സിഡ്‌നി: ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിച്ചു. ഞായറാഴ്ച ഉച്ച തിരിഞ്ഞ് 3.30ന് നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടും സ്‌പെയിനും തമ്മില്‍ കിരീടത്തിനായി ഏറ്റുമുട്ടും.
ചരിത്രത്തില്‍ ആദ്യമായി വനിതാ ലോകകപ്പ് ഫുട്‌ബോള്‍ സെമിയിലെത്തിയ ഓസ്‌ട്രേലിയയെ 3-1ന് ഇംഗ്ലണ്ട് തോല്‍പ്പിക്കുകയായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇംഗ്ലണ്ട് വനിതാ ലോകകപ്പ് ഫൈനലിലെത്തുന്നത്.
വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഇന്നലെ ഇംഗ്ലണ്ട് ജയിച്ചത്. ആദ്യ പകുതിയില്‍ കളിയുടെ 36 മിനിറ്റുകള്‍ പിന്നിടുന്ന അവസരത്തിലാണ് എല്ലാ ടൂണെ ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തത്. ആദ്യപകുതി ഇംഗ്ലണ്ടിന് ഏകപക്ഷീയമായ ഒരു ഗോളിന്റെ ലീഡ്. രണ്ടാം ഇംഗ്ലണ്ട് മത്സരം ഏറെക്കുറേ ഉറപ്പാണെന്ന നിലയിലിരിക്കെ 63-ാം മിനിറ്റില്‍ ഓസ്‌ട്രേലിയ ഒപ്പമെത്തി. സാം കെര്‍ നേടിയ ഗോളില്‍ കളി മുറുക്കത്തിലാക്കി. പിന്നീട് ഇരുഭാഗത്തും വാശി കൂടി.
ലോറെന്‍ ഹെംപ് 71-ാം മിനിറ്റില്‍ ഇംഗ്ലണ്ടിനെ വീണ്ടും മുന്നിലെത്തിച്ചു. 2-1ന്റെ മുന്‍തൂക്കവുമായി മുന്നേറുമ്പോള്‍ 86-ാം മിനിറ്റില്‍ എലീസിയ റൂസോ ഗോളടിച്ചു. ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പാക്കി.
ഞായറാഴ്ച പകല്‍ 3.30ന് സിഡ്‌നി സ്റ്റേഡിയത്തിലാണ് മത്സരം. 19നാണ് ലൂസേഴ്‌സ് ഫൈനല്‍.
കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിയില്‍ സ്വീഡനെ തോല്‍പ്പിച്ചാണ് സ്‌പെയിന്‍ ആദ്യമേ ഫൈനലില്‍ സ്ഥാനമുറപ്പിച്ചത്. വാശിപ്പോരില്‍ ഗോളുകളെല്ലാം വന്നത് അവസാനത്തോടടുക്കുമ്പോഴായിരുന്നു. മത്സരത്തില്‍ 2-1നായിരുന്നു സ്പാനിഷ് വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: