ന്യൂദല്‍ഹി: തെറ്റിപ്പോകാന്‍ സാധ്യതയില്ലാത്ത ചന്ദ്രയാന്‍ 3 ന്റെ സാങ്കേതികവിദ്യയാണ് ഐഎസ് ആര്‍ഒ ചെയര്മാന് എസ് സോമനാഥിന്റെ ആത്മവിശ്വാസം. ആ ആത്മവിശ്വാസത്തില്‍ തൊട്ട് അദ്ദേഹം പറയുന്നു- ‘ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ കൃത്യസമയത്ത് ലാന്‍ഡ് ചെയ്യുമെന്നുറപ്പുണ്ട്’.
ഇങ്ങിനെ ഉറപ്പുപറയാനുള്ള സാങ്കേതികകാരണങ്ങളും സോമനാഥ് നിരത്തുന്നു. ചന്ദ്രയാൻ-3 ന്റെ ലാൻഡറായ വിക്രമിന്റെ സെൻസറുകളും രണ്ട് എഞ്ചിനുകളും പ്രവർത്തിക്കുന്നില്ലെങ്കിൽ പോലും വിക്രം ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡിംഗ് നടത്തുമെന്നുറപ്പുണ്ടെന്ന് സോമനാഥ് പറയുന്നു. പിഴവുകള്‍ സംഭവിച്ചാല്‍ പോലും അതിനെയെല്ലാം അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് വിക്രമിനെ രൂപകല്പന ചെയ്തിരിക്കുന്നത്.
ചന്ദ്രയാന്‍ 2 വിക്ഷേപിച്ചപ്പോള്‍ ആദ്യഭാഗം വിജയകരമാണെങ്കിലും ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിംഗ് ചെയ്യാന്‍ കഴിയാതെ വിക്രം എന്ന റോവര്‍ അന്ന് പരാജയപ്പെടുകയായിരുന്നു. ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിംഗിന് ഒരുങ്ങവേ വിക്രം എന്ന റോവറുമായി ഐഎസ് ആര്‍ഒയ്ക്ക് ബന്ധം നഷ്ടമാകുകയായിരുന്നു. പ്രധാനമന്ത്രി മോദി കൂടി ആ അസുലഭനിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ബെംഗളൂരുവിലെ ഐഎസ് ആര്‍ഒ ആസ്ഥാനത്ത് എത്തിയെങ്കിലും ചന്ദ്രയാന്‍ 2 പരാജയപ്പെട്ടു. അന്നത്തെ ഐഎസ്ആര്‍ഒ ചെയര്മാന് ശിവന് പ്രധാനമന്ത്രിയുടെ മുമ്പില്‍ പരാജയപ്പെട്ട വിദ്യാര്‍ത്ഥിയെപ്പോലെ പൊട്ടിക്കരയുമ്പോള്‍ മോദി അദ്ദേഹത്തെ ആശ്ലേഷിച്ച ദൃശ്യങ്ങള്‍ ആര്‍ക്കും മറക്കാന്‍ കഴിയില്ല.
പക്ഷെ അത്തരം പരാജയങ്ങളൊന്നും ചന്ദ്രയാന്‍ 3ല്‍ സംഭവിക്കില്ലെന്നാണ് സോമനാഥ് നല്കുന്ന ഉറപ്പ്. അതുപോലെ ലാന്‍ഡറും റോവറും ഉള്‍പ്പെടുന്ന ലാന്‍ഡിംഗ് മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ സംവിധാനത്തില്‍ നിന്നും സുരക്ഷിതമായി വേര്‍പ്പെടുന്ന തരത്തില്‍ പ്രൊപ്പല്‍ഷന്‍ സിസ്റ്റവും പഴുതടച്ച രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചന്ദ്രോപരിത്തലത്തിൽ സുരക്ഷിതമായി വിക്രമിന് ഇറങ്ങാൻ കഴിഞ്ഞാൽ അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും ശേഷം ചന്ദ്രനിലിൽ പര്യവേക്ഷണപേടകം ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ..അത് ഇന്ത്യയെ ബഹിരാകാശരംഗത്തെ വന്‍ശക്തിയാക്കി മാറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: