ന്യൂദല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയത് ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി).
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വാദ്ര ജാമ്യ വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന് ഇ ഡി കോടതിയെ അറിയിച്ചു. വാദ്ര ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് തെളിയിക്കുന്ന അധിക സത്യവാങ്മൂലം സമര്‍പ്പിക്കാമെന്ന് ഇഡിക്കുവേണ്ടി ഹാജരായ അഭിഭാഷകന് കോടതിയെ അറിയിച്ചു. അതിനായി ജസ്റ്റിസ് സുധീര്‍ കുമാര്‍ രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. ഇതുസംബന്ധിച്ച് സപ്തംബറില്‍ വാദം കേള്‍ക്കും.
2019 ഏപ്രില്‍ ഒന്നിനാണ് വിചാരണ കോടതി വാദ്രയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇത് ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ലണ്ടനില്‍ 18 കോടിയിലധികം രൂപയുടെ സ്വത്ത് വാങ്ങിയതുമായി ബന്ധപ്പെട്ട് വാദ്ര കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കേസ്. റോബര്‍ട്ട് വാദ്രയ്ക്ക് കേസില്‍ നേരിട്ട് ബന്ധമുണ്ടെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും നേരത്തെ ഇ ഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: