ചെസ്റ്റര്‍(പെന്‍സില്‍വാനിയ): പുതിയ ക്ലബ്ബിലെത്തിയ ലയണല്‍ മെസി ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഒമ്പത് ഗോളുകളടിച്ചു. ഫിലാഡെല്‍ഫിയക്കെതിരെ നടന്ന ലീഗ്‌സ് കപ്പ് സെമിയില്‍ ഇന്റര്‍ മിയാമി 4-1ന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിപ്പോഴും ഒരു ഗോള്‍ മെസിയുടെ സംഭാവനയായിരുന്നു.
പ്രധാന ടൂര്‍ണമെന്റുകളില്‍ ഇന്റര്‍മിയാമി ഫുട്‌ബോള്‍ ക്ലബ്ബ് ആദ്യമായാണ് ഫൈനലിലെത്തുന്നത്. ശനിയാഴ്ച വെളുപ്പിന് 6.30ന് നടക്കുന്ന ഫൈനലില്‍ നാഷ്‌വില്ലെയ്‌ക്കെതിരെ കലാശപ്പോരിനിറങ്ങും. നാഷ്‌വില്ലെയുടെ ഹോംഗ്രൗണ്ടിലാണ് മത്സരം.
ജോസഫ് മാര്‍ട്ടിനെസ് നേടിയ ഗോളോടെയാണ് ഇന്റര്‍മിയാമിയുടെ സ്‌കോറിങ് തുടങ്ങിയത്. മത്സരത്തിന്റെ തുടക്കത്തിലേ തന്നെയായിരുന്നു ഈ ഗോള്‍. മൂന്നാം മിനിറ്റില്‍. 20-ാം മിനിറ്റില്‍ ടീം നേടിയ രണ്ടാം ഗോള്‍ മെസിയുടെ വകയായിരുന്നു. ആദ്യപകുതി പിരിയുന്നതിന് തൊട്ടുമുമ്പ് ഇന്റര്‍മിയാമി മൂന്നാം ഗോളും നേടി. എഫ്‌സി ബാഴ്‌സിലോണ കാലത്ത് മെസിയുടെ സഹതാരമായിരുന്ന ജോര്‍ദി ആല്‍ബയുടെ വകയായിരുന്നു മൂന്നാം ഗോള്‍.
എതിരില്ലാത്ത മൂന്ന് ഗോളിന്റെ ആധിപത്യത്തില്‍ രണ്ടാം പകുതിയില്‍ കളി പുരോഗമിക്കവെ ഇന്റര്‍മിയാമിക്കെതിരെ ഫിലാഡെല്‍ഫിയ ഗോളടിച്ചു. 73-ാം മിനിറ്റില്‍ അലയാന്ദ്രോ ബെദോയ ആണ് ഗോള്‍ നേടിയത്. 84-ാം മിനിറ്റില്‍ ഡേവിഡ് റൂയിസ് നേടിയ ഗോളിലൂടെ ഇന്റര്‍ മിയാമി ക്വാട്ട പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: