ചെന്നൈ: എന്നും മനുഷ്യരുടെ ആകാംക്ഷയേയും ചേതനയേയും ഭാവനയേയും ഉണര്‍ത്തുന്ന ഒന്നാണ്, അമ്പിളി. അവിടെ അന്തരീക്ഷമുണ്ടോ, വെള്ളമുണ്ടോ എന്നെങ്കിലും ജീവന്റെ തുടിപ്പുകള്‍ അവിടെയുണ്ടായിരുന്നോ, ചന്ദ്രന്റെ ഉപരിതലത്തിന്റെ ഘടന എന്ത്, മണ്ണുണ്ടോ, പാറകളുടെ ഘടനയെന്ത്, ഗര്‍ത്തങ്ങള്‍ എങ്ങനെ, കൊടുമുടികള്‍ എവിടെ, മണ്ണില്‍ വിഷമുണ്ടോ, സൂക്ഷ്മ ജീവികളുണ്ടോ, മനുഷ്യവാസം സാധ്യമോ… അങ്ങനെ ചോദ്യങ്ങള്‍ അനവധി.
ഇവയില്‍ പലതിനും ഉത്തരം തേടിയാണ് അമേരിക്കയും റഷ്യയും ചൈനയും ഇന്ത്യയും എല്ലാം അവിടേക്ക് ഉപഗ്രഹങ്ങള്‍ അയയ്ക്കുന്നത്, റോവറുകളെ പറഞ്ഞുവിടുന്നത്. നമ്മുടെ വിക്രം ലാന്‍ഡറിലുമുണ്ട് പ്രജ്ഞാന് എന്ന റോവര്‍. വിക്രം ലാന്‍ഡ് ചെയ്തു കഴിഞ്ഞാല്‍, നിശ്ചിത സമയത്തിനു ശേഷം അതിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് തള്ളുന്ന റാംപിലൂടെയാകും ആറു ചക്രങ്ങളുള്ള പ്രജ്ഞാന് പുറത്തിറങ്ങുക. അത് ചന്ദ്രന്റെ പ്രതലത്തില്‍ ഓടി നടന്ന് വിവരങ്ങള്‍ ശേഖരിച്ച് ഐഎസ്ആര്‍ഒയ്ക്ക് അയച്ചു നല്‍കും. 14 ദിവസമാണ് ഇതിന് ആയുസ് പറഞ്ഞിരിക്കുന്നതെങ്കിലും അതില്‍ കൂടുതല്‍ ദിവസങ്ങള്‍ ഇത് പ്രവര്‍ത്തിക്കുമെന്നാണ് പൊതുവേ കരുതുന്നത്. മുന്‍പ് നാം അയച്ച പല ഉപഗ്രഹങ്ങളും കാലാവധി കഴിഞ്ഞ് വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച ചരിത്രം അനവധിയാണ്.
ഏതാണ്ട് 4.5 ബില്ല്യന്‍ (450 കോടി) വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അമ്പിളി പിറവിയെടുത്തത് എന്നാണ് അനുമാനം. അതായത് ഇപ്പോഴും സുന്ദരിയെങ്കിലും പ്രായം 450 കോടിയെന്ന് ശാസ്ത്രലോകം പറയുന്നു. ഏറെക്കുറെ ഭൂമിയുടെ പ്രായം തന്നെ. വലിയൊരു ഗ്രഹം ഭൂമിയില്‍ വന്നിടിച്ചുവെന്നും അതോടെ ഭൂമിയില്‍ നിന്ന് അടര്‍ന്നു മാറിയ ഭാഗം അതിന്റെ ഉപഗ്രഹമായ ചന്ദ്രനായി എന്നുമാണ് നിഗമനം. എന്നാല്‍ ചന്ദ്രന് ഭൂമിയുടെ അത്ര പ്രായമില്ല എന്ന ഒരു വാദവും ഉയര്‍ന്നിട്ടുണ്ട്. ഭൂമിയുടെ ആറിലൊന്ന് ഗുരുത്വാകര്ഷണമേ ചന്ദ്രനുള്ളൂ. അതിനാല്‍ വസ്തുക്കള്‍ക്ക് ഭൂമിയിലുള്ളത്ര ഭാരം ചന്ദ്രനിലില്ല. അതായത് ഭൂമിയില്‍ 68 കിലോ ഭാരതമുള്ള മനുഷ്യന് ചന്ദ്രനില്‍ എത്തിയാല്‍ ഭാരം വെറും 11 കിലോ മാത്രമായിരിക്കും.
ചന്ദ്രന്റെ തെക്കേ ധ്രുവം താരമത്യേന തണുപ്പു നറഞ്ഞതാണ്. അവിടുത്തെ ഗര്‍ത്തങ്ങളില്‍ ഐസ് രൂപത്തിലുള്ള വെള്ളമുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. അത് ശരിയോയെന്ന് കണ്ടെത്താനാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ചന്ദ്രയാന്‍ മൂന്ന് ഇറക്കുന്നതും അവിടുത്തെ പ്രതലം പഠിക്കുന്നതും. വെള്ളമുണ്ടോയെന്ന് കണ്ടെത്തുന്നത് ഭാവിയിലെ ചാന്ദ്രപര്യവേഷണങ്ങള്‍ക്ക് അനിവാര്യവുമാണ്. മാതമല്ല തെക്കന്‍ ചന്ദ്രനിലെ ഉപരിതലം ഇതര ഭാഗങ്ങളില്‍ തികച്ചും വ്യത്യസ്തമാണ്. ഇരുള് മൂടിയ ഗര്‍ത്തങ്ങളും ഭയാനകമായ ശൈത്യവും ഇവിടുണ്ട്. മാത്രമല്ല സദാ സമയവും നല്ല പ്രകാശമാനമായ ഭാഗങ്ങളും ഇവിടുണ്ട് എന്നത് ഒരു വൈപരീത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: