തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി എ.സി. മൊയ്തീന്റെ വീട്ടില്‍ വൈകുന്നേരം ഏഴ് മണിക്കാരംഭിച്ച റെയ്ഡില്‍ 12 ഇഡി ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ഇതോടെ ഇഡിയുടെ നീക്കം തൃശൂരിലെ സിപിഎമ്മിലെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ആരോപിതരായ ചില സിപിഎം നേതാക്കള്‍ക്കെതിരെ കൂടി നീങ്ങിയേക്കുമെന്ന് കരുതുന്നു. .
പൊലീസിനെപ്പോലും അറിയിക്കാതെ പെട്ടെന്നായിരുന്നു ഇഡി മൊയ്തീന്റെ വീട്ടില്‍ എത്തിയത്. ഇഡി റെയ്ഡുമായി മൊയ്തീന് പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ട്. മൊയ്തീന് വീട്ടില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇഡി ഉദ്യോഗസ്ഥര്‍ വീട്ടില്‍ എത്തിയത്.
300 കോടിയുടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എ.സി. മൊയ്തീന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി സുനില്‍ കുമാറിന്റെ അച്ഛന് രാമകൃഷ്ണന് ആവശ്യപ്പെട്ടിരുന്നു. ഭരണ സമിതി അംഗങ്ങളാണ് തട്ടിപ്പു നടത്തിയതെന്നും ഇവര്‍ പറഞ്ഞ രേഖകളില്‍ ഒപ്പിട്ടുനല്‍കുക മാത്രമാണ് തന്റെ മകന് ചെയ്തതെന്നും രാമകൃഷ്ണന് പറയുന്നു. സിപിഎം തൃശൂര്‍ ജില്ലാസമിതിയുമായി അടുത്ത ബന്ധമുള്ളവരാണ് എപ്പോഴും കരുവന്നൂര്‍ ബാങ്കിന്റെ ഭരണസമിതിയില്‍ എത്തുന്നത്.
21 വര്‍ഷക്കാലം ബാങ്കിന്റെ സെക്രട്ടറിയായിരുന്ന ടി.ആര്. സുനില്‍ കുമാര്‍ ഇപ്പോള്‍ ജയിലിലാണ്. എന്തായാലും സുനില്‍കുമാറിന്റെ അച്ഛന് രാമകൃഷ്ണന്റെ ആവശ്യപ്പെട്ടതുപോലെ ഇഡി മൊയ്തീന്റെ വീട് റെയ്ഡ് നടന്നിരിക്കുകയാണ്. മുന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി സി.കെ. ചന്ദ്രന്റെ തട്ടിപ്പിലെ പങ്കിനെക്കുറിച്ച് അന്വേഷിക്കാനും സുനില്‍ കുമാറിന്റെ അച്ഛന് രാമകൃഷ്ണന് ആവശ്യപ്പെട്ടിരുന്നു.
കരുവന്നൂര്‍ ബാങ്കിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് ആരോപണങ്ങള്‍ അന്ന് മൊയ്തീന് ശക്തമായി നിഷേധിച്ചെങ്കിലും തട്ടിപ്പിനു ചുക്കാന്‍ പിട്ടിച്ച ബാങ്ക് ബ്രാഞ്ച് മാനെജര്‍ ബിജു കരീമിന്റെയൊപ്പമുള്ള മൊയ്തീന്റെ ചിത്രം പുറത്ത് വന്നിരുന്നു. ബാങ്ക് തട്ടിപ്പ് പ്രതികളുടെ ഭാര്യമാര്‍ക്ക് പങ്കാളിത്തമുള്ള സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത് അന്ന് മന്ത്രിയായിരുന്ന എ സി മൊയ്തീനാണ്. ഉദ്ഘാടന ചടങ്ങില്‍ മന്ത്രിക്കൊപ്പം ബിജു കരീമും ഉണ്ടായിരുന്നു. 2019 ജനുവരി 20 നാണ് ഈ സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്. നടവരമ്പ് ഷീ ഷോപ്പി എന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ ബിജു കരീമിന്റെയും സി കെ ജില്‍സിന്റെയും ഭാര്യമാര്‍ക്കും പങ്കാളിത്തമുണ്ട്. ബിജു കരിം ഇപ്പോള്‍ വിചാരണത്തടവുകാരനായി ജയിലിലാണ്.
മന്ത്രിയായിരിക്കെ നടത്തിയ അഴിമതിയില്‍ ലഭിച്ച പണം കരുവന്നൂര്‍ ബാങ്കില്‍ അടക്കം നിക്ഷേപിച്ചതെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: