സ്വതസിദ്ധമായ ശൈലിയിലൂടെ ആരാധക ഹൃദയങ്ങളെ ഇളക്കി മറിക്കുന്ന സൂപ്പര്‍താരം രജനീകാന്ത് വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെത്തി. തലസ്ഥാനമായ ലക്നൗവില്‍ എത്തിയ തലൈവര്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ ജയിലര്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം കാണുമെന്ന് മാധ്യമങ്ങളെ അറിയിച്ചു.
ജയിലറുടെ വിജയം ദൈവത്തിന്റെ അനുഗ്രഹമാണെന്ന് രജനീകാന്ത് പ്രതികരിച്ചു. താരം ലക്നൗവിലെ ചില ആത്മീയ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുമെന്നും വാര്‍ത്തയുണ്ട്.
നേരത്തേ താരം ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലുമെത്തിയിരുന്നു. വെള്ളിയാഴ്ച സംസ്ഥാനത്തെ ചിന്നമസ്താ ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തി. ഞാന്‍ ചിന്നമസ്താ ക്ഷേത്രത്തില്‍ പോയി. വര്‍ഷങ്ങളായി ക്ഷേത്രം സന്ദര്‍ശിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മൂന്നാം തവണയാണ് ക്ഷേത്രത്തിലെത്തുന്നതെന്ന് പറഞ്ഞ സൂപ്പര്‍ താരം ഇനി എല്ലാ വര്‍ഷവും ക്ഷേത്രത്തിലെത്തുമെന്നും വെളിപ്പെടുത്തി.റാഞ്ചിയിലെ യഗോദ ആശ്രമത്തിലും ഒരു മണിക്കൂര്‍ ധ്യാനം നടത്തി. തുടര്‍ന്ന് രാജ്ഭവനില്‍ ഗവര്‍ണര്‍ സി പി രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. സിനിമയുടെ റിലീസിന് ശേഷം അനുഗ്രഹം തേടി രജനികാന്ത് ബദരീനാഥ് ക്ഷേത്രത്തിലുമെത്തിയിരുന്നു.
ജയിലര്‍ റിലീസറിന് മുന്നോടിയായി താരം ഹിമാലയത്തിലേക്ക് ആത്മീയ യാത്രയും നടത്തി. പലപ്പോഴും ഹിമാലയം സന്ദര്‍ശിക്കാറുണ്ടെന്ന് താരം വെളിപ്പെടുത്തി. എന്നാല്‍, കോവിഡ് മഹാമാരി ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ കഴിഞ്ഞ നാല് വര്‍ഷമായി ഹിമാലയം സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല.
നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്ത ജയിലറില്‍ രമ്യാ കൃഷ്ണന്, തമന്ന ഭാട്ടിയ, വിനായകന്, ഹാസ്യനടന് യോഗി ബാബു എന്നിവരും അഭിനയിക്കുന്നുണ്ട്.മോഹന്‍ലാലും ജാക്കി ഷ്രോഫും അതിഥി വേഷത്തില്‍ എത്തുന്നു. ചിത്രത്തില്‍ രജനികാന്ത് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ പിതാവിനെയാണ് അവതരിപ്പിക്കുന്നത്. ഈ മാസം 10 ന് റിലീസ് ചെയ്ത ചിത്രം എട്ട് ദിവസം കൊണ്ട് 235.65 കോടി രൂപയാണ് നേടിയതെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: