ന്യൂദല്‍ഹി: കേരളത്തിലേക്ക് നിക്ഷേപം ഒഴുകുന്നുവെന്ന സംസ്ഥാനസര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും അവകാശവാദങ്ങള്‍ നുണക്കഥകളെന്ന് തെളിയിച്ച് ആര്‍ബിഐ റിപ്പോര്‍ട്ട്. പുതിയ നിക്ഷേപങ്ങള്‍ വരുന്നതില്‍ കേരളം ഏറെ പിന്നിലാണെന്ന് ബാങ്കുകളുടെ സഹായത്തോടെ പുതുതായി ആരംഭിക്കുന്ന പദ്ധതികളെകുറിച്ച് പഠിച്ച് റിസര്‍വ് ബാങ്ക് തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ നിക്ഷേപങ്ങള്‍ ആകര്ഷിക്കാനെതന്ന പേരില്‍ കോടികള്‍ മുടക്കി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന പരിപാടികളും ഇതോടെ സംശയത്തിന്റെ നിഴലിലായി.
മൊത്തം നിക്ഷേപ പദ്ധതികളുടെ 0.9 ശതമാനം അഥവാ 2,399 കോടി രൂപ മാത്രമാണ് കേരളത്തിന് ലഭിച്ചത്. അതേ സമയം രാജ്യത്താകെ നിക്ഷേപങ്ങളുടെ വരവില്‍ വലിയ കുതിപ്പാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 79.50 ശതമാനം വര്‍ധന. പുതിയ നിക്ഷേപങ്ങളില്‍ 16.2 ശതമാനവും ആകര്‍ഷിച്ച ഉത്തര്‍ പ്രദേശാണ് മുന്നില്‍. 43,180 കോടി രൂപയാണ് യുപിയിലേക്ക് നിക്ഷേപമായെത്തിയത്.
രാജ്യത്തെ വ്യാവസായികവല്‍ക്കരണത്തിന്റെ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നതാണ് റിപ്പോര്‍ട്ട്. 2014-15 നുശേഷം ഏറ്റവും ഉയര്‍ന്ന്, 3,52,624 കോടി രൂപയുടെ റിക്കാര്‍ഡ് മൂലധന നിക്ഷേപമാണ് രാജ്യത്തുണ്ടായത്. അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം വന്നത്. 2022-23 ലെ മൊത്തം പദ്ധതിച്ചെലവിന്റെ 57.2 ശതമാനം അഥവാ 2,01,700 കോടി രൂപ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഒഡീഷ, മഹാരാഷ്ട്ര, കര്‍ണാടക എന്നീ ആദ്യ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. ഈ സംസ്ഥാനങ്ങളിലെ വളര്‍ച്ച മുന്‍ വര്‍ഷത്തേക്കാള്‍ 43.2 ശതമാനം ഉയര്‍ന്നു.
പതിനാല് ശതമാനവുമായി ഗുജറാത്താണ് ഉത്തര്‍പ്രദേശിന് പിന്നില്‍. ഒഡിഷ(11.8), മഹാരാഷ്ട്ര(7.9), കര്‍ണാടക(7.3) എന്നീ സംസ്ഥാനങ്ങള്‍ അടുത്ത സ്ഥാനങ്ങളില്‍. ഗോവ(0.7), ആസാം(0.8) എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് പിന്നിലുള്ളത്.
2022 ഏപ്രില്‍ മുതല്‍ ആര്‍ബിഐ റിപ്പോ നിരക്ക് 250 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 6.50 ശതമാനമായി ഉയര്‍ത്തിയ സമയത്താണ് പുതിയ നിക്ഷേപങ്ങളുടെ വര്‍ധന ഉണ്ടായത്. ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ലഭിച്ച സാമ്പത്തിക സഹായത്തില്‍ 87.7 ശതമാനം വര്‍ധനയുണ്ടായി. 2021-22ലെ 1,41,976 കോടി രൂപ പദ്ധതിച്ചെലവുള്ള 401 പദ്ധതികളെ അപേക്ഷിച്ച് 2022-23ല്‍ 547 പദ്ധതികള്‍ക്കായി 2,66,547 കോടി രൂപ ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും സഹായം ലഭിച്ചു. 2022-23 ല്‍ 2,19,649 കോടി രൂപയുടെ മൂലധന നിക്ഷേപം സ്വകാര്യ കോര്‍പ്പറേറ്റ് മേഖല നടത്തുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ കോര്‍പറേറ്റ് നിക്ഷേപത്തില്‍ 6.7 ശതമാനം വര്‍ധനയുണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: