ആലപ്പുഴ: ലഹരി പരിശോധനയ്ക്കെത്തിയ പോലീസിന് നേരെ ഭീഷണിയും അസഭ്യവര്‍ഷവുമായി സിപിഎം നേതാവ്. കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഹെബിന് ദാസാണ് പോലീസിനെ ഭീഷണിപ്പെടുത്തിയത്. നാര്‍കോട്ടിക്സ് സെല്‍ സീനിയര്‍ സിപിഒ ഷൈന്‍ കെ.എസിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്ത് വന്നു. ശബ്ദരേഖ പോലീസുദ്യോഗസ്ഥന് സ്ഥിരീകരിച്ചു.
കഞ്ഞിക്കുഴി ബ്ലോക്ക് ഓഫീസിന് സമീപം യുവാക്കള്‍ കൂട്ടംകൂടുകയും ലഹരി ഉപയോഗിക്കുകയും ചെയ്യുന്നു എന്ന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ലഹരിവിരുദ്ധ സ്ക്വാഡിന് കൈമാറിയിരുന്നു. അതിനെ തുടര്‍ന്ന് ഡാന്‍സാഫ് സംഘം ഇവിടെ പരിശോധനയ്ക്കെത്തി. അവിടെയുണ്ടായിരുന്ന യുവാക്കളുടെ കൂട്ടത്തില്‍ ഹെബിന് ദാസിന്റെ ബന്ധുവുമുണ്ടായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ പോലീസിനോട് തട്ടിക്കയറി. തുടര്‍ന്ന് സ്റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇയാളുടെ ഫോണ്‍ പോലീസ് വാങ്ങിവച്ചു. ഇതാണ് ഹെബിന്‍ദാസിനെ പ്രകോപിപ്പിച്ചത്.
കര്‍ശനമായ നടപടികളുണ്ടാകുമെന്നു പറഞ്ഞായിരുന്നു പോലീസുദ്യോഗസ്ഥനു നേരെ ഹെബിന് ദാസിന്റെ ഭീഷണിയും അസഭ്യവര്‍ഷവും. പാര്‍ട്ടി ഗ്രൂപ്പുകളിലും ഹെബിന് ദാസിന്റെ ശബ്ദസന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇയാള്‍ക്കെതിരെ നടപടി വേണമെന്ന് പാ
ര്‍ട്ടിയില്‍ നിന്നുള്ള ഒരു വിഭാഗം ആവശ്യപ്പെടുകയും ചെയ്തു.
”ഞാനിപ്പോള്‍ സ്ഥലത്തില്ല. നാളെ വന്നു കഴിഞ്ഞാല്‍ ഞാന്‍ അവന്മാരെ ഊരും. അത് ഉറപ്പാ. അതു വേറെ കാര്യം. ഞാന്‍ സാറിനെ വിളിക്കാന്‍ കാര്യം അതാണ്. അവനെ ഊര്. എന്നിട്ട് ബാക്കി എന്താന്നുവച്ചാ ചെയ്യ്. അവന്റെ മൊബൈല്‍ മേടിച്ചുവച്ചെന്ന് പറഞ്ഞു. എസ്ഐ അല്ല, ആരായാലും ഞാന്‍ അങ്ങോട്ടു വന്നാല്‍ കൈകാര്യം ചെയ്യും. അതു വേറെ കാര്യം. സാറെ, ആവശ്യമില്ലാത്ത പരിപാടി എടുക്കേണ്ട കേട്ടോ. അതു ഞാന്‍ ആദ്യമേ പറയുകയാണ്. സര് അറിഞ്ഞിട്ട് നമ്മുടെയടുക്കല്‍ ആ പണി കാണിക്കരുത്. സാറൊന്നും പറയേണ്ട. അതു ശരിയായില്ല.” ശബ്ദരേഖയില്‍ ഹെബിന് ദാസ് പറയുന്നു. കഴിഞ്ഞ മാസം നടന്ന സംഭവത്തിന്റെ ശബ്ദരേഖ ഇപ്പോഴാണ് പുറത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: