കൽപ്പറ്റ: മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യൂ പട്ടയ ഭൂമികളില്‍ നടന്ന അനധികൃത ഈട്ടിമുറിയുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണച്ചുതലയില്‍നിന്നു ഡിവൈഎസ്പി വി.വി. ബെന്നിയെ മാറ്റരുതെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് തത്പര കക്ഷികള്‍ ബെന്നിക്കെതിരേ പ്രചാരണം നടത്തുന്നുണ്ട്.
ഇതേത്തുടര്‍ന്നു സമ്മര്‍ദത്തിലായ ബെന്നി മുട്ടില്‍ മരം മുറി കേസ് അന്വേഷണച്ചുമതലയില്‍നിന്നു ഒഴിവാകുന്നതിന് സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കിയിരിക്കയാണ്.
ബത്തേരി ഡിവൈഎസ്പിയായിരിക്കെയാണ് ബെന്നിക്ക് മുട്ടില്‍ മരംമുറി കേസ് അന്വേഷണച്ചുമതല ലഭിച്ചത്. കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ ബെന്നി അന്വേഷണച്ചുമതലയില്‍നിന്നു ഒഴിവാകുന്നത് കേസിനെ ബാധിക്കും. ഏറെ സമ്മര്‍ദങ്ങളും ഭീഷണിയും അതിജീവിച്ചാണ് ഡിവൈഎസ്പി ബെന്നി കേസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്.
സംസ്ഥാന വ്യാപകമായി റവന്യൂ പട്ടയഭൂമികളിലുള്ള ഈട്ടി, തേക്ക് മരങ്ങള്‍ മുറിച്ചെടുക്കുന്നതിന് ഗൂഢാലോചന നടത്തിയവര്‍ ഇപ്പോഴും അധികാരത്തിലുള്ളത് മുട്ടില്‍ മരംമുറി കേസിന്റ ഭാവി ആശങ്കയിലാക്കുന്നതാണ്. കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് സത്യസന്ധരായ ഉദ്യോഗസ്ഥരെ നിഷ്‌ക്രിയരാക്കുന്നതിനും വ്യക്തിഹത്യ നടത്തി പുറംചാടിക്കുന്നതിനും ശ്രമം നടക്കുന്നത്. ഇതിനെതിരേ ശക്തമായി രംഗത്തുവരണമെന്ന് സമിതി ജനങ്ങളോട് ആഹ്വാനം ചെയ്തു.
പ്രസിഡന്റ് എന്‍. ബാദുഷ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് അമ്പലവയല്‍, തച്ചമ്പത്ത് രാമകൃഷ്ണന്‍, ബാബു മൈലമ്പാടി, എം. ഗംഗാധരന്‍, സി.എ. ഗോപാലകൃഷ്ണന്‍, സുലോചന രാമകൃഷ്ണന്‍, സണ്ണി മരക്കടവ്, പി.എം. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: