ബംഗളുരു: ജി20 ഡിജിറ്റല്‍ സാമ്പത്തിക പ്രവര്‍ത്തക സമിതി യോഗം ബെംഗളൂരുവില്‍ ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം സെക്രട്ടറി അല്‍കേഷ് കുമാര്‍ ശര്‍മ്മ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ, സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ വൈദഗ്ധ്യം, ഡിജിറ്റല്‍ ഇടപാടുകളിലും നൈപുണ്യത്തിലും താഴ്ന്ന, ഇടത്തരം സമ്പദ്വ്യവസ്ഥകളെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് സമഗ്രമായ കൂടിയാലോചനകള്‍ക്കും സമവായത്തിനും ശേഷമാണ് 17 പേജുള്ള സംക്ഷിപ്ത രേഖ തയ്യാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ബംഗളൂരുവില്‍ നടക്കുന്ന നാലാമത്തെ യോഗം ചെറിയ അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കുമെന്നും മന്ത്രിതല യോഗത്തില്‍ ഒപ്പിടുന്നതിനുള്ള അന്തിമ രേഖ അവതരിപ്പിക്കുമെന്നും അല്‍കേഷ് കുമാര്‍ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.ജി20 പ്രവര്‍ത്തക സമിതി യോഗവും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ മന്ത്രിതല യോഗങ്ങളും ഈ മാസം 19 വരെയാണ്.
ഇന്ത്യയുടെ ജി 20 അധ്യക്ഷ പദവിക്ക് കീഴിലുള്ള യോഗത്തില്‍ ഡിജിറ്റല്‍ വിവരങ്ങള്‍, പൗരന്മാര്ക്കുള്ള സേവന വിതരണം, ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഈ യോഗങ്ങള്‍ക്ക് സമാന്തരമായി ഡിജിറ്റല്‍ പുത്തന്‍ ആശയ സഖ്യ സമ്മേളനം നാളെയും മറ്റന്നാളുമായി നടക്കും.
ജി20 യോഗങ്ങളില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വം, ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: