പാലക്കാട്: ഓണമടുത്തിട്ടും സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില ലഭിക്കാതെ കര്‍ഷകര്‍. മാസങ്ങള്‍ക്ക് മുമ്പാണ് സപ്ലൈകോ നെല്ല് സംഭരിച്ചത്. നെല്ല് സംഭരണം വൈകിയതിനെ തുടര്‍ന്ന് കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ജില്ലയില്‍ നെല്ല് സംഭരിച്ചത്. ഈ നെല്ലിന്റെ വിലയാണ് ഇനിയും ലഭിക്കാനുള്ളത്.
ജില്ലയില്‍ 68,764 കര്‍ഷരില്‍ നിന്നാണ് രണ്ടാംവിള നെല്ല് സംഭരിച്ചത്. ഈ ഇനത്തില്‍ 506.95 കോടി രൂപയാണ് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ നാളിതുവരെയായും വില നല്‍കാതെ സംസ്ഥാന സര്‍ക്കാരും, സപ്ലൈകോയും കര്‍ഷകരെ വഞ്ചിക്കുകയായിരുന്നു. പാട്ടത്തിനെടുത്തും, വട്ടിപ്പലിശക്കാരില്‍ നിന്നും വായ്പയെടുത്തും കൃഷിയിറക്കിയ കര്‍ഷകരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്.
സംഭരണ വില നല്കണമെന്നാവശ്യപ്പെട്ട് വിവിധ കര്‍ഷകസംഘടനകള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി. കേന്ദ്രം നല്കുന്ന താങ്ങുവിലയെങ്കിലും നല്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. പ്രതിഷേധം കനത്തതോടെയാണ് ആദ്യഘട്ടത്തില്‍ 50,000 രൂപയില്‍ താഴെയുള്ള വില വിതരണം ആരംഭിച്ചത്. ഇതില്‍ ഉള്‍പ്പെട്ട 19,000ത്തോളം കര്‍ഷകര്‍ക്കായി 52.57 കോടിരൂപയാണ് നല്‌കേണ്ടത്. ഇതില്‍ ഭൂരിഭാഗവും നല്കിയെന്നാണ് അധികൃതര്‍ പറയുന്നത്. അരലക്ഷം മുതല്‍ ഒരു ലക്ഷം വരെ ലഭിക്കാനുള്ള 9717കര്‍ഷകരുടെ തുക വിതരണം ആരംഭിച്ചതായി പറയുന്നു.
അതേസമയം, ഒരുലക്ഷം രൂപയ്‌ക്ക് മുകളില്‍ സംഭരണവില ലഭിക്കാനുള്ള 9444 കര്‍ഷകരുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. എന്നാല്‍ സംഭരണവില ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ചിങ്ങം ഒന്നിന് കര്‍ഷകദിനത്തില്‍ കരിദിനമാചരിച്ച് ആയിരക്കണക്കിന് കര്‍ഷകര്‍ തെരുവിലറങ്ങയിത് ഇടതുസര്‍ക്കാരിനുള്ള താക്കീതായിമാറി. ഇതോടെയാണ് പണം വിതരണം ചെയ്യുന്നത് വേഗത്തിലാക്കാന്‍ ശ്രമം തുടങ്ങിയത്. നിലവില്‍ ജില്ലയില്‍ 250 കോടിയോളം രൂപയാണ് വിതരണം ചെയ്യാനുള്ളതെന്ന് കര്‍ഷകസംഘടനകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: