ഡബ്ലിന്‍: മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ പേസ് ബോളര്‍ ജസ്പ്രീത് സിങ് ബുംറ ഇന്ന് കളിക്കിറങ്ങും. അയര്‍ലന്‍ഡിനെതിരായ ഇന്ത്യയുടെ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരമാണിന്ന്. ഡബ്ലിനില്‍ രണ്ട് ദിവസം മുമ്പേ ഇന്ത്യന്‍ ടീം എത്തി പരിശീലനം ആരംഭിച്ചുകഴിഞ്ഞു. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നീണ്ട 11 മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ബുംറ രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കുന്നത്. ഇന്നത്തെ മത്സരത്തില്‍ തിരിച്ചുവരവിനൊപ്പം നായകന്‍ എന്ന അധിക ഉത്തരവാദിത്തം കൂടി താരത്തിനുണ്ട്. മൂന്ന് മത്സരങ്ങളും ഡബ്ലിനിലെ ദ വില്ലേജ് സ്റ്റേഡിയത്തിലാണ് നടക്കുക. ഞായറാഴ്ചയാണ് രണ്ടാം ട്വന്റി20. മൂന്നാമത്തെയും അവസാനത്തെയും മത്സരം ബുധനാഴ്ച നടക്കും. മത്സരങ്ങളെല്ലാം ഇന്ത്യന്‍ സമയം രാത്രി 7.30ന് ആരംഭിക്കും.
മൂന്ന് മത്സരങ്ങളിലും മലയാളി താരം സഞ്ജു വി സാംസണ്‍ കളിക്കുമെന്ന് ഉറപ്പായി. അയര്‍ലന്‍ഡിലുള്ള 15 അംഗ ഇന്ത്യന്‍ ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍ സഞ്ജു ആണ്. വിന്‍ഡീസ് പര്യടനത്തില്‍ താരത്തെ കളിപ്പിക്കാന്‍ വിവിധ കോണുകളില്‍ നിന്ന് ആദ്യം മുറുവിളിയുയര്‍ന്നിരുന്നു. അവസരം നല്‍കിയപ്പോള്‍ സ്ഥിരത പുലര്‍ത്താനാവാതെ പോയത് നിരാശപ്പെടുത്തിയിരുന്നു.
വിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യയുടെ നിര്‍ണായക താരമായി മാറിയ തിലക് വര്‍മ അയര്‍ലന്‍ഡില്‍ ഇറങ്ങും. റുട്ടുരാജ് ഗെയ്‌ക്ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ക്കൊപ്പം പ്രധാന താരാമായാണ് തിലക് വര്‍മ ഉള്‍പ്പെട്ടിരിക്കുന്നത്.
പ്രധാന പരിശീലകന്‍ ഇല്ലാതെയാണ് ഇന്ത്യ അയര്‍ലന്‍ഡില്‍ എത്തിയത്. കരീബിയന്‍ പര്യടനത്തിലായിരുന്ന ഇന്ത്യന്‍ ടീമിനൊപ്പം അമേരിക്കയിലാണ് പ്രധാന പരിശീലകന്‍ രാഹുല്‍ ദ്രാവിഡും സപ്പോര്‍ട്ടിങ് സ്റ്റാഫുകളും. സാധാരണയായി ഇങ്ങനെയുള്ള അവസരങ്ങളില്‍ വിവിഎസ് ലക്ഷ്മണിന് പ്രധാന പരിശീലകന്റെ ചുമതല നല്‍കി ടീമിനൊപ്പം ചേര്‍ക്കാറുണ്ട്. പക്ഷെ അയര്‍ലന്‍ഡിലേക്ക് പോയ ഇന്ത്യന്‍ ടീമില്‍ ലക്ഷ്മണോ സഹപരിശീലകരോ ഉണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: