2022-23ലെ സാമ്പത്തിക സര്‍വേ പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ്. ജനസംഖ്യയുടെ 47 ശതമാനം ഉപജീവനത്തിനായി കാര്‍ഷികവൃത്തിയെ ആശ്രയിക്കുന്നു. ശരിയായ രീതിയിലുള്ള ഉല്‍പ്പാദനത്തിനും മികച്ച വിളവിനും അതതു സമയങ്ങളില്‍ ശരിയായ രീതിയിലുള്ള വിത്തുനടലും പരിചരണവും മറ്റും ആവശ്യപ്പെടുന്ന സമയബന്ധിതമായ ജോലിയാണു കൃഷി. കാര്‍ഷിക ഇന്‍പുട്ടുകള്‍ എന്നു വിളിക്കാവുന്ന ഈ കാര്യങ്ങള്‍ കൃഷിയെ സംബന്ധിച്ച് അവശ്യഘടകങ്ങളാണ്. ഇത്തരം സേവനങ്ങള്‍ കാര്യക്ഷമമായി ഉറപ്പുവരുത്തുന്നതു കാര്‍ഷികവൃത്തിയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിക്കുന്നു.
ഇന്ത്യയില്‍ ഈ സേവനങ്ങളുടെ ശൃംഖല ഏകീകൃത സ്വഭാവമില്ലാതെ വിഘടിച്ച നിലയിലാണുള്ളത്. വിത്തുകള്‍, രാസവളങ്ങള്‍, കീടനാശിനികള്‍, ഉപകരണങ്ങള്‍ എന്നിവയ്ക്കായി പ്രത്യേക വിതരണശൃംഖലകളാണുള്ളത്. അവ അവയുടെ മാത്രം താല്‍പ്പര്യങ്ങള്‍ക്കനുസൃതമായാണു പ്രവര്‍ത്തിക്കുന്നത്. കൂടാതെ മണ്ണ്, വിത്ത്, രാസവളങ്ങള്‍, വിവിധ കാര്‍ഷികാധിഷ്ഠിത പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ വിവിധ ഏജന്‍സികള്‍ വഴി കര്ഷകരിലേക്കു വ്യത്യസ്തതരത്തിലും അസന്തുലിതമായുമാണ് എത്തുന്നത്. കര്‍ഷകര്‍ക്കു സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സമഗ്ര വിവരങ്ങള്‍ നല്കുന്നതില് ഈ ഘടന പരാജയപ്പെടുന്നു.
ഗവണ്മെന്റിന്റെ പിന്തുണയോടെ കര്‍ഷകര്‍ക്ക് ഒരു കുടക്കീഴില് വിശ്വസനീയവും സമഗ്രവുമായ പ്രതിവിധികള്‍ നല്‍കുക എന്നതിലൂടെയേ ഈ പ്രശ്നത്തിനു പരിഹാരം കാണാന്‍ കഴിയൂ. മുന്‍കാലങ്ങളില്‍, സ്വകാര്യ മേഖല കര്‍ഷകര്‍ക്ക് ഇന്‍പുട്ടുകളും സേവനങ്ങളും ഒരു കുടക്കീഴില് ലഭ്യമാക്കാനുള്ള മാതൃക നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും അവ ഏറെക്കുറെ പരാജയപ്പെടുകയാണുണ്ടായത്.
അതിനാലാണ്, കൃഷിക്കാര്‍ കൂടുതലായി സന്ദര്‍ശിക്കുന്ന നിലവിലെ വളം ചില്ലറ വില്‍പ്പനശാലകളെ ഒരിടത്തുതന്നെ എല്ലാ പ്രതിവിധികളും ലഭിക്കുന്ന ഇടം എന്ന നിലയില്‍ പ്രധാന് മന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രമാക്കി (പിഎംകെഎസ്കെ) മാറ്റുക എന്ന ആശയം ഉയര്‍ന്നുവന്നത്. ഇതു കര്‍ഷകരുടെ ആവശ്യങ്ങള്‍ സുസ്ഥിരമായി നിറവേറ്റുന്നതിനുള്ള പരിഹാരമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഈ പദ്ധതി രാജ്യത്തെ കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിവച്ചു. കര്‍ഷകരെ ശാക്തീകരിക്കുന്നതിനും കാര്‍ഷിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനുമുള്ള കാഴ്ചപ്പാടോടെ കാര്‍ഷിക ഇന്‍പുട്ടുകളിലേക്കും വിവരങ്ങളിലേക്കും സേവനങ്ങളിലേക്കുമുള്ള പ്രവേശനം ലളിതമാക്കല്‍, കര്‍ഷകരുടെ ജീവിതനിലവാരം ഉയര്‍ത്തല്‍, കാര്‍ഷികവൃത്തിയിലൂടെ രാജ്യത്തിന്റെ പുരോഗതിക്കു സംഭാവനയേകല്‍ എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പിഎംകെഎസ്കെയ്ക്കു കീഴില്‍, 2,80,000 സജീവ ചില്ലറ രാസവളം വില്‍പ്പനശാലകള്‍ ഏകജാലക കേന്ദ്രങ്ങളായി ഘട്ടംഘട്ടമായി പരിവര്‍ത്തനം ചെയ്യുകയാണ്. രാസവളങ്ങള്‍, വിത്തുകള്‍, കീടനാശിനികള്‍, ചെറുകിട കാര്‍ഷിക യന്ത്രങ്ങള്‍/ഉപകരണങ്ങള്‍, ഡ്രോണ്‍ സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന കാര്‍ഷിക ഇന്‍പുട്ടുകള്‍ കര്‍ഷകര്‍ക്കു നല്‍കുന്നതിലാണു പിഎംകെഎസ്കെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മണ്ണ്-വിത്ത് പരിശോധനാസൗകര്യം ഒരുക്കുക എന്നതാണു പദ്ധതിയുടെ മറ്റൊരു പ്രധാന ലക്ഷ്യം. കര്‍ഷകര്‍ക്കു തങ്ങളുടെ കൃഷിസ്ഥലത്തെ മണ്ണിനെയും വിളസാഹചര്യങ്ങളെയും കുറിച്ചുള്ള അറിവു നല്‍കുന്നതിലൂടെ, വിഭവവിനിയോഗം പോലുള്ള കാര്യങ്ങളില്‍ ശരിയായ തീരുമാനമെടുക്കാനും ഉയര്‍ന്ന വിളവു നേടാനും പദ്ധതി സഹായിക്കുന്നു.
ഇതു കൃത്യതയുള്ള കൃഷിയെയും വിഭവക്ഷമതയുള്ള കൃഷിരീതികളെയും പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല, വിളകളെയും ഗവണ്മെന്റിന്റെ ക്ഷേമപദ്ധതികളെയും കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ നല്കുന്ന വിജ്ഞാന കേന്ദ്രങ്ങളായി പിഎംകെഎസ്കെകള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ കേന്ദ്രങ്ങള്‍ കൃഷിക്കാര്‍ക്കു ശരിയായ തീരുമാനങ്ങളെടുക്കാനും അതുവഴി അവരുടെ കാര്യക്ഷമതയും വരുമാനവും വര്‍ധിപ്പിക്കാനും സഹായിക്കുന്നു.
ദശലക്ഷക്കണക്കിനു കൃഷിക്കാരുടെ ജീവിതം സുഗമമാക്കുകയാണു പദ്ധതിയുടെ സുപ്രധാന ലക്ഷ്യം. മെച്ചപ്പെട്ട കാര്‍ഷിക ഉല്‍പ്പാദനക്ഷമതയും കര്‍ഷക സമൂഹത്തിന്റെ മൊത്തത്തിലുള്ള അഭിവൃദ്ധിയും ഈ സംരംഭം ഉറപ്പാക്കും.
രാജ്യത്തെ കാര്‍ഷിക മേഖലയിലെ സമീപകാല സംഭവവികാസങ്ങള്‍ പ്രധാന് മന്ത്രി കിസാന്‍ സമൃദ്ധി പദ്ധതി വന്‍ വിജയമാകുമെന്ന വ്യക്തമായ സൂചനകളാണു നല്‍കുന്നത്. 2023 ജൂലൈ 27നു രാജസ്ഥാനിലെ സീക്കറില്‍ ‘പിഎം-കിസാന്‍ സമ്മേളന’ത്തില്‍ 1,25,000 പിഎംകെഎസ്കെകള്‍ രാജ്യത്തിനു സമര്‍പ്പിച്ചു. രാജ്യത്തുടനീളമുള്ള ഏകദേശം രണ്ടു കോടി കര്‍ഷകരുടെ വ്യാപകമായ പങ്കാളിത്തം ഈ സംരംഭത്തിന്റെ വിജയം വ്യക്തമാക്കുന്നു. വിവിധ പങ്കാളികള്‍ക്കിടയിലെ ഏകത്വത്തിന്റെയും അഭിമാനബോധത്തിന്റെയും വികാരത്തില്‍നിന്ന് ഏതൊരു സംരംഭത്തിന്റെയും വിജയം കണക്കാക്കാനാകും. കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന കര്‍ഷകരുടെ എണ്ണത്തില്‍ ഇതിനകം 15 മുതല്‍ 20 ശതമാനം വരെ വര്‍ധനയുണ്ടെന്നും പിഎംകെഎസ്കെയുടെ ചുറ്റുപാടുകള്‍ മുതല്‍ കേന്ദ്രങ്ങളില്‍ ലഭ്യമായ സൗകര്യങ്ങളും ഇന്‍പുട്ടുകളും വരെയുള്ള മാറ്റത്തില്‍ കൃഷിക്കാര്‍ സന്തുഷ്ടരാണെന്നും സമീപകാല സര്‍വേ സൂചിപ്പിക്കുന്നു.
പിഎംകെഎസ്കെകളിലൂടെയുള്ള നാനോ യൂറിയയുടെ വില്‍പ്പനയും ആറുകോടിയിലെത്തി. രാസവളം കമ്പനികളുടെ പിന്തുണയുള്ള ഡ്രോണ്‍ സംരംഭകര്‍ മെച്ചപ്പെട്ട രീതിയില്‍ രാസവളങ്ങളും രാസവസ്തുക്കളും തളിക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതിനായി പിഎംകെഎസ്കെകളുമായി സഹകരിച്ചു വരികയാണ്. സംസ്ഥാനങ്ങളും കൃഷി വിജ്ഞാന് കേന്ദ്രങ്ങളും വിതരണക്കാരും തമ്മിലുള്ള ബന്ധം വിപുലമായതു കര്‍ഷകര്‍ക്ക് അറിവും സേവനങ്ങളും ക്രിയാത്മകമായി ലഭിക്കുന്നതിനും കാരണമാകുന്നു.
ഇത്തരത്തില്‍, കൃഷിക്കാരെ ശാക്തീകരിക്കുന്നതിലും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കു കരുത്തുപകരുന്നതിലും പിഎംകെഎസ്കെ സംരംഭം വലിയ വഴിത്തിരിവാണെന്നു തെളിഞ്ഞിരിക്കുകയാണ്. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും അറിവിന്റെയും ലഭ്യത ലളിതമാക്കുക, ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചു കര്‍ഷകരെ ശാക്തീകരിക്കുക, സുസ്ഥിര സമ്പ്രദായങ്ങള്‍ പരിപോഷിപ്പിക്കുക എന്നിവയിലൂടെ പിഎംകെഎസ്കെകള്‍ രാജ്യത്തെ കൃഷിക്കാരെ സമൃദ്ധിയുടെ പുതുയുഗത്തിലേക്കു നയിക്കുകയാണ്. ഗവണ്മെന്റിന്റെ അചഞ്ചലമായ പിന്തുണയും പങ്കാളികളില്‍ നിന്നുള്ള കൂട്ടായ ശ്രമങ്ങളും ഉപയോഗിച്ച്, പിഎംകെഎസ്കെകള്‍ ക്രിയാത്മക മാറ്റത്തിനു തുടര്‍ന്നും നേതൃത്വം നല്‍കും. അവ രാജ്യത്തിന്റെ കാര്‍ഷികമേഖലയ്ക്കായുള്ള പിന്തുണയ്ക്കു കരുത്തേകും. അതിലൂടെ കാര്‍ഷികമേഖല അഭിവൃദ്ധി പ്രാപിക്കും. സ്വയംപര്യാപ്തമായ കാര്‍ഷിക ആവാസവ്യവസ്ഥയ്ക്കു സംഭാവനയേകുകയും ചെയ്യും.
ഡോ. മന്‍സൂഖ് മാണ്ഡവ്യ, കേന്ദ്ര രാസവസ്തു – രാസവളം വകുപ്പ് മന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക: