തിരുവനന്തപുരം: ബില്ലുകളില്‍ ഒപ്പിടാത്ത നടപടിയില്‍ ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമനടപടി വേണ്ടെന്ന് സംസ്ഥാന സർക്കാർ. നിർണായക ബില്ലുകളിൽ ഒപ്പിട്ടില്ലെങ്കിലും കോടതിയെ സമീപിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഗവര്‍ണറെ കൂടുതല്‍ പിണക്കേണ്ടെന്നാണ് ധാരണ. തുടര്‍നടപടികള്‍ കൂടുതല്‍ ആലോചനകള്‍ക്ക് ശേഷം മതി. ഗവര്‍ണര്‍ക്കെതിരെ തുറന്ന യുദ്ധം കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.
ഗവര്‍ണര്‍ക്കെതിരെ കോടതിയില്‍ പോകുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ നേരത്തെ നിയമോപദേശം തേടിയിരുന്നു. കോടതിയെ സമീപിക്കുന്നതിന് അനുകൂലമായ നിയമോപദേശവും ലഭിച്ചിരുന്നു. കോടതിയെ സമീപിച്ചാല്‍ സ്ഥിതി വഷളാകുമെന്നും, പിന്നീട് ഗവര്‍ണറുമായി ആശയവിനിമയം പൂര്‍ണമായും ബുദ്ധിമുട്ടിലാകുമെന്നുമാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, നിയമമന്ത്രി പി രാജീവുമായി ആശയവിനിമയം നടത്തിയതായാണ് സൂചന.
ലോകായുക്ത നിയമഭേദഗതി ബില്‍, സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നിക്കം ചെയ്യുന്നത് അടക്കമുള്ള ബില്ലുകള്‍ നിയമസഭ പാസ്സാക്കിയെങ്കിലും, ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടാത്തതിനെത്തുടര്‍ന്ന് രാജ്ഭവനില്‍ മാസങ്ങളായി കിടക്കുകയാണ്. ഈ ബില്ലുകൾ ഭരണഘടനാ വിരുദ്ധമാണെന്നും ഒപ്പിടുന്ന പ്രശ്നമില്ലെന്നുമാണ് ഗവർണറുടെ നിലപാട്.
നിയമസഭ പാസാക്കിയ ബില്ലുകൾ നിയമ വകപ്പിന്റെ പരിശോധനക്ക് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് വഴി രാജ്ഭവനിലെത്തിയിട്ടുണ്ട്. നിയമപരമായും ഭരണഘടനാപരമായും സാധുവാണോ എന്ന് ഗവര്‍ണര്‍ വിലയിരുത്താം. കൂടുതൽ വിശദീകരണം തേടാനും തൃപ്തികരമല്ലെങ്കിൽ സര്‍ക്കാരിലേക്ക് തിരിച്ചയക്കാനും ഗവര്‍ണര്‍ക്ക് കഴിയും. അതുമല്ലെങ്കിൽ രാഷ്ട്പതിയുടെ അംഗീകാരം തേടി കേന്ദ്രത്തിന് മുന്നിലെത്തിക്കാം.
ഒപ്പിടാൻ സമയപരിധി ഇല്ലെന്നിരിക്കെ ഇതൊന്നും ചെയ്യാതെ ഗവര്‍ണര്‍ അനിശ്ചിതമായി തീരുമാനം നീണ്ടിക്കൊണ്ട് പോകാനുള്ള സാധ്യതയും സര്‍ക്കാര്‍ തള്ളിക്കളയുന്നില്ല. നിയമസഭ പാസാക്കിയ ബില്ലിൽ ഗവര്‍ണര്‍ ഒപ്പിടുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിന് രാഷ്‌ട്രപതിയെ സമീപിക്കാം. അതുമല്ലെങ്കിൽ ബന്ധപ്പെട്ട കക്ഷികൾ വഴി സപ്രീംകോടതിയെ സമീപിക്കാനുമാകും.എന്നാല്‍ സ്ഥിതി വഷളാക്കേണ്ട എന്ന നിലപാടിലാണ് സർക്കാരിപ്പോഴുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: