ആലപ്പുഴ: നെല്ലിന്റെ സംഭരണവില നല്കാതെ സംസ്ഥാന സര്‍ക്കാര്‍ കബളിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ചിങ്ങം ഒന്നിന് കര്‍ഷക ദിനത്തില്‍ കടുത്ത പ്രതിഷേധത്തിന് കര്‍ഷകര്‍. നാളെ കരിദിനമായി ആചരിക്കാനാണ് നെല്‍കര്‍ഷകരുടെ തീരുമാനം.
കുട്ടനാട്ടില്‍ മാത്രം 11,000 കര്‍ഷകര്‍ക്ക് 109 കോടി രൂപയാണ് കിട്ടാനുള്ളത്. പാലക്കാട്, കോട്ടയം, പത്തനംതിട്ട അടക്കമുള്ള ജില്ലകളിലെ ആയിരക്കണക്കിന് കര്‍ഷകര്‍ക്കും നെല്ലുവിലയായി കോടികള്‍ കിട്ടാനുണ്ട്. പ്രതിഷേധം ഉയര്‍ന്നതോടെ അമ്പതിനായിരം രൂപ വരെ കിട്ടാനുള്ളവര്‍ക്ക് പണം നല്കി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പ്രയോജനം വളരെ കുറച്ചു പേര്‍ക്ക് മാത്രമെ ലഭിക്കൂ.
നെല്ല് വില ലഭിക്കാനായി അഞ്ചു മാസമായി കൃഷിഭവനുകളും പാഡി ഓഫീസുകളും ബാങ്കുകളും കയറിയിറങ്ങി നടക്കുകയാണ് കര്‍ഷകര്‍. ഒരാഴ്ചക്കുള്ളില്‍ പണം നല്കുമെന്ന് മന്ത്രിമാര്‍ പ്രഖ്യാപിച്ചിട്ട് ഇപ്പോള്‍ നാലു മാസമാകുന്നു. ഈ സാഹചര്യത്തില്‍ ചിങ്ങം ഒന്നിന് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കര്‍ഷക ദിനാചരണം ബഹിഷ്‌കരിച്ച് കരിദിനം ആചരിക്കും. കൃഷി ഭവനുകള്‍ക്ക് മുന്നില്‍ നെല്‍കര്‍ഷകര്‍ കരിങ്കൊടി ഉയര്‍ത്തും. കുട്ടനാട്ടിലെ രാമങ്കരിയില്‍ കര്‍ഷക സംഗമവും നടത്തും.
അതിനിടെ അന്‍പതിനായിരം രൂപ വരെയുള്ള നെല്ലുവില കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിത്തുടങ്ങി. സംസ്ഥാനത്ത് 26,000 പേര്‍ക്കാണ് 50,000 രൂപയില്‍ കുറവ് പണം നെല്ലുവിലയായി ലഭിക്കുക. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 180 കോടി രൂപയില്‍ നിന്നാണ് പണം നല്കുന്നത്. 1,785 കിലോഗ്രാമില്‍ കുറവ് നെല്ല് നല്കിയ കര്‍ഷകര്‍ക്കാണ് വില നല്കിത്തുടങ്ങിയത്.
കര്‍ഷകദിനത്തില്‍ നടത്തുന്ന പ്രതിഷേധങ്ങളെ തണുപ്പിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ഒരേക്കറില്‍ നിന്ന് 2,500 കിലോ വരെയാണ് സപ്ലൈകോ സംഭരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഭൂരിഭാഗം നെല്‍ക്കര്‍ഷകര്‍ക്കും പണം കിട്ടില്ല. കൂടുതല്‍ പ്രദേശത്ത് നെല്‍ക്കൃഷിയുള്ളവരും മറ്റു വരുമാനമാര്‍ഗങ്ങള്‍ ഇല്ലാത്തവരുമായ കര്‍ഷകര്‍ നെല്ലുവില കിട്ടാതെ കടുത്ത പ്രതിസന്ധിയിലാണ്. കൃഷി വകുപ്പും, ഭക്ഷ്യ വകുപ്പും കൈകാര്യം ചെയ്യുന്നത് സിപിഐയാണ്.
സിപിഎം ഭരിക്കുന്ന ധന വകുപ്പ് ബോധപൂര്‍വം ഫണ്ട് അനുവദിക്കാതെ തങ്ങളെ വെട്ടിലാക്കിയെന്ന നിലപാടാണ് സിപിഐക്കുള്ളത്. ഭരണപക്ഷത്തെ പ്രധാന കക്ഷികള്‍ തമ്മിലുള്ള ഭിന്നതയില്‍ വെട്ടിലായതാകട്ടെ അന്നം തരുന്ന കര്‍ഷകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: