കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകളും എക്സാലോജിക് എന്ന കമ്പനിയുടെ ഒരേ ഒരു ഉടമയുമായ വീണ വിജയനും കരിമണല്‍ കമ്പനി ഉടന്‍ ശശിധരന് കര്‍ത്തയില്‍ നിന്ന് മാസപ്പടിയായി കോടികള്‍ വാങ്ങിയെന്ന് പുറത്തു വന്നിട്ട് ദിവസങ്ങളായി. ഇതില്‍ വീണ വിജയന് 1.72 കോടി വാങ്ങിയെന്ന് ആദായനികുതിയുമായി ബന്ധപ്പെട്ട് ഇന്റിറിം ബോര്
ഡിന്റെ റിപ്പോര്‍ട്ടിലുള്ളതാണ്. പിണറായി കോഴ വാങ്ങിയെന്ന് കര്‍ത്ത ആദായ നികുതി ഉദ്യോഗസ്ഥരോട് സമ്മതിച്ചതാണ്.
വാര്‍ത്തയും പ്രതികരണങ്ങളും വന്നിട്ട് ദിവസം ഇത്രയായിട്ടും മുഖ്യമന്ത്രിയോ വീണയോ പ്രതികരിച്ചിട്ടില്ല. മൗനം തുടരുകയാണ്. പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്, ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന് എന്നിവര്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍, മന്ത്രിമാര്‍ എന്നിവരെക്കൊണ്ട് പിണറായി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിച്ച്, മാസപ്പടിയെ ദിവസം തോറും ന്യായീകരിച്ചുവരികയാണ്. അവര്‍ ന്യായീകരിച്ച് വശം കെട്ടിരിക്കുന്നു. ഒരക്ഷരം പോലും പറയാനാവാതെ, പ്രതികരിക്കാന്‍ പോലും കഴിയാതെ മൗനം ഭജിച്ച് ഇരിക്കുമ്പോഴാണ്, ശക്തിധരന്റെ അടുത്ത വെളിപ്പെടുത്തല്‍. മുതിര്‍ന്ന സിപിഎം നേതാവ് കൈതോലപ്പായയില്‍ 2.35 കോടി കടത്തിയെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ, ആ നേതാവ് ആരെന്ന് ജനങ്ങള്‍ വ്യക്തമായി തിരിച്ചറിഞ്ഞിരുന്നു. ഇപ്പോള്‍ അത് ആരെന്ന് ശക്തിധരന് തുറന്നു പറഞ്ഞതോടെ മാസപ്പടിയില്‍ ഉത്തരം മുട്ടിയ മുഖ്യമന്ത്രിക്ക് കനത്ത ഇരുട്ടടി തന്നെയായി.
ഗുരുതരമായ ആരോപണവും അതിനേക്കാള്‍ ഗുരുതരമായ വെളിപ്പെടുത്തലുകളുള്ള ആദായ നികുതി വകുപ്പിന്റെ രേഖകളും ചേര്‍ന്ന് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും സൃഷ്ടിച്ചിരിക്കുന്നത് ഇതേ വരെ ഉണ്ടായിട്ടില്ലാത്ത തരം പ്രതിസന്ധിയാണ്. മുഖ്യമന്ത്രി കൂടുതല്‍ മൗനം ഭജിക്കുന്നതോടെ വിഷയത്തിന്റെ തീവ്രത കൂടുതല്‍ കൂടുതല്‍ വര്‍ധിക്കുകയുമാണ്. വീണ വിജയന്റെ കമ്പനി എകെജി സെന്ററിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന കാര്യവും പാര്‍ട്ടിയെ വല്ലതെ വെട്ടിലാക്കിയിട്ടുണ്ട്. വീണയെ പാര്‍ട്ടിയും പാര്‍ട്ടി നേതാക്കളും എന്തിന് ന്യായീകരിക്കുന്നു എന്ന ചോദ്യവും പാര്ട്ടിയിലുയരുന്നുണ്ട്. പച്ചക്കള്ളമാണ് തങ്ങള്‍ നിരത്തുന്നത് എന്ന് വ്യക്തമായി അറിഞ്ഞുകൊണ്ടുതന്നെയാണ് വീണയെ ഇവര്‍ ന്യായീകരിക്കുന്നത്. കാശ് വാങ്ങിയതല്ലാതെയാതൊരു സേവനവും വീണയുടെ കമ്പനി കരിമണല്‍ കമ്പനിക്ക് നല്‍കിയിട്ടില്ലെന്ന് കര്‍ത്ത ആദായ നികുതി വകുപ്പിന് നല്കിയ മൊഴിയും പുറത്തുവന്നിട്ടുണ്ട്.
മാസപ്പടിയില്‍ പ്രതിപക്ഷത്തിന് പങ്കുള്ളതിനാല്‍ അവര്‍ക്കും മിണ്ടാട്ടമില്ല. ബിജെപിയും ചില ചാനലുകളും മാത്രമാണ് വിഷയത്തില്‍ പ്രതികരിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും പ്രതിഷേധിക്കുന്നതും. ചാനല്‍ ചര്‍ച്ചകളും ബിജെപി പ്രതിഷേധവും കെട്ടടങ്ങിക്കൊള്ളും എന്ന് പാര്‍ട്ടി കരുതിയിരിക്കുമ്പോഴാണ്, ശക്തിധരന്റെ വെളിപ്പെടുത്തല്‍. ഇതോടെ വരും ദിവസങ്ങളില്‍ വിഷയങ്ങള്‍ കൂടുതല്‍ കത്തിപ്പിടിക്കുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: