പിണറായി സര്‍ക്കാരിന്റെ 2023-24 വര്‍ഷത്തെ മദ്യനയം പരമ്പരാഗത കള്ള് വ്യവസായത്തെയും അതില്‍ തൊഴില്‍ എടുത്തു ഉപജീവനം കഴിക്കുന്ന തൊഴിലാളികളേയും അവരുടെ കുടുംബങ്ങളേയും തകര്‍ക്കുന്നതാണ്. തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന വ്യവസായത്തിന് പ്രതീക്ഷ നല്കുന്ന ഒരു നയം ഇത്തവണ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതൊഴിലാളി സംഘടനകളേയും തൊഴിലാളികളേയും നിരാശപ്പെടുത്തുന്ന നയമാണ് പ്രഖ്യാപിച്ചിട്ടുള്ളത് 2021-ല്‍ നിയമം പാസ്സാക്കിയ ടോഡി ബോര്‍ഡ് രൂപീകരണം ഇത്തവണ നടപ്പാക്കുമെന്നുള്ള പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കാന്‍ തയ്യാറാകാത്തത് ഈ വ്യവസായത്തെ നശിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമായി കാണണം. കള്ള് വ്യവസായത്തിന്റെ നവീകരണത്തിനും ഉത്പാദനത്തിനും വിതരണത്തിനും മൂല്യ വര്‍ദ്ധിത ഉത്പനങ്ങളുടെ വിപണനത്തിനും പ്രാധാന്യം നല്കി കള്ള് ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തു ജോലി എടുത്തു വരുന്ന തൊഴിലാളികളെ സഹായിക്കുന്ന തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പുതിയ നയത്തിലൂടെ സര്‍ക്കാര്‍ ഈ മേഖലയെ തകര്‍ത്തിരിക്കുകയാണ്. ത്രീ സ്റ്റാര്‍ മുതലുള്ള ഹോട്ടലുകളിലും വിനോദ സഞ്ചാര മേഖലയിലെ റിസോര്‍ട്ടുകളിലും കള്ള് ചെത്തി വില്‍ക്കാനുള്ള അനുമതി നല്‍കാനുള്ള തീരുമാനം, പരമ്പരാഗത വ്യവസായത്തില്‍ തൊഴിലെടുക്കുന്ന തൊഴിലാളികളെ വഞ്ചിക്കുന്നതാണ്. ബാര്‍-റിസോര്‍ട്ടു വ്യവസായികളില്‍ നിന്നും വലിയ സാമ്പത്തിക നേട്ടം സര്‍ക്കാരിനും പാര്‍ട്ടിക്കും ഉണ്ടാക്കുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. ആയതിനാല്‍ ഈ തിരുമാനം പിന്‍വലിച്ച് ടോഡി ബോര്‍ഡ് യഥാര്‍ത്ഥ്യമാക്കി വ്യവസായത്തെയും തൊഴിലാളികളേയും സംരക്ഷിക്കണം.
വളരെക്കാലമായി തൊഴിലാളി സംഘടനകളും തൊഴിലാളികളും ഉന്നയിച്ചു പോന്നിരുന്ന മറ്റൊരു പ്രധാന ആവശ്യവും ഈ നയത്തില്‍ അവഗണിക്കുകയും പരമ്പരാഗ കള്ള് വ്യവസായത്തോട് ചിറ്റമ്മ നയം എടുക്കുകയും ചെയ്തു. ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ശ്മശാനങ്ങള്‍, എന്നിവയില്‍ നിന്നും ത്രീ സ്റ്റാര്‍ ബാറുകള്‍ക്ക് 200 മീറ്ററും അതിനു മുകളിലുള്ളവയ്ക്ക് 50 മീറ്ററുമാണ് ദൂരപരിധി നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ കള്ളുഷാപ്പുകള്‍ക്ക് 400 മീറ്ററാണ്. വിദേശ മദ്യത്തില്‍ ആല്‍ക്കഹോളിന്റെ അളവ് 42% വരെയാണ്, കള്ളിന്റെ ആല്‍ക്കഹോളിന്റെ അളവ് 08% മാത്രമാണ്. കള്ളുഷാപ്പുകളുടെ ദൂരപരിധി 200 മീറ്റര്‍ ആയി കുറയ്ക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്നു മാത്രമല്ല ഷാപ്പുകളുടെ ദൂരപരിധി പൊതുവില്‍ പുനഃക്രമീകരിക്കുന്നത് ഉചിതമായി കാണുന്നിലെന്നാണ് ഉത്തരവിലുള്ളത്. ഇത് വിശദീകരിച്ചിട്ടുമില്ല. ആയതിനാല്‍ 42% ആല്‍ക്കഹോളിന്റെ അളവ് വരുന്ന മദ്യം വില്‍ക്കുന്ന ത്രീ സ്റ്റാര്‍ ബാറുകള്‍ക്കും അതിന് മുകളില്‍ സ്റ്റാറുകളുള്ളവയ്ക്കും 200, 50 മീറ്റര്‍ ദൂരപരിധിയുള്ളപ്പോള്‍ 08% ആല്‍ക്കഹോളിന്റെ അളവ് ഉള്ള കള്ള് വില്‍ക്കുന്ന ഷാപ്പുകള്‍ക്ക് 400 മീറ്റര്‍ ദൂരപരിധി തുടര്‍ന്നു പോകാനുള്ള നയം പരമ്പരാഗത കള്ള് വ്യവസായത്തെ തകര്‍ക്കാന്‍ ഈ സര്‍ക്കാര്‍ ആരില്‍ നിന്നോ അച്ചാരം വാങ്ങിയെന്ന് സംശയിച്ചാല്‍ കുറ്റംപറയരുത്. ആയതിനാല്‍ കള്ളുഷാപ്പുകളുടെ ദൂരപരിധി 200 മീറ്റര്‍ ആക്കണമെന്ന ആവശ്യം അംഗീകരിക്കണം.
ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും നില്ക്കുന്ന തെങ്ങുകളില്‍ നിന്നും കള്ള് ചെത്തി അതിഥികള്‍ക്ക് നല്കാന് അനുമതിനല്‍കാനുള്ള തീരുമാനത്തിലൂടെ കള്ള് വ്യവസായ മേഖലയ്ക്ക് എന്തു പുരോഗതിയാണു ഉണ്ടാകുന്നതെന്ന് മനസ്സിലാകുന്നില്ല. ഒന്നാമത്തെ കാര്യം ഇപ്പോള്‍ ചെത്താന്‍ പറ്റിയ തെങ്ങുകള്‍ നിറഞ്ഞു നില്ക്കുന്ന എത്ര ഹോട്ടലുകളും റിസോര്‍ട്ടുകളും ഉണ്ട് എന്നതാണ്. ഇനി വെച്ചുപിടിപ്പിച്ച് ചെത്തിയെടുക്കാന്‍ എത്ര കാലം വേണ്ടിവരും? അപ്പോള്‍ ഉടന്‍ നടപ്പാക്കാനുള്ള തീരുമാനമല്ലല്ലോ? പശുവിനെ കറക്കുന്നതു പോലെ അതിഥി വരുമ്പോഴെല്ലാം തെങ്ങില്‍ നിന്നു കള്ള് എടുക്കാന്‍ കഴിയുമോ എന്ന് തൊഴിലെടുക്കുന്ന ചെത്തുതൊഴിലാളിയോടൊന്നു ചോദിച്ചു മനസ്സിലാക്കേണ്ടിയിരുന്നു. ഇത് ഈ മേഖലയില്‍ ഇന്ന് തൊഴിലെടുത്തു ജീവിക്കുന്ന യഥാര്‍ത്ഥ ചെത്തു തൊഴിലാളികളുടെ തൊഴിലും വേതനവും ഇല്ലാതാക്കി ബാര്‍-ഹോട്ടല്‍, റിസോര്‍ട്ട് ഉടമകളുടെ വരുതിയില്‍ കൊടുക്കാനും ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചു കുറഞ്ഞ കൂലി നല്കി കള്ള് ഉത്പാദനം നടത്താനുമുള്ള അവസരം സര്‍ക്കാര്‍ ഒരുക്കി കൊടുക്കുകയാണ്. പരമ്പരാഗത തൊഴില്‍ എന്ന പ്രത്യേകത നഷ്ടപ്പെടുത്തി എവിടെയും ചെത്തി എവിടെയും വില്‍ക്കാം എന്നുള്ള അവസ്ഥയുണ്ടാക്കി കളള് എന്ന വീര്യം കുറഞ്ഞ പനീയത്തെ വീര്യം ചേര്‍ത്തുവില്‍ക്കാനുള്ള അവസരം സൃഷ്ടിക്കുകയുമാണ്. ഈ രീതി നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ആയതിനാല്‍ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും അവരുടെ സ്ഥാപനങ്ങളില്‍ നില്ക്കുന്ന തെങ്ങു ചെത്തി വില്പന നടത്താനുള്ള അനുമതി നല്‍കരുത്.
കേരളത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസിന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യക്കച്ചവട ഷോപ്പുകളും ബാറുകള്‍, ബിയര്‍ വൈന്‍ഷോപ്പുകള്‍ തുടങ്ങിയവ കൂടാതെ പുതുതായി ബാറുകളും, ബിയര്‍ വൈന്‍ പാര്‍ലുകളും, ബീവറേജസ്സിന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും 250 വില്പനശാലകളും കൂടി തുറക്കാനുള്ള തീരുമാനം കേരളത്തിന്റെ തനതുപാനീയമായ കള്ളിന്റെ വില്പനയെ ബാധിക്കുകയും കള്ള് ഷാപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്യും. വീര്യം കൂടിയ സ്വദേശി-വിദേശ മദ്യം എവിടെയും ലഭിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളില്‍ മദ്യപാനശീലം വര്‍ദ്ധിക്കും. നാട്ടിലാകെ കുറ്റകൃത്യങ്ങളും അരാജകത്വവും വര്‍ദ്ധിക്കും. ആയതിനാല്‍ പുതിയ ബാറുകളും ബിയര്‍വൈന്‍ പാര്‍ലറുകളും ബീവറേജസ്സിന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും പുതിയ ഷോപ്പുകളും തുടങ്ങാനുള്ള നയത്തില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണം മദ്യവര്‍ജനമാണ് സര്‍ക്കാര്‍ നയം എന്നു പറയുമ്പോള്‍ തന്നെ പരമ്പരാഗത കള്ള് വ്യവസായത്തെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കാതെ വിദേശ്യമദ്യം വിറ്റും പുതിയ ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചും 50 കോടി അധികവരുമാനമുണ്ടാക്കാനുള്ള ശ്രമത്തില്‍ നാട്ടിലെ സാധാരണക്കാരേയും മദ്യ വ്യവസായത്തില്‍ തൊഴിലെടുത്തു ജീവിക്കുന്ന തൊഴിലാളികളേയും സര്‍ക്കാര്‍ മറക്കുകയാണ്.
ആര്. രാജശേഖരന്
(ബിഎംഎസ്സിന്റെ നേതൃത്വത്തിലുള്ള കേരള പ്രദേശ് ടോഡി &അബ്കാരി മസ്ദൂര്‍ ഫെഡറേഷന് വൈസ് പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: