കണ്ണൂര്‍: കര്‍ക്കിടക ദുരിതത്തെ ആവാഹിച്ചും ആധിവ്യാധികള്‍ ഉഴിഞ്ഞുമാറ്റിയും പൊന്നിന് ചിങ്ങത്തെ വരവേല്‍ക്കാന്‍ പാരമ്പര്യത്തനിമയില്‍ ഇക്കുറിയും കോലത്തുനാട്ടില്‍ കുട്ടിത്തെയ്യങ്ങളെത്തി. കര്‍ക്കിടകം 28ാം നാളായ ഇന്നലെ രാവിലെ കോലത്തിരി വലിയരാജ ചിറക്കല്‍ ഉത്രട്ടാതിതിരുനാള്‍ രാമവര്‍മ്മയുടെ കോവിലകത്താണ് ആദ്യം വേടന് തെയ്യമെത്തിയത്. നിറ വിളക്ക് തെളിച്ച് നിറ കിണ്ടിയും നെല്ലും അരിയും കായ്കനികളും കാഴ്ച വച്ചാണ് കോവിലകത്തേക്ക് വേടനെ വരവേറ്റത്. ശിവപാര്‍വതിമാര്‍ വേടനും വേടത്തിയുമായി വേഷം മാറി അര്‍ജ്ജുനനെ പരീക്ഷിച്ച് പാശുപതാസ്ത്രം നല്കിയ കഥയാണ് തോറ്റമായി ചൊല്ലുന്നത്. വേടന് -പരമശിവനും ആടി -പാര്‍വതിയുമായാണ് സങ്കല്പം. തെയ്യക്കോല പാരമ്പര്യ ജന്മാധികാര വ്യവസ്ഥ പ്രകാരം ആടി വണ്ണാന്‍ സമുദായത്തിന്നും വേടന് മലയ സമുദായത്തിനും അവകാശപ്പെട്ടതാണ്.
അര്‍ജുനനു ലഭിച്ച ശിവപ്രസാദത്തെ തോറ്റംപാട്ടിലൂടെ ഓര്‍മ്മിപ്പിച്ച ശേഷം ശിവസങ്കല്പത്തില്‍കറുത്ത ഗുരുസിയും പാര്‍വതി സങ്കല്പത്തില് മഞ്ഞള്‍ ഗുരുസിയും ഉഴിഞ്ഞ് ആധിവ്യാധികളും ബാധകളും ദുരിതങ്ങളും മാറ്റുന്നു. കറുത്ത ഗുരുതി തെക്കുഭാഗത്തേക്കും മഞ്ഞ ഗുരുസി വടക്ക് ഭാഗത്തേക്കും കമിഴ്ത്തും. കോവിലകത്ത് ഇക്കുറി വേടന് തെയ്യത്തിന്റെ ആട്ടത്തോടൊപ്പം പാര്‍വതി സങ്കല്പത്തിലെ ഗുരുസിയും ഉഴിഞ്ഞു മാറ്റി. ചിറക്കല്‍ വലിയ രാജ സി.കെ രാമവര്‍മ്മയും സഹധര്‍മ്മിണി നിലമ്പൂര്‍ കോവിലകം വിജയലക്ഷ്മി തമ്പുരാട്ടിയും ചിറക്കല്‍ കോവിലകത്തെ അംബികാവര്‍മ്മയും ഇളമുറയായ ഏഴര മാസം പ്രായമുള്ള ധാര്‍മ്മിക് വര്‍മ്മയും ചേര്‍ന്നാണ് ചിറക്കല്‍ രാജാവിന്റെ കൊട്ടാരത്തിലെത്തിയ കുട്ടിത്തെയ്യത്തെ വരവേറ്റ് ദക്ഷിണ നല്‍കിയത്.
കര്‍ക്കിടകത്തിലെ ആദിപാതി വേടനും അവസാന പാതി ആടിയും വീടുകള്‍ കയറി ഇറങ്ങി പകര്‍ന്നാടുന്ന പാരമ്പര്യത്തനിമയാര്‍ന്ന ആചാരം ചിറക്കല്‍ തട്ടകം ഇന്നും കാത്തുസൂക്ഷിക്കുന്നു. കര്‍ക്കിടക സംക്രമ ദിനം രാവിലെ ഗണപതി മണ്ഡപത്തില്‍ കുട്ടിത്തെയ്യങ്ങള്‍ കെട്ടിയാടിയ ശേഷമാണ് പിറ്റേന്നു മുതല്‍ തട്ടകങ്ങളിലെ വീടുകളിലേക്ക് പോവുക. കര്‍ക്കടകം ഏഴാം നാളിലാണ് ചിറക്കല്‍ വലിയ രാജാവിന്റെ കൊട്ടാരത്തില്‍ വേടനാട്ടം. 28ന് ചിറക്കല്‍ ചിറയ്ക്കു ചുറ്റുമുള്ള കോവിലകത്തും തുടര്‍ന്ന് പരിസരത്തെ മറ്റു വീടുകളിലും എന്നതാണ് പതിവ് . ഇപ്പോള്‍ സൗകര്യത്തിനു വേണ്ടി എല്ലാ ചടങ്ങും 28 ലേക്ക് മാറ്റി.
45 വര്‍ഷങ്ങള്‍ക്ക് ശേഷം ഇക്കഴിഞ്ഞ ഏപ്രിലില്‍ നടന്ന ചിറക്കല്‍ കോവിലകം പെരും കളിയാട്ടത്തില്‍ വിഷ്ണുമൂര്ത്തിയുടെ അഗ്നിക്കോലമായ തീച്ചാമുണ്ഡി തെയ്യം കെട്ടിയ ചിറക്കല്‍ രാജാസ് ഹൈസ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി അഭിരാമാണ് കര്‍ക്കിടകവേടന്‍ തെയ്യമായി കോവിലകത്ത് വീണ്ടുമെത്തിയത്. കോലപ്പെരുമലയ സ്ഥാനിക തറവാട്ടംഗം കെ. മുരളീ പണിക്കറാണ് വേടന് അകമ്പടിയായി എത്തി വീക്കന്‍ ചെണ്ടകൊട്ടി തോറ്റം പാടിയത്. തന്റെ നാലാം വയസ്സില്‍ ചിറക്കല്‍ തട്ടകത്തില്‍ കര്‍ക്കിടക വേടന് തെയ്യം കെട്ടിയാണ് അഭിരാം തെയ്യാട്ടപ്പടിയിലേക്ക് കടന്നുവന്നത്. തുടര്‍ന്ന് വിവിധ കാവുകളില്‍ തെക്കന്‍ ഗുളികന്, ഉച്ചിട്ട, പൊട്ടന് തുടങ്ങിയ തെയ്യങ്ങള്‍ കെട്ടിയാടി.
ഒടുവില്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ ചിറക്കല്‍ പെരും കളിയാട്ടത്തില്‍ വിഷ്ണുമൂര്ത്തിയുടെ അഗ്നിക്കോലമായ തീച്ചാമുണ്ഡി കെട്ടി 121 തവണ തീക്കനലില്‍ വീണുറഞ്ഞാടി ചരിത്രം കുറിച്ച് പട്ടും വളയും തെയ്യാട്ടത്തിലെ പണിക്കര്‍ സ്ഥാനത്തിനും അര്‍ഹത നേടുകയായിരുന്നു. ചിറക്കല്‍ ചിറയ്ക്കരികിലൂടെ പോകുന്ന വഴി യാത്രക്കാരും വേടന് ദക്ഷിണ നല്കാന് എത്തി. ചാമുണ്ഡി കോട്ടത്തിനടുത്ത അങ്കണവാടി റോഡില്‍ കോലപ്പെരുമലയ സ്ഥാനി കുടുംബാംഗം കൃഷ്ണാഭിരാമം വീട്ടില്‍ കക്കോപ്രത്ത്മുരളി പണിക്കരുടെയും കാഞ്ഞങ്ങാട് ആശുപത്രി നഴ്സായ രംഭയുടെയും ഏക മകനാണ് അഭിരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: