്നെയാണ് അവരുടെ കണ്ണില്‍ പ്രശ്‌നക്കാരന്‍. വേണുഗോപാല്‍ പറയുന്നതുപോലെയല്ല കാര്യങ്ങളെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ പ്രസ്താവനയില്‍ നിന്നുതന്നെ വ്യക്തമാണല്ലോ. ചെന്നിത്തലയ്‌ക്ക് അര്‍ഹമായ സ്ഥാനം കിട്ടിയെന്നു പറയാനാവില്ലെന്ന സുധാകരന്റെ പരസ്യ പ്രസ്താവന വരാനിരിക്കുന്നതിന്റെ സൂചനയാണ്. ചെന്നിത്തല പരിണിത പ്രജ്ഞനാണ്, ദേശീയ നേതൃത്വം എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നൊക്കെ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറയുന്നത് ചെന്നിത്തലയ്‌ക്കുള്ള കൊട്ടാണ്. ഇത്രയേയുള്ളൂ, വലിയ വെളച്ചിലിന് നില്‍ക്കേണ്ടതില്ല എന്നാണ് ഇതിന്റെ സൂചന. സതീശന്റെ പരിഹാസവും വിരട്ടുമൊന്നും ചെന്നിത്തലയുടെ അടുത്ത ചെലവാകില്ല. സതീശനെ കോണ്‍ഗ്രസ്സുകാരാരും അറിയാതിരുന്ന കാലത്തും പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിലുണ്ടായിരുന്ന ആളാണ് ചെന്നിത്തല. സോണിയ പാര്‍ട്ടി പിടിച്ചടക്കിയതോടെയാണ് ചെന്നിത്തലയ്‌ക്ക് കഷ്ടകാലം തുടങ്ങിയത്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ആഭ്യന്തര മന്ത്രിയുമൊക്കെ ആയിട്ടുള്ള ചെന്നിത്തലയുടെ ട്രാക്ക് റെക്കോര്‍ഡ് സതീശന് അവകാശപ്പെടാനാവില്ല. ഈ കാര്യങ്ങളൊക്കെ അറിയാത്തയാളാവില്ല കെ.സി. വേണുഗോപാല്‍. എന്നിട്ടും പാര്‍ട്ടിയില്‍ കിംഗ് മേക്കര്‍ കളിക്കുന്നതിന്റെ ഭാഗമായി ചില തീരുമാനങ്ങള്‍ എടുപ്പിക്കുകയാണ്. വേണുഗോപാലിന്റെ പിന്തുണയോടെയാണല്ലോ സതീശനും സുധാകരനും കേരളത്തിലെ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് വന്നത്. ഒരുപടി കൂടികടന്ന് ചെന്നിത്തലയെ ഒതുക്കുകയെന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം.
ചില സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പും മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിച്ചിട്ടുള്ളതെങ്കിലും ഫലത്തില്‍ അത് പാര്‍ട്ടിയില്‍ കുടുംബവാഴ്ച അരക്കിട്ടുറപ്പിക്കുകയാണ്. സോണിയയോടും രാഹുലിനോടും കൂറുള്ളവര്‍ക്കു മാത്രമാണ് പ്രവര്‍ത്തക സമിതിയില്‍ പ്രധാന പദവി നല്‍കിയിട്ടുള്ളത്. പാദസേവകര്‍ ആരും ഒഴിവാക്കപ്പെട്ടിട്ടില്ല. തങ്ങള്‍ക്ക് ഭീഷണിയാവാന്‍ സാധ്യതയുള്ളതിനാലാണ് തരൂരിനെയും രാജസ്ഥാനിലെ സച്ചിന്‍ പൈലറ്റിനെയും തല്‍ക്കാലം പ്രവര്‍ത്തക സമിതി അംഗങ്ങളാക്കിയിരിക്കുന്നത്. കേരളത്തില്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാവാണെങ്കിലും കുറെക്കാലമായി ചെന്നിത്തല സോണിയാ കുടുംബത്തിന് അനഭിമതനാണ്. കെ.സി.വേണുഗോപാലും മറ്റും പറയുന്നതു കേട്ട് കേരളത്തിലെ പാര്‍ട്ടിയില്‍ രാഹുല്‍ഗാന്ധി അനാവശ്യമായി ഇടപെടുകയും, അപക്വമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയും ചെയ്തപ്പോള്‍ ഇവിടെ കാര്യങ്ങള്‍ നോക്കാന്‍ കഴിവുള്ള നേതാക്കളുണ്ടെന്ന് ചെന്നിത്തല ഒരിക്കല്‍ പറയുകയുണ്ടായി. ഇതോടെ രാഹുല്‍ ഗാന്ധിയുടെ ഗുഡ്ബുക്കില്‍നിന്ന് ഈ നേതാവ് പുറത്തായതാണ്. ഏതു സാഹചര്യത്തിലും കുടുംബാധിപത്യം നിലനിര്‍ത്തുന്നതിനു ശ്രമിക്കുമ്പോള്‍ രാഹുലിനെ ധിക്കരിക്കുന്ന ഒരു നേതാവ് പാര്‍ട്ടിയില്‍ വേണ്ടെന്ന തീരുമാനം പണ്ടേ എടുത്തതാണ്. ചെന്നിത്തലയോട് കുടിപ്പക പുലര്‍ത്തുന്ന വേണുഗോപാലിനെപ്പോലുള്ള നേതാക്കള്‍ക്ക് ഇതില്‍ വലിയ പങ്കുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് പ്രവര്‍ത്തക സമിതിയില്‍ മാന്യമായ സ്ഥാനം നല്‍കാതെയുള്ള ഇപ്പോഴത്തെ ഒഴിവാക്കല്‍. കോണ്‍ഗ്രസ്സിനെ നയിക്കുന്നത് കഴിവുകെട്ട നേതൃത്വമാണ്. എങ്ങനെയൊക്കെ പുനഃസംഘടിപ്പിച്ചാലും ഈ പാര്‍ട്ടി രക്ഷപ്പെടാന്‍ പോകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: