എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ് ഇന്ന് രാജ്യം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ അതിശക്തനായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പത്താം ചെങ്കോട്ട പ്രസംഗത്തിന് കാതോര്‍ത്ത് നൂറ്റിനാല്‍പ്പതുകോടി ഇന്ത്യക്കാരും കാത്തിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തില്‍ നവഭാരത സൃഷ്ടിക്കായി രാജ്യം ഏതു ദിശയില്‍ മുന്നോട്ട് പോകണമെന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്ന് ലഭിക്കും. പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയില്‍ ദല്‍ഹിയില്‍ ജി20 ഉച്ചകോടി ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കേ ആഗോളതലത്തിലെ ഇന്ത്യന്‍ സാന്നിധ്യവും രാജ്യത്തിന്റെ സാധ്യതകളും വിളിച്ചോതുന്നതാവും മോദിയുടെ പത്താം സ്വാതന്ത്ര്യദിനപ്രസംഗം. 2014 മുതല്‍ പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നടത്തിയ ഓരോ പ്രസംഗവും രാജ്യത്തിന് പുത്തനുണര്‍വും പുതിയ ദിശാബോധവും നല്കിയവയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വൈഭവപൂര്‍ണ്ണവും സുശക്തവും പ്രഭാവശാലിയുമായ രാഷ്ട്രത്തിലേക്കുള്ള അതിവേഗ വളര്‍ച്ചയിലാണ് ഇന്ത്യ. സ്വാതന്ത്ര്യലബ്ധിയുടെ മുക്കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കി മുന്നോട്ടു പോകുന്ന രാഷ്ട്രം ബ്രിട്ടീഷ് കൊളോണിയല്‍ കാലത്തിന്റെ ശേഷിപ്പുകളെ പൂര്‍ണ്ണമായും വഴിയിലുപേക്ഷിച്ച് മുന്നോട്ടുള്ള കുതിപ്പിലാണ്. ആ പട്ടികയില്‍ അവസാനത്തേതാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വലിയ പൊളിച്ചെഴുത്തുകള്‍ക്ക് തുടക്കമിടാന്‍ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തെ(ഐപിസി) ഭാരതീയ ന്യായ സംഹിതയെന്നും ക്രിമിനല്‍ നടപടിച്ചട്ടത്തെ(സിആര്‍പിസി) ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയെന്നും ഇന്ത്യന്‍ തെളിവു നിയമത്തെ ഭാരതീയ സാക്ഷ്യയെന്നും പുനര്‍ നാമകരണം ചെയ്തും കാലഹരണപ്പെട്ട നിരവധി വകുപ്പുകള്‍ ഒഴിവാക്കിയുമാണ് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പുതിയ മൂന്നു ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ലോക്സഭയുടെ അവസാന ദിനത്തെ കാര്യപരിപാടികളില്‍ ഉള്‍പ്പെടുത്താതെ, അനുബന്ധ പട്ടികയില്‍പ്പെടുത്തി അപ്രതീക്ഷിതമായി പുതിയ ബില്ലുകളുമായി അമിത് ഷാ എത്തിയത് അക്ഷരാര്‍ത്ഥത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ അമ്പരപ്പിച്ചു. സഭാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നതിനാല്‍ പ്രതിപക്ഷത്തിന് പ്രതികരണം പോലും നടത്താന്‍ രണ്ടു ദിവസം വേണ്ടിവന്നു. ബില്‍ പിന്നീട് സ്റ്റാന്റിംഗ് കമ്മറ്റിക്ക് വിട്ടിരുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് വധശിക്ഷ വ്യവസ്ഥ ചെയ്തതും സര്ക്കാരുകള്ക്കെതിരെയല്ല, ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ മാത്രം രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന മാറ്റവുമെല്ലാം പുതിയ ബില്ലുകളെ ശ്രദ്ധേയമാക്കി. ഇന്ത്യന്‍ പീനല്‍കോഡിലെ 511 വകുപ്പുകളെ ഭാരതീയ ന്യായസംഹിതയില്‍ 358 ആക്കി കുറച്ചിട്ടുണ്ട്. ആവര്‍ത്തിക്കപ്പെടുന്ന ചില വകുപ്പുകളാണ് ഇത്തരത്തില്‍ ഒഴിവാക്കി വകുപ്പുകളുടെ എണ്ണം കുറച്ചിരിക്കുന്നത്.
ബ്രിട്ടീഷ് കാല നിയമങ്ങളിലെ സമൂലമായ പൊളിച്ചെഴുത്താണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി, ഇന്ത്യന്‍ നിയമങ്ങളിലെ കൊളോണിയല്‍ കാല വാക്കുകളും അമിത് ഷാ ഒഴിവാക്കി. ഹെര്‍ മജസ്റ്റ് ഡൊമിനിയന്സ്, ജൂറി, കോര്‍ട്ട് ഓഫ് ജസ്റ്റിസ് ഇന്‍ ഇംഗ്ലണ്ട്, കോമണ്‍വെല്‍ത്ത്, ലണ്ടന്‍ ഗസറ്റ്, പാര്‍ലമെന്റ് ഓഫ് യുണൈറ്റഡ് കിങ്ഡം, പ്രൊവിന്‍ഷ്യല്‍ ആക്ട്, യുണൈറ്റഡ് കിങ്ഡം ഓഫ് ബ്രിട്ടണ് ആന്റ് അയര്‍ലന്റ് തുടങ്ങിയ വാക്കുകളാണ് ഇന്ത്യന്‍ നിയമസംഹിതകളില്‍ നിന്ന് പുറത്താവുന്നത്. രാജ്യം 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലെങ്കിലും ഇന്ത്യന്‍ നിയമങ്ങളുടെ ഭാരതീയവല്‍ക്കരണം സാധ്യമാക്കിയില്ലെങ്കില്‍ പിന്നെപ്പോഴാണ്. അതേ, കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രി മോദിയും വ്യക്തമായ പദ്ധതികളോടെയും ലക്ഷ്യങ്ങളോടെയും തന്നെയാണ് ഈ മഹാരാജ്യത്തെ നയിക്കുന്നത്. അയോധ്യയിലെ രാമജന്മഭൂമിയില്‍ കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസകേന്ദ്രമായ രാമക്ഷേത്രം ഉയരുമ്പോള്‍ തന്നെ ലോകത്തെ ഏറ്റവും സുശക്തമായ സമ്പദ് വ്യവസ്ഥയിലേക്ക് ഇന്ത്യയെ ഉയര്‍ത്താനും പ്രധാനമന്ത്രിക്കും ബിജെപിക്കും സാധിക്കുന്നു. ആഗോളതലത്തില്‍ സുരക്ഷിതമായ നിക്ഷേപ കേന്ദ്രമായി ഇന്ത്യയെ മാറ്റിത്തീര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങളും മേയ്ക്ക് ഇന്‍ ഇന്ത്യ വഴി അതിവേഗ വളര്‍ച്ച പ്രാപിക്കുന്ന ഇന്ത്യയുടെ ആഭ്യന്തര വിപണിയും പുതിയ ഇന്ത്യയുടെ അടയാളങ്ങളാണ്.
ഇതിനു പുറമേ, യുഎന്‍ വേദികളിലും മറ്റ് അന്താരാഷ്ട്ര വേദികളിലും ഇന്ത്യയ്ക്ക് ലഭിക്കുന്ന സവിശേഷമായ സ്ഥാനം പ്രധാനമന്ത്രി മോദിയുടെ കഠിന പ്രയത്നങ്ങള്‍ ഫലപ്രാപ്തിയിലേക്കെന്നതിന്റെ തെളിവുകളാണ്. ലോകം ഇന്ന് ഇന്ത്യയെ കേള്‍ക്കാന്‍ തയ്യാറാണ്. ജി20 ഉച്ചകോടി അടുത്തമാസം ദല്‍ഹിയില്‍ നടക്കാനിരിക്കെ പ്രധാനമന്ത്രി മോദി മുന്നോട്ട് വെയ്ക്കുന്ന സഹവര്‍ത്തിത്വത്തിന്റെ ലോകസങ്കല്പ്പത്തെ ഏറ്റെടുക്കാനൊരുങ്ങുകയാണ് ലോകരാഷ്ട്രങ്ങള്‍. ഉക്രൈന് സംഘര്‍ഷവേളയില്‍ നടക്കുന്ന ഉച്ചകോടിയില്‍ റഷ്യ-ഉക്രൈന് സമാധാനത്തിനായി പ്രധാനമന്ത്രി നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയും ഉണ്ടാവും. സ്വതന്ത്രവും തന്ത്രപ്രധാനവുമായ വിദേശനയത്തിലൂടെ ലോക രാജ്യങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ച ഇന്ത്യ ജി20 ഉച്ചകോടിയെ യുഎന്‍ സ്ഥിരാംഗത്വം ഉറപ്പിക്കുന്നതിനുള്ള ഇടമായും ഉപയോഗിക്കും. ലോകരാഷ്ട്രത്തലവന്മാര്ക്ക് പുതിയ ഇന്ത്യയെ പരിചയപ്പെടുത്താനും പുനര്‍നിര്‍മ്മിച്ച ദല്‍ഹി പ്രഗതി മൈതാനിയിലെ വേദികള്‍ പ്രധാനമന്ത്രി മോദിക്കും ഇന്ത്യയ്ക്കും സഹായകരമാകും.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ സമാധാനപാതയിലേക്കെത്തിയ കശ്മീര്‍ ഈ സ്വാതന്ത്ര്യദിനത്തിലെ രാജ്യത്തിന്റെ സന്തോഷങ്ങളിലൊന്നാണ്. ഈ സീസണില്‍ കശ്മീരിലേക്കൊഴുകിയത് 1.89 കോടി വിനോദസഞ്ചാരികളാണ്. ഭീകരവാദ ഭീഷണികളില്‍ നിന്ന് മുക്തരായ കശ്മീരികള്‍ ഇന്ന് സമാധാന പൂര്‍ണ്ണമായ ജീവിതം നയിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ വിജയം കണ്ടുവെന്ന് വ്യക്തം. വംശീയ ആക്രമണം നടന്ന മണിപ്പൂരിലും സമാധാനം പുനഃസ്ഥാപിച്ചുകൊണ്ടിരിക്കുന്നു. ഹരിയാനയിലടക്കം നടന്ന കലാപങ്ങളും അതിവേഗത്തില്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടുണ്ട്. രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ ബാധിക്കാത്ത തലത്തില്‍ ഇത്തരം ആഭ്യന്തര പ്രതിസന്ധികളെ കൈകാര്യം ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിനും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും സാധിക്കുന്നു എന്നതു ചെറിയ കാര്യമല്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമവുമായി വിവിധ വിഘടനവാദ സംഘടനകള്‍ സജീവമായ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ നടത്തിയ രണ്ടുമണിക്കൂര്‍ പ്രസംഗം ഇത്തരത്തിലുള്ള ദേശവിരുദ്ധ ശക്തികളെ തുറന്നുകാട്ടുന്നതായിരുന്നു. കഴിഞ്ഞ ആറര വര്‍ഷം ഒരു കര്‍ഫ്യൂ പോലും പ്രഖ്യാപിക്കാതെ ഭരിച്ച ബിജെപി സര്‍ക്കാരിന്റെ നേട്ടങ്ങളും കോണ്‍ഗ്രസ് ഭരണകാലത്ത് ആയിരങ്ങള്‍ കൊല്ലപ്പെട്ട കലാപങ്ങളുടെ വിവരങ്ങളും ജനങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ പ്രസംഗം. മണിപ്പൂര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ നീക്കം വോട്ടിന് പോലുമിടാതെ തള്ളിപ്പോയതും കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ നിലപാടുകളുടെ ഫലമായാണ്. വിഘടനവാദ ശക്തികളോടും വിഘടനവാദ നീക്കങ്ങളെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകളോടും യാതൊരു സന്ധിയുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി വ്യക്തമാക്കി. ഇന്ത്യയുടെ വളര്‍ച്ചാവേഗം വര്‍ദ്ധിപ്പിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ ലോകമെങ്ങും മോദി മോഡലിന് സ്വീകാര്യത ഏറുകയാണ്. സ്വാതന്ത്ര്യദിനത്തലേന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു രാഷ്ട്രത്തോട് നടത്തിയ അഭിസംബോധനയിലും നിറഞ്ഞുനിന്നത് കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും ഇന്ത്യയുടെ ആഗോളതലത്തിലെ ഉയര്‍ച്ചയുമാണ്.
സ്വാതന്ത്ര്യദിനം നമ്മുടെ ചരിത്രവുമായി വീണ്ടും ബന്ധപ്പെടാനുള്ള അവസരമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മൂ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. നമ്മുടെ വര്‍ത്തമാനകാലത്തെ വിലയിരുത്താനും മുന്നോട്ടുള്ള വഴിയെക്കുറിച്ചു ചിന്തിക്കാനുമുള്ള സന്ദര്‍ഭം കൂടിയാണിത്. നിലവിലെ സാഹചര്യം പരിശോധിക്കുമ്പോള്‍, ലോകവേദിയില്‍ ഇന്ത്യ അര്‍ഹമായ സ്ഥാനം വീണ്ടെടുക്കുക മാത്രമല്ല, അന്താരാഷ്ട്ര ക്രമത്തില്‍ അതിന്റെ സ്ഥാനം ഉയര്‍ത്തുകയും ചെയ്തതായി നമുക്കു കാണാം. തന്റെ വിദേശ സന്ദര്‍ശനങ്ങളിലും പ്രവാസികളുമായുള്ള ആശയവിനിമയത്തിലും, ഇന്ത്യയുടെ കഥയില്‍ പുതിയ ആത്മവിശ്വാസം കാണാനായതായി രാഷ്ട്രപതി പറഞ്ഞു. ലോകമെമ്പാടും വികസന-മാനവിക ലക്ഷ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ ഇന്ത്യ നിര്‍ണായക പങ്കു വഹിക്കുന്നു. അന്താരാഷ്ട്ര വേദികളുടെ നേതൃത്വം, പ്രത്യേകിച്ചു ജി-20യുടെ അധ്യക്ഷപദം, രാജ്യം ഏറ്റെടുത്തതിനെക്കുറിച്ചും രാഷ്ട്രപതി പരാമര്‍ശിച്ചു.
ജി-20 ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗത്തെയും പ്രതിനിധാനം ചെയ്യുന്നതിനാല്‍, ആഗോള വ്യവഹാരത്തെ ശരിയായ ദിശയില്‍ രൂപപ്പെടുത്താന്‍ സഹായിക്കുന്നതിനുള്ള സവിശേഷ അവസരമാണിത്. ജി-20 അധ്യക്ഷപദവിയിലൂടെ, വ്യാപാരത്തിലും ധനകാര്യത്തിലും തുല്യതയാര്‍ന്ന പുരോഗതിയിലേക്കുള്ള പാത തെളിക്കാന്‍ ഇന്ത്യക്കു കഴിയും. വ്യാപാരത്തിനും ധനകാര്യത്തിനുമപ്പുറം മാനവവികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളും കാര്യപരിപാടിയിലുണ്ട്. മനുഷ്യരാശിയെ മൊത്തത്തില്‍ ബാധിക്കുന്നതും ഭൂമിശാസ്ത്രപരമായ അതിരുകളാല്‍ പരിമിതപ്പെടാത്തതുമായ നിരവധി ആഗോള പ്രശ്നങ്ങളുണ്ട്. മികച്ച രീതിയില്‍ ആഗോള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇന്ത്യയുടെ നേതൃത്വമുണ്ടെങ്കില്‍, ഈ മേഖലകളില്‍ ഫലപ്രദമായ നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ അംഗരാജ്യങ്ങള്‍ക്കു കഴിയുമെന്നും രാഷ്ട്രപതി പറഞ്ഞു.
ഇന്ത്യയുടെ ജി-20 അധ്യക്ഷതയില്‍ ശ്രദ്ധേയമായ കാര്യം, ഈ നയതന്ത്ര പ്രവര്‍ത്തനം താഴേത്തട്ടിലെത്തിച്ച രീതിയാണ്. ജനപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി ഇത്തരത്തിലുള്ള പ്രചാരണപരിപാടികള്‍ ഇതാദ്യമായാണു നടക്കുന്നത്. ഉദാഹരണത്തിന്, ജി-20യുടെ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചു സ്കൂളുകളിലും കോളേജുകളിലും സംഘടിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന മത്സരങ്ങളില്‍ വിദ്യാര്‍ഥികള്‍ ആവേശത്തോടെ പങ്കെടുക്കുന്നതു കാണുന്നതു സന്തോഷകരമാണ്. ജി-20യുമായി ബന്ധപ്പെട്ട പരിപാടികളില്‍ എല്ലാ പൗരന്മാരും ആവേശഭരിതരാണെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മൂ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞത് സമ്മേളനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: