ന്യൂദല്‍ഹി: സ്വന്തം ഭാഷയില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുക എന്ന എല്ലാ ഇന്ത്യക്കാരുടെയും സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്ന ഭാഷിണിപുതിയ ഡിജിറ്റല്‍ വിപ്ലവത്തിന് വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സമ്പദ് വ്യവസ്ഥയെന്ന സ്വപ്നമാണ് ഇതിലൂടെ മോദി യാഥാര്‍ത്ഥ്യമാക്കുന്നത്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിന് ഭാഷ തടസ്സമാകാതിരിക്കുക എന്നതാണ് ഭാഷിണി ചെയ്യുന്നത്. ഓരോ ഇന്ത്യക്കാരനും അവന്റെ സ്വന്തം മാതൃഭാഷയില്‍ കാര്യങ്ങള്‍ വായിക്കാനും പഠിക്കാനും മനസ്സിലാക്കാനും ആസ്വദിയ്ക്കാനും ഭാഷിണി പ്ലാറ്റ് ഫോമിലൂടെ സാധിക്കും.
ജൂലായ് നാലിന് ഷാങ് ഹായി കോ-ഓപറേഷന് ഓര്ഗനൈസേഷന് (എസ് സിഒ) യോഗത്തിലാണ് പ്രധാനമന്ത്രി ഭാഷിണി ആദ്യമായി പുറത്തിറക്കിയത്. ഭാഷാ വിവര്‍ത്തന എഐ സംവിധാനമായ ഭാഷിണിയെക്കുറിച്ച് ശനിയാഴ്ച നടന്ന ജി20 ഡിജിറ്റല്‍ ഇക്കോണമി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാചാലനായി. കൃത്രിമബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ പ്ലാറ്റ്ഫോം എല്ലാ ഭാഷകളിലേക്കും വിവര്‍ത്തനം അനായാസമാക്കുന്നതോടെ ഇന്ത്യയുടെ ഭാഷാ അതിരുകള്‍ മാഞ്ഞ് പോകും. നിര്‍മിത ബുദ്ധി ഉപയോഗിച്ച് ഇന്ത്യ വികസിപ്പിച്ച ഭാഷാ വിവര്‍ത്തന പ്ലാറ്റ്ഫോമാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുന്ന ‘ഭാഷിണി’.
ഭാഷിണി എന്ന വിവര്‍ത്തന സംവിധാനത്തിലൂടെ എല്ലാ ഇന്ത്യക്കാരെയും ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതുന്നു. ഡിജിറ്റല്‍ ഇക്കോണമി വര്‍ക്കിംഗ് ഗ്രൂപ്പ് മിനിസ്റ്റേഴ്സ് മീറ്റിനെ വിര്‍ച്വലായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയുടെ ഭാഷിണി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഡിജിറ്റല്‍ മേഖലയില്‍ ഉള്‍ക്കൊള്ളിക്കുമെന്ന് മോദി പറഞ്ഞു.
ഈ ഭാഷാ വിവര്‍ത്തന ഉപകരണം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ലക്ഷ്യമിട്ടുള്ളതാണ്. ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന എല്ലാ ഭാഷകളിലേക്കും ഭാഷിണി എത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ ഡിജിറ്റല്‍ പുരോഗതിയെയും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ ഡാറ്റാ നിരക്കുകളാണ് ഇന്ത്യയിലുള്ളത്. ഇന്ന് രാജ്യത്ത് 85 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ട്. അവര്‍ക്കെല്ലാം കുറഞ്ഞ നിരക്കിലാണ് ഡാറ്റ ലഭ്യമാവുന്നതെന്നും മോദി പറഞ്ഞു.
രാജ്യത്തെ എല്ലാ വിഭാഗം ആളുകള്‍ക്കും സാമ്പത്തിക പുരോഗതി ഉണ്ടാക്കാനായി ഇന്ത്യ സാങ്കേതികവിദ്യയെ എങ്ങനെ ആശ്രയിച്ചു എന്നും മോദി വ്യക്തമാക്കി. രാജ്യത്തെ 130 കോടി ജനങ്ങളെയും ആധാറുമായി ബന്ധിപ്പിച്ചു. ജന്‍ ധന് ബാങ്ക് അക്കൗണ്ടുകള്‍, ആധാര്‍, മൊബൈല്‍ ബന്ധിപ്പിക്കല്‍ എന്നിവയിലൂടെ ഇന്ത്യയില്‍ എല്ലാ വിഭാഗം ആളുകളുടെയും പുരോഗതിയെ പുതിയൊരു പാതയിലേക്ക് കൊണ്ടുപോയെന്നും മോദി പറഞ്ഞു. മാനവികത നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യാന്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഒരു പരിസ്ഥിതിയെ രൂപപ്പെടുത്തിയെടുക്കണമെന്നും മോദി നിര്‍ദേശിച്ചു. സഹകരണവും, നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ അത് സാധ്യമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഭാഷിണി എന്ന പുതിയ പ്ലാറ്റ് ഫോം വികസിപ്പിച്ചെടുക്കാന്‍ മോദി സര്‍ക്കാര്‍ തുനിഞ്ഞതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. ചാറ്റ് ജിപിടി തരംഗമാകുന്നതിന് മുമ്പ് 2021-22 കേന്ദ്ര ബജറ്റില്‍ ഇന്ത്യ ഭാഷാ വിവര്‍ത്തനത്തെ കുറിച്ച് പ്രഖ്യാപിച്ചിരുന്നു. ഒരു സര്‍വേയുടെ അടിസ്ഥാനത്തിലായിരുന്നു ഈ പ്രഖ്യാപനം. ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാത്തവരില്‍ നടത്തിയ സര്‍വേയില്‍ 50 ശതമാനം ആളുകളും പറഞ്ഞത്, സ്വന്തം ഭാഷയില്‍ ഇന്റര്‍നെറ്റ് ലഭ്യമായാല്‍ അത് ഉപയോഗിക്കുമെന്നായിരുന്നു. ഇതാണ് ഭാഷിണിയുടെ ജനനത്തിന് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: