ന്യൂദല്‍ഹി: പിണറായി വിജയന് സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്.
നികുതി വിഹിതം അനുവദിക്കുന്നതില്‍ കേരളത്തോട് വിവേചനം കാണിക്കുന്നുവെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുന്നതിനൊപ്പം കേന്ദ്രം കേരളത്തിനുമേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നുവെന്ന ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ആരോപണം വിഘടനവാദികളുടേതിന് സമാനമാണ്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പ് നല്കി.
ബാലഗോപാല്‍ കള്ളം പറയുകയാണ്. സംസ്ഥാനത്തിന് നികുതി വിഹിതം നല്‍കുന്നത് കേന്ദ്രധനകാര്യകമ്മിഷന്റെ ശിപാര്‍ശ അനുസരിച്ചാണ്. അതില്‍ ലംഘനം നടന്നിട്ടുണ്ടെങ്കില്‍ രേഖകള്‍ സഹിതം പറയാന്‍ ബാലഗോപാലിനെ വെല്ലുവിളിക്കുന്നു. കേരളത്തിലെ നികുതി പിരിവ് ദേശീയ ശരാശരിയേക്കാള്‍ ഏറെ പിന്നിലായതിന് കാരണം ആരാണെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിട നികുതി പിരിവ് വെറും 30 ശതമാനത്തില്‍ താഴെയാണ്.
ജിഎസ്ടി വിഹിതം ലഭിക്കുന്നതില്‍ അഞ്ചുവര്‍ഷം രേഖകള്‍ സമര്‍പ്പിക്കാതെ വീഴ്ച വരുത്തി. എജി സാക്ഷ്യപ്പെടുത്തിയ രേഖ നല്കാത്തതുകൊണ്ട് മാത്രം കേന്ദ്രധനസഹായം മുടങ്ങി. ആറുവര്‍ഷം വൈകി ചരക്ക് സേവന നികുതി വകുപ്പ് പുനസംഘടിപ്പിച്ചത് ഈ വര്‍ഷമാണ്.
പാര്‍ട്ടി മീറ്റിങ്ങിന് പോകാനുള്ള ആവേശം നിതി ആയോഗിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ പിണറായി വിജയന് കാണിക്കാറില്ല. കേന്ദ്രകമ്മിറ്റിക്കും പിബി യോഗത്തിനും ദല്‍ഹിയിലെത്തുമ്പോള്‍ കൂട്ടത്തില്‍ കേന്ദ്രമന്ത്രിമാരെ കണ്ടിട്ടു കാര്യമില്ല. സര്‍വത്ര പിടിപ്പുകേടും ഒളിച്ചുകളിയുമായിട്ടും കേന്ദ്രത്തെ പഴിചാരുന്നത് അംഗീകരിക്കാനാകില്ലെന്ന് വി. മുരളീധരന് പറഞ്ഞു.
കേന്ദ്രം കേരളത്തിന്റെ കടമെടുപ്പ് പരിധി കുറച്ചു എന്ന് കള്ളപ്രചാരണം നടത്തിയപ്പോള്‍ തെളിവുകള്‍ നിരത്തി വെല്ലുവിളിച്ചതാണ്. അന്ന് മുങ്ങിയ ധനമന്ത്രി വീണ്ടും നികുതി വിഹിതത്തില്‍ നുണപ്രചാരണത്തിന് എത്തിയിരിക്കുകയാണ്.
കേരളത്തിനാവശ്യമായ കാര്യങ്ങള്‍ കേന്ദ്രത്തില്‍ കൃത്യമായ വഴിയിലൂടെ എത്തിക്കുകയാണ് വേണ്ടത്. അതിനായി സംസ്ഥാന പ്രതിനിധി എന്ന പേരില്‍ ഒരാളെ ശമ്പളം കൊടുത്ത് പോറ്റുന്നുണ്ട്. തിരുതയ്ക്ക് പകരം ഇപ്പോള്‍ ആറന്മുള കണ്ണാടി കൊടുത്തു നടക്കുകയാണ് അദ്ദേഹമെന്ന് വി. മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: