വടക്കാഞ്ചേരി: അത്താണി വെടിപ്പാറയില്‍ ബന്ധുവീട്ടിലെ മൂന്ന് വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയ ശേഷം വയോധികന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. വീടിന് മുകളില്‍ അവശനിലയില്‍ കിടന്നിരുന്ന വെടിപ്പാറ ശാന്തിപുരം നാലുകണ്ടത്തില്‍ കുമാര (73) നെ വടക്കാഞ്ചേരി ഹൗസ് സ്റ്റേഷന് ഓഫിസര്‍ കെ. മാധവന് കുട്ടിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം കസ്റ്റഡിയിലെടുത്ത് മുളങ്കുന്നത്തുകാവ് ഗവ. മെഡി. കോളജിലേക്ക് മാറ്റി.
മിണാലൂര്‍ ഗ്രീന്‍ പാര്‍ക്ക് റോഡില്‍ പുതുപറമ്പില്‍ (പവിത്രം) അജയന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഗണര്‍ കാര്‍, പാസഞ്ചര്‍ ഓട്ടോ, ആക്ടിവ സ്കൂട്ടര്‍ എന്നിവയാണ് പൂര്‍ണമായും കത്തിയമര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ 1.15 ഓടെയാണ് സംഭവം. തൃശൂര്‍ പാറമേക്കാവ് ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറായ അജയന്, മാള രാജാസ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഹോസ്റ്റലിലെ വാര്ഡന് ബിന്ദു, മകള്‍ അനീഷ്മ എന്നിവര്‍ വീടിനുള്ളില്‍ ഉറക്കത്തിലായിരുന്നു.
വീടിന്റെ മുന്‍വശത്തെ ജനല്‍ചില്ലുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദവും, അസഹനീയമായ ചൂടും മൂലം വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് അഗ്നിബാധ അറിയുന്നത്. പുറത്തിറങ്ങാന്‍ നോക്കിയപ്പോള്‍ വീട് പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. കൂട്ടക്കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വടക്കാഞ്ചേരിയില്‍ നിന്ന് ഫയര്‍ ആന്റ് റസ്ക്യു സര്‍വ്വീസ് യൂണിറ്റ് എത്തിയപ്പോഴേക്കും വാഹനങ്ങള്‍ കത്തിച്ചാമ്പലായി.
കുന്ദംകുളം എ.സി.പി സി. ആര്. സന്തോഷ്, വടക്കാഞ്ചേരി സി.ഐ. കെ. മാധവന്‍കുട്ടി, എസ്.ഐ. അനുരാജ്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരും എം.എല്‍.എ മാരായ എ.സി. മൊയ്തീന്, സേവ്യര്‍ ചിറ്റിലപ്പിള്ളി, നഗരസഭ ചെയര്മാന് പി. എന്‍. സുരേന്ദ്രന്, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. പൊലിസ് പരിശോധന പൂര്‍ത്തിയാക്കി വീട് ശുചീകരിക്കുന്നതിനിടെയാണ് ടെറസിന് മുകളില്‍ കുമാരനെ കണ്ടെത്തിയത്. ബിന്ദുവിന്റെ പിതൃസഹോദരിയുടെ ഭര്‍ത്താവാണ് കുമാരന്. മുന്‍ വൈരാഗ്യമാണ് വാഹനങ്ങള്‍ കത്തിക്കുന്നതിലേക്ക് വഴിവെച്ചതെന്നാണ് സംശയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: