മനോജ്. കെ
പൊന്‍കുന്നം: ദേശീയോദ്ഗ്രഥന സന്ദേശം നല്കുന്ന തന്റെ സിനിമയുടെ ഓഡിയോ റിലീസ് ചെയ്തതിന്റെ സന്തോഷവും അതിലെ ഗാനം ഇന്ത്യന്‍ ആര്‍മി ഏറ്റെടുത്തതിന്റെ ആവേശവും കൊണ്ട് അവിസ്മരണീയമാണ് ഈ സ്വാതന്ത്ര്യദിനം ചിന്മയിക്ക്.
‘ക്ലാസ് ബൈ എ സോള്‍ജിയര്‍’ എന്ന സിനിമ അതിന്റെ ഷൂട്ടിങ് സമയത്തുതന്നെ ശ്രദ്ധയാകര്‍ഷിച്ചതാണ്. ആ ചിത്രം നല്കുന്ന സന്ദേശവും അതിന്റെ സാമൂഹിക പ്രതിബദ്ധതയും അന്നേ ചര്‍ച്ചയായതാണ്. എന്നാല്‍ അതിന്റെ സംവിധായിക ചിന്മയി നായര്‍ ദേശീയതലത്തില്‍ തന്നെ ഒരു സിനിമ സംവിധാനം ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയാണ് എന്നതാണ് ഏറ്റവും പ്രധാനം.
സിനിമയുടെ ഓഡിയോ ലോഞ്ചിങ് എറണാകുളത്തു നടന്നു. ഐഎംഎ ഹാളില്‍ നടന്ന ചടങ്ങില്‍ മേജര്‍ രവിയായിരുന്നു മുഖ്യാതിഥി. ഈ ചിത്രത്തിലെ ഗാനങ്ങള്‍ സൈന്യം ഏറ്റെടുത്തിരിക്കുകയാണ് എന്നതാണ് ആ ഓഡിയോ ലോഞ്ചിങ് വ്യത്യസ്തമാക്കുന്നത്. ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത് കാര്‍ഗിലില്‍ വീരമൃത്യു വരിച്ച ജവന്മാര്ക്ക് ആദരവര്പ്പിച്ചുകൊണ്ടായിരുന്നു. ആ ദേശീയ പ്രതിബദ്ധത അന്നേ മിലിട്ടറി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയും ചിത്രത്തെക്കുറിച്ച് അവര്‍ കൂടുതല്‍ അന്വേഷിക്കുകയും ചെയ്തു. സ്കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയാണ് ചിത്രം സംവിധാനം ചെയ്തത് എന്ന അറിവ് അവരെ ആശ്ചര്യപ്പെടുത്തി. തുടര്‍ന്ന് മേജര്‍ ഋഷി എന്ന ഉദ്യോഗസ്ഥന് ചിന്മയിയെ ഒരു കൂടിക്കാഴ്ച്ചക്ക് ക്ഷണിക്കുകയായിരുന്നു. ചിത്രത്തിന്റെ വിശദാംശങ്ങളും അതിലെ ഗാനവും ചിന്മയിതന്നെ അവര്‍ക്ക് വിവരിച്ചുനല്‍കി. പാറിപ്പറന്നുനടക്കേണ്ട പ്രായമുള്ള ഒരു കൊച്ചുപെണ്‍കുട്ടിയുടെ വളരെ ഗൗരവതരമായ ആ ഉദ്യമം അവരുടെ പ്രശംസ പിടിച്ചുപറ്റി. ആ ഗാനങ്ങള്‍ സൈന്യം സമര്‍പ്പിക്കുവാനുള്ള ചിന്മയിയുടെ ആഗ്രഹം അവള് അദ്ദേഹത്തെ അറിയിച്ചു. അവര്‍ സന്തോഷപൂര്‍വം അത് അംഗീകരിക്കുകയായിരുന്നു.
ചിത്രത്തിന്റെ കാസ്റ്റിങ്ങും മറ്റ് സാങ്കേതിക പ്രവര്‍ത്തകരെ തിരഞ്ഞെടുത്തതും ചിന്മയി തന്നെയാണ്. മീനാക്ഷി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വിജയ് യേശുദാസ് ആണ് നായകന്.
കോട്ടയം ചിറക്കടവ് പനിയാനത്ത് അനില്‍ രാജിന്റെയും ധന്യയുടെയും മകളാണ് ചിന്മയി. ചിന്മയിയും സുഹൃത്തും ചിത്രത്തിലെ നായികയായ മീനാക്ഷിയും കോട്ടയം ളാക്കാട്ടൂര്‍ എംജിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടുവിന് ഒരേ ക്ലാസ്സില്‍ പഠിക്കുന്നവരാണ് എന്നത് മറ്റൊരു കൗതുകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: