ന്യൂദല്‍ഹി: ബ്രിട്ടീഷ് കിരാത വാഴ്ചയെ തച്ചുതകര്‍ത്ത്, ഭാരതം സ്വാതന്ത്ര്യം നേടിയിട്ട് ഇന്ന് 76 വര്‍ഷം തികയുന്നു. 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ന് ആസേതു ഹിമാചലം ആവേശത്തിമര്‍പ്പിലാണ്.
ദേശീയപതാക ഉയര്‍ത്തിയും ദേശീയഗാനം ആലപിച്ചും, സ്വാതന്ത്ര്യസമര സേനാനികളുടെ വീരഗാഥകള്‍ വര്‍ണിച്ചും ജനകോടികള്‍ ഇന്ന് രാജ്യത്തിന്റെ ആത്മാഭിമാനം വാനോളമുയര്‍ത്തും.
ദല്‍ഹി ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയര്‍ത്തി രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. കേന്ദ്രമന്ത്രിമാര്‍, വിവിധ സേനാ മേധാവികള്‍ എന്നിവരടക്കം പ്രമുഖര്‍ പങ്കെടുക്കും. വിവിധ തൊഴില്‍ രംഗങ്ങളില്‍ നിന്നുള്ള 1800 പേര് കുടുംബത്തോടൊപ്പം വിശിഷ്ടാതിഥികളാകും.
പ്രധാനമന്ത്രിക്ക് വിവിധ സേനാ വിഭാഗങ്ങളും ദല്‍ഹി പോലീസ് ഗാര്‍ഡും ജനറല്‍ സല്യൂട്ട് നല്‍കും. തുടര്‍ന്ന് പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കും, ദേശീയപതാക ഉയര്‍ത്തും. എലൈറ്റ് 8711 ഫീല്‍ഡ് ബാറ്ററിയുടെ (സെറിമോണിയല്‍) സംഘം 21 ഗണ്‍ സല്യൂട്ട് നല്‍കും. ദല്‍ഹിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: