രാമായണത്തില്‍ ശക്തരായ ധാരാളം സ്ത്രീ കഥാപാത്രങ്ങളുണ്ട്. രാമായണത്തില്‍ മാത്രമല്ല, എല്ലാ പുരാണങ്ങളിലും ഇങ്ങനെയുള്ളവര്‍ ധാരാളമുണ്ട്. അനാദികാലം മുതലേ സ്ത്രീകളെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നവരാണ് ഭാരതീയര്‍. ദ്രൗപദി, കുന്തി, കൈകേയി, ഊര്‍മിള, ശൂര്‍പണഖ, സരമ, മണ്ഡോദരി, താര, സത്യവതി, ഗംഗാദേവി ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത സ്ത്രീകള്‍. ഇവരെല്ലാം ശക്തരായിരുന്നു. നന്മയുടെയും തിന്മയുടെയും പക്ഷത്ത് നിലയുറപ്പിച്ചവരുണ്ട്. എല്ലാകാലത്തും ഏതു സഭയിലും ന്യായം പറയാനുള്ള അവകാശവും അവസരവും സ്ത്രീകള്‍ക്കുണ്ടായിരുന്നു. ദേവഗുണമുള്ളവരും അസുരഗുണമുള്ളവരും ഉണ്ടായിരുന്നു. പഞ്ചകന്യകമാരായി അറിയപ്പെടുന്നവരില്‍ ഒരാളായിരുന്നു അസുരരാജാവും ലങ്കാധിപതിയുമായ രാവണന്റെ ഭാര്യ മണ്ഡോദരി. ദേവന്മാരുടെയും അസുരന്മാരുടെയും ശില്പിയായിരുന്ന മയന്റെയും അപ്സരസ്സായ ഹേമയുടെയും പുത്രിയായിരുന്നു മണ്ഡോദരി. രണ്ടുപുത്രന്മാരുണ്ടായ ശേഷം ഒരു പുത്രിക്കുള്ള മോഹത്താല്‍ ദത്തെടുത്തതാണ് മണ്ഡോദരിയെ.
പൂര്വജന്മത്തില് മധുര എന്ന ശിവഭക്തയായിരുന്നു. വിധിവശാല്‍ പാര്‍വതീദേവിയുടെ ശാപം നിമിത്തം മണ്ഡൂകമായി ഒരു പൊട്ടക്കിണറ്റില്‍ കഴിയേണ്ടി വന്നു. മഹാദേവന്റെ അനുഗ്രഹത്താല്‍ പന്ത്രണ്ടു വര്‍ഷത്തിനു ശേഷം ശാപമോക്ഷം കിട്ടി, സുന്ദരിയായ ഒരു പെണ്‍കുട്ടിയായി. ആ പെണ്‍കുട്ടിയെയാണ് മയനും ഹേമയും ദത്തെടുത്ത് വളര്‍ത്തിയത്. സത്യസന്ധയും നീതിബോധമുള്ളവളുമായിരുന്നു മണ്ഡോദരി. മയന്റെ കൊട്ടാരത്തില്‍ വച്ച് മണ്ഡോദരിയെക്കണ്ട രാവണന്, മണ്ഡോദരിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനാവുകയും വിവാഹം കഴിക്കുകയും ചെയ്തു. നിരവധി കഴിവുകളുള്ളവനായിരുന്നെങ്കിലും രാവണനില്‍ മുഴച്ചു നിന്നിരുന്നത് അധര്‍മമായിരുന്നു. ഈ അധര്‍മപ്രവൃത്തികളെയെല്ലാം മണ്ഡോദരി എതിര്‍ത്തിരുന്നു. നീതിബോധമുളളവളായിരുന്നതിനാല്‍ എല്ലായ്പ്പോഴും രാവണനെ ധര്മത്തിലേക്ക് നയിക്കുന്നതിന് ശ്രമിച്ചു കൊണ്ടിരുന്നു. രാവണന്റെ ആസുരിക പ്രവൃത്തി മൂലം താപസന്മാര്‍ക്കുണ്ടായിരുന്ന വിഷമങ്ങളിലെല്ലാം മണ്ഡോദരി ദുഃഖിതയായിരുന്നു. ശ്രീരാമപത്നിയായ സീതയെ ബലാല്‍ക്കാരമായി കൊണ്ടുവന്നത് തെറ്റാണെന്നും രാമനു തിരികെ നല്‍കണമെന്നും മണ്ഡോദരി പറയുന്നു. രാമന് വിഷ്ണുവിന്റെ അവതാരമാണെന്നും രാമനോട് വൈരത്തിനു നില്‍ക്കരുതെന്നും മണ്ഡോദരി രാവണനെ ഓര്‍മിപ്പിക്കുന്നുണ്ട്. മക്കളുടെ മരണത്തില്‍ ക്രോധം മുഴുത്ത രാവണന് സീതയെ വധിക്കാനൊരുങ്ങുമ്പോള്‍ മണ്ഡോദരി, രാവണനെ പിന്തിരിപ്പിക്കുന്നു.
അവസാനം രാമന്റെ കൈകൊണ്ടു തന്നെ രാവണന്റെ അഹങ്കാരത്തിനുള്ള ശിക്ഷയായ മരണം വന്നെത്തി. ഭാര്യയുടെ ആശ്രയമായിരുന്ന ഭര്‍ത്താവു മരിച്ചപ്പോള്‍, മണ്ഡോദരി അതീവ ദുഃഖിതയായി. മേഘനാദന്, അതികായന്, അക്ഷകുമാരന്‍ എന്നീ മൂന്നു മക്കളും അവസാനം ഭര്‍ത്താവായ രാവണനും മരിച്ചു. അത്യന്തം ദുഃഖിതയായ അവസ്ഥയിലും മണ്ഡോദരി ന്യായം പറയുന്നുണ്ട്. ‘കാന്താ അങ്ങ് അതിബലശാലിയായിരുന്നെങ്കിലും രാമന്റെ മുമ്പില്‍ നില്ക്കാന് തക്ക ശക്തിയുള്ളവനായിരുന്നില്ല. നേടിയെടുത്ത കരുത്തുകളില്‍ ആകെ അഹങ്കരിച്ചിരുന്നതിനാല്‍ അത് ഭൂമിക്കു ഭാരമായി. ആ ഭാരം ലഘൂകരിക്കുന്നതിന് വന്ന വിഷ്ണു ചൈതന്യമാണ് രാമനെന്ന് അങ്ങ് മനസ്സിലാക്കിയില്ല. സീതയോടുള്ള കാമാര്‍ത്തിെന്ന പാപകര്‍മത്തിന്റെ ഫലമാണ് രാവണന്റെയും അസുരവംശത്തിന്റെയും നാശം. ചതിപ്രയോഗത്താല്‍ സീതയെ അപഹരിച്ചത് കൊടും പാപമാണെന്നും മണഡോദരി വീണ്ടും വീണ്ടും പറയുന്നു.
താര, മണ്ഡോദരി എന്നീ രണ്ടുപേരും തങ്ങളുടെ ഭര്ത്താക്കന്മാരോട്, കാര്യാകാര്യങ്ങള്‍ ന്യായാന്യായങ്ങള്‍ സഹിതം പറയുന്നുണ്ട്. പക്ഷേ തങ്ങളുടെ ബലത്തില്‍ അഹങ്കരിച്ചിരുന്ന അവര്‍ രണ്ടു പേരും ഭാര്യമാരുടെ ഉപദേശം ചെവിക്കൊണ്ടില്ല. വികാരം വിചാരത്തെ ഭരിച്ചതു കൊണ്ടാണ് രണ്ടുപേര്‍ക്കും ദുര്‍ഗതിയുണ്ടായത്. നമ്മുടെ ജീവിതത്തിലും പ്രതിസന്ധിഘട്ടങ്ങള്‍ വരുമ്പോള്‍ വേണ്ടപ്പെട്ടവരുടെയും സദ്ജനങ്ങളുടെയും ഉപദേശം ചെവിക്കൊള്ളുന്നത് നന്നായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: