ഇത്തരം ചിന്താപരവശനായി വിപ്രോത്തമന്‍ അത്യന്തം ധ്യാനാഭ്യാസംചെയ്തു വാനരനെന്നപോലെ ചാഞ്ചല്യമേറെയുള്ള മാനസം വിഷയങ്ങളില്‍ പോകമൂലം ആനന്ദം വളര്‍ത്തുന്നതായ നല്ല സമാധാനപ്രതിഷ്ഠയെ പ്രാപിച്ചില്ല. ബ്രാഹ്മണശ്രേഷ്ഠനാകുന്ന അദ്ദേഹത്തിന്റെ ചിത്തമാകുന്ന മര്‍ക്കടം ചിലനേരം പുറമേചേരും വിഷയങ്ങളെ ത്യജിച്ചിട്ട് ഇച്ഛാപരികല്പിത വിഷയങ്ങളെ പ്രാപിച്ചീടും. ചിലപ്പോള്‍ ആന്തരികമായീടും വിഷയത്തെക്കളഞ്ഞു ബാഹ്യമായ വിഷയത്തെ കൈക്കൊള്ളും. ആ ബ്രാഹ്മണന്റെ ചിത്തം ചിലപ്പോള്‍ ത്രസ്ത(ഭയപ്പെട്ട)പക്ഷിയെന്നപോലെ പറന്നുപോയീടും. ചിലപ്പോള്‍ ബാലസൂര്യാഭമായി വിസ്തൃതമായിവിളങ്ങുന്ന നല്ല തേജസ്സുകാണും. ചിലപ്പോള്‍ അതിയായുള്ള അന്ധകാരത്തെ കാണും. ഈവണ്ണം പര്യാകുല(കലങ്ങിയ)മാനസനായി ബ്രാഹ്മണന് ഉള്ഖേദത്തോടെ ഏറ്റവും അലഞ്ഞു. ആരാലും പ്രാപിക്കുവാന്‍ കഴിഞ്ഞീടാത്തതായും ആരുമില്ലാത്തതായുമുള്ള ഗുഹയെ ആ മുനിനായകന്‍ മോക്ഷസ്ഥാനത്തെയെന്നവണ്ണം ഒരിക്കല്‍ പ്രാപിച്ചു. ഇലകളെക്കൊണ്ട് ആസനം നന്നായിച്ചമച്ച് മാനസത്തിങ്കലുള്ള സങ്കല്പം കുറവുചെയ്ത് ബുധനെന്നതുപോലെ വാണു രാമചന്ദ്ര! വടക്കെ ദിക്കിലോട്ടു നോക്കിക്കൊണ്ട് ദൃഢമായി പത്മാസനം ബന്ധിച്ച് ആ ബ്രാഹ്മണന് നന്നായിട്ട് അണ്ഡം രണ്ടും പാര്‍ഷ്ണികള്‍(കുതികാല്)കൊണ്ടു താങ്ങി ധന്യനദ്ദേഹം ബ്രാഹ്മമാകുന്ന അഞ്ജലിചെയ്തു, ഭൂസുരകുലോത്തമന് മാനസമൃഗത്തിനെ വാസനാജാലത്തില്നിന്ന് വേര്‍പെടുത്തി. രാമ! നീ കേള്‍ക്കുക, പിന്നെ നിര്വികല്പമാകുന്ന സമാധിക്കായി ഇപ്രകാരം വിചാരിച്ചു- “മൂര്‍ഖത വളരെയേറുന്ന ചിത്തമേ! നിനക്കെന്താണ് സംസാരവൃത്തികളാല് ഒരുകാര്യം? ഒടുവില്‍ ദുഃഖമേറ്റം നല്കീടും പ്രവൃത്തിയെ നല്ല ബുദ്ധിയുള്ളവരാരെങ്കിലും തൊടുമോ? ശമമാകുന്ന രസായനം നന്നല്ലെന്ന് ഉപേക്ഷച്ചിട്ട് അമിതഭോഗങ്ങളെ ആഗ്രഹിക്കുവാന്‍ ശ്രമിക്കുന്നവന് ഏവനാണ്? കല്പവൃക്ഷസുന്ദരമാകുന്ന കാടുവെടിഞ്ഞവന് വിഷവൃക്ഷം നിറഞ്ഞുള്ള കാട്ടില്‍ ചെല്ലും. പാതാളത്തിലെത്തിയാലും പെട്ടെന്ന് സത്യലോകത്തേയ്ക്കു ചെന്നീടിലും നല്ല ഉപശമമായീടും പീയൂഷംകൊണ്ടല്ലാതെ നിര്‍വൃതിയെ പ്രാപിക്കില്ല എന്ന്ചിത്തമേ നീ ധരിക്കുക. ഭാവാഭാവമായാത്മികയായി എത്രയും വൈചിത്ര്യമാര്ന്നുള്ള ഈ കല്പനയെല്ലാം സന്തതം സന്താപത്തെ നല്കീടുമെന്നല്ലാതെ ഒരിക്കലും സന്തോഷം അല്പംപോലും നല്‍കില്ലെന്നു നീ ഓര്‍ക്കുക. ഹന്ത! മൂര്ഖചിത്തമേ! വെറുതേ എന്തിനു നീ ശബ്ദാദി വിഷയങ്ങളില്‍ ഭ്രമിക്കുന്നു? സാരമായ ഫലത്തെ പ്രാപിപ്പതും പരമാനന്ദം തനിക്കുണ്ടാകുന്നതുമായ നല്ല ശാന്തിയിങ്കല് എന്തുകൊണ്ടാണു നീ മഹാമൂര്ഖാ! തെല്ലും സ്ഥിതിചെയ്യാത്തത്. ശബ്ദാനുസാരിയാകുന്ന ബുദ്ധിയോടെ നിഷ്ഫലമായുള്ള ഉദ്യമംകൊണ്ടു നന്നായി വര്‍ദ്ധിച്ചിട്ടുള്ള കേള്‍വിയെ പ്രാപിച്ചിട്ടു ലുബ്ധക(പിശുക്കന്)ചാരുഗാനാസക്തമാകുന്ന മാനിനെപോലെ മൂര്ഖ! നീ നശിക്കേണ്ട. മൂര്ഖചേതസ്സേ! ഉന്മുഖമായ സ്പര്ശംഹേതുവായി ദുഃഖത്തിനായി ത്വഗിന്ദ്രിയത്തെ പ്രാപിച്ചു നീ ഹന്ത! നല്ല പിടിയാനയിലുള്ള ആശകൊണ്ട് ആനയെന്നതുപോലെ കഷ്ടത്തിലായിടേണ്ട.
ദുരന്തങ്ങളെ ഭക്ഷിക്കുവാന്‍ ആശയോടും പെട്ടെന്ന് രസനേന്ദ്രിയത്വത്തെ പ്രാപിച്ച് ചൂണ്ടലില്‍ കോര്ത്തീടുന്നോരു ഇരയില്‍ പാരം കൊതിപൂണ്ട മല്സ്യമെന്നതുപോലെ നീ നശിക്കേണ്ട. ഗന്ധത്തില്‍ വളരെ ആഗ്രഹം കൈക്കൊണ്ട് ഘ്രാണമാര്ഗം പ്രാപിച്ചു വണ്ടുപോലെ നീ ശരീരസാരകോടരത്തില് ബന്ധനം പ്രാപിക്കാതെ സൂക്ഷിച്ചുകൊണ്ടീടണം. ആന, മല്‍സ്യം, വണ്ട്, ശലഭം, മാനുകള്‍ ഇവ ഓരോരോ വിഷയത്താല്‍ നാശത്തെ പ്രാപിക്കുന്നു. ഒന്നിച്ച് ഈ അനര്ത്ഥങ്ങളഞ്ചും ചേര്‍ന്ന് വാണീടുന്നവന്ന് സൗഖ്യമെങ്ങനെയുണ്ടാകുന്നു? നിന്നെ ബന്ധിപ്പാനുള്ളതാണീ വാസനാജാലമെന്നു ചേതസ്സേ! നീ സംശയമില്ലാതെ ധരിക്കുക. അതിനെക്കളഞ്ഞ് ശാന്തിയെ പ്രാപിക്കുകില്‍ അതിയായ ജയമാകും നിനക്ക്. ചിത്തമേ! ഹന്ത! നിന്നോടെന്തിനായിക്കൊണ്ടാണു ഞാനിത്തരം ഓരോന്നെല്ലാം ഇപ്പോള്‍ പറയുന്നത്? നന്നായി വിചാരിക്കുന്ന പുരുഷനു നീതന്നെ ഇല്ലെന്നാകുമെന്നതില് സംശയമില്ല. അന്തമില്ലാത്ത ഒരാത്മതത്ത്വസംസ്ഥിതി ചിന്തിക്കില്‍ സൂക്ഷ്മമായ ചേതസ്സിലുണ്ടായിടാ. ആനകള്‍ ചെറിയ കൂവളക്കായയുടെ അന്തര്ഭാഗത്തില് വസിക്കുന്നുണ്ടാകുമോ? ഇന്നു ഞാന്‍ കാല്പാദവിരലുകള്മുതല് തലയോളം അല്പാല്പമായി നന്നായിട്ടാലോചിച്ചു നോക്കി. ‘ഞാ’നെന്നിങ്ങനെ ചൊല്ലീടുന്നതിനര്ത്ഥം എന്തോന്നാണെന്നു ബോധിച്ചീലാ, ‘ഞാ’നെന്നതേതാകുന്നു?
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: