ഏഴ് വര്‍ഷമായി അധികാരത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ അലമാരയില്‍നിന്ന് അസ്ഥികൂടങ്ങള്‍ ഓരോന്നായി പുറത്തുവീഴുകയാണ്. കരിമണല്‍ സംസ്‌കരണം നടത്തുന്ന ഒരു കമ്പനിയില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ കൂടുതല്‍ പണം വാങ്ങിയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. സിഎംആര്‍എല്‍ എന്ന ഈ സ്വകാര്യ കമ്പനിയില്‍നിന്ന് വീണയുടെ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്‌സാലോജിക് എന്ന കമ്പനി ഒന്നേമുക്കാല്‍ കോടിയോളം രൂപ അനധികൃതമായി കൈപ്പറ്റിയെന്ന് ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡ് കണ്ടെത്തിയിരുന്നു. സേവനമൊന്നും നല്‍കാതെ ഇത്രയും തുക കൈപ്പറ്റിയത് അഴിമതിയാണെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും തുക സ്വന്തം നിലയ്‌ക്കും കമ്പനിയുടെ പേരിലും വീണ കൈപ്പറ്റിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇത് രാഷ്‌ട്രീയപ്രേരിതമായ ആരോപണമോ മാധ്യമങ്ങളുടെ വെളിപ്പെടുത്തലോ അല്ല. കോടതിയുടെ പദവിയുള്ള ഒരു സ്ഥാപനം കണ്ടെത്തിയതാണ്. ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചും വ്യക്തികളെ ചോദ്യം ചെയ്തുമാണ് ഈ സാമ്പത്തിക ക്രമക്കേട് പുറത്തുകൊണ്ടുവന്നത്. എന്നാല്‍ കൃത്യമായി പ്രതിക്കൂട്ടിലായിട്ടും പ്രതികരിക്കാന്‍ മുഖ്യമന്ത്രിയോ മകളോ തയ്യാറായിട്ടില്ല. രണ്ടുപേരും മാധ്യമങ്ങളുടെ മുന്നില്‍പ്പെടാതെ ഒളിച്ചുനടക്കുകയാണ്. കരിമണല്‍ ഖനനം പൊതുമേഖലയില്‍ വേണമെന്നു പറഞ്ഞ് സിപിഎമ്മും പിണറായി വിജയനും എതിര്‍ത്ത ഒരു കമ്പനിയില്‍നിന്നാണ് മകള്‍ മാസപ്പടി വാങ്ങിയത്. എത്ര പരിഹാസ്യമാണിത്!
മുഖ്യമന്ത്രിയുടെ മകളുടെ ഐടി കമ്പനിയെക്കുറിച്ച് നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വളരെക്കുറച്ച് നിക്ഷേപത്തോടെ തുടങ്ങിയ കമ്പനി വലിയ സാമ്പത്തികനേട്ടമുണ്ടാക്കിയതാണ് സംശയത്തിന് ഇടനല്‍കിയത്. ഇടതുമുന്നണി ഭരണകാലത്ത് ഉയര്‍ന്ന പല അഴിമതിയാരോപണങ്ങളുമായും ബന്ധപ്പെട്ട പ്രൈസ്‌വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന ഏജന്‍സിയുടെ ജയ്‌ക്ക് ബാലകുമാര്‍ എന്ന വ്യക്തി വീണ നടത്തുന്ന കമ്പനയുടെ ഉപദേശകനാണെന്ന വിവരം പുറത്തറിഞ്ഞത് വലിയ വിവാദത്തിനിടയാക്കി. ഈ ബന്ധത്തെക്കുറിച്ച് നിയമസഭയില്‍ ചോദ്യമുയര്‍ന്നപ്പോള്‍ ഇത് പച്ചക്കള്ളമാണെന്നും, വീട്ടിലിരിക്കുന്നവരെ അനാവശ്യമായി വലിച്ചിഴക്കരുതെന്നുമൊക്കെ പറഞ്ഞ് പൊട്ടിത്തെറിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ആരോപണത്തെ വസ്തുനിഷ്ഠമായി നിഷേധിക്കാനോ, അത് ഉയര്‍ത്തിയ ആള്‍ക്കെതിരെ കേസുകൊടുക്കാനോ മുഖ്യമന്ത്രിയും മകളും അന്ന് തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്. ഇതില്‍നിന്നുതന്നെ ഇരുവരുടെയും കൈകള്‍ ശുദ്ധമല്ലെന്ന ധാരണയുണ്ടായി. കോടതി കയറിയാല്‍ പിടിക്കപ്പെടുമെന്നുള്ളതുകൊണ്ടാണ് രണ്ടുപേരും കേസിനു പോകാതിരുന്നത്. ഇതിനെക്കാള്‍ ഗുരുതരമായ വിവരങ്ങളാണ് എക്‌സാലോജിക് കമ്പനിയ്‌ക്കെതിരെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എന്നിട്ടും ഉത്തരവാദിത്വം മാധ്യമങ്ങളുടെ തലയില്‍ വച്ചുകെട്ടി രക്ഷപ്പെടാനുള്ള ശ്രമമാണ് നടക്കുന്നത്. ചാനല്‍ ചര്‍ച്ചകളിലും മറ്റും ഇങ്ങനെ ചെയ്ത് സിപിഎം നേതാക്കള്‍ നിരന്തരം നാണംകെടുകയാണ്. കൈതോലപ്പായയില്‍ പിണറായി കോടികള്‍ പൊതിഞ്ഞു കൊണ്ടുപോയി എന്ന വെളിപ്പെടുത്തലുണ്ടായപ്പോഴും ഇതേ സമീപനംതന്നെയാണ് സിപിഎം സ്വീകരിച്ചത്. ആ വെളിപ്പെടുത്തല്‍ നടത്തിയ ജി. ശക്തിധരന്‍ കരിമണല്‍ കമ്പനിയുടമയില്‍നിന്ന് പാര്‍ട്ടി വേറെയും പണം പറ്റിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നു.
സിപിഎമ്മുമായും സര്‍ക്കാരുമായും ബന്ധമില്ലാത്ത കാര്യം പാര്‍ട്ടിയുടെ അക്കൗണ്ടില്‍പ്പെടുത്തേണ്ടെന്നാണ് എം.വി. ഗോവിന്ദന്‍ മുതലായ നേതാക്കള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഉന്നതവ്യക്തിയുമായുള്ള ബന്ധംകൊണ്ടാണ് വീണയ്‌ക്കും എക്‌സാലോജിക്കിനും പണം നല്‍കിയതെന്ന് കരിമണല്‍ സംസ്‌കരണ കമ്പനിയുടെ ഉടമ മൊഴി നല്‍കിയിട്ടുണ്ട്. ഇത് പാര്‍ട്ടി ബന്ധമല്ലെങ്കില്‍ മറ്റെന്താണെന്ന് വിശദീകരിക്കാന്‍ സിപിഎം തയ്യാറാവണം. പ്രശ്‌നം പാര്‍ട്ടിയുടെ അക്കൗണ്ടില്‍പ്പെട്ടതാണെന്ന് സിപിഎം നേതൃത്വത്തിനുതന്നെ അറിയാം. അതുകൊണ്ടാണല്ലോ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്ന് മുഖ്യമന്ത്രിയേയും മകളെയും ന്യായീകരിച്ചത്. മുഖ്യമന്ത്രിയെ പ്രതിരോധിക്കുന്നത് മനസ്സിലാക്കാം. പാര്‍ട്ടിയുടെ യാതൊരു പദവിയും വഹിക്കാത്ത, പാര്‍ട്ടി അംഗംപോലുമല്ലാത്ത മകളെ ന്യായീകരിക്കേണ്ട ആവശ്യമെന്തായിരുന്നു? മുഖ്യമന്ത്രിയുമായും കുടുംബവുമായും ബന്ധപ്പെട്ട ഏത് അഴിമതിയും ഏറ്റെടുക്കാന്‍ പാര്‍ട്ടി ബാധ്യസ്ഥമാണ്. അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ നേതാക്കള്‍ വിവരമറിയും. കാരണഭൂതന്‍ അടങ്ങിയിരിക്കില്ല. ഇത് നന്നായറിയാവുന്നതുകൊണ്ടാണ് ചില നേതാക്കള്‍ പിണറായിയുടെ ചാവേറുകളെപ്പോലെ പെരുമാറുന്നത്. പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനുപോലും ലഭിക്കാത്ത ആനുകൂല്യമാണിത്. മക്കള്‍ കേസില്‍പ്പെട്ടപ്പോള്‍ അതിന് പാര്‍ട്ടി ബന്ധമില്ലെന്ന് പറയാനുള്ള മാന്യതയെങ്കിലും കോടിയേരി കാണിച്ചു. ആ മാന്യതയും മര്യാദയുമാണ് മുഖ്യമന്ത്രിയായിരുന്നിട്ടും പിണറായിയില്‍നിന്ന് ഉണ്ടാവാത്തത്. പ്രശ്‌നത്തില്‍ കേന്ദ്ര ഏജന്‍സിയായ ഇഡി അന്വേഷണം തുടങ്ങിയെന്നാണ് അറിയുന്നത്. ഇപ്പോഴത്തെ കുരുക്കില്‍നിന്ന് രക്ഷപ്പെടുക പിണറായിക്ക് എളുപ്പമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: