തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തില്‍ മറുപടി പറയാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മാസപ്പടി വിവാദം സംബന്ധിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് ഗോവിന്ദന്‍ മടങ്ങി.
ഇക്കാര്യത്തേക്കുറിച്ച് എല്ലാം പറഞ്ഞുകഴിഞ്ഞതാണ്. ഇനിയൊന്നും പറയാനില്ലെന്ന് പറഞ്ഞ് തുടര്‍ചോദ്യങ്ങളില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. നേരത്തേ മാസപ്പടി വിവാദത്തില്‍ വീണാ വിജയനെ പൂര്‍ണമായി പ്രതിരോധിച്ചുകൊണ്ട് സിപിഎം പ്രസ്താവന ഇറക്കിയിരുന്നു. കരിമണല്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറില്‍ നിയവിരുദ്ധമായി ഒന്നുമില്ലെന്നും ഇടപാടുകള്‍ സുതാര്യമാണെന്നും നേരത്തേ ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു.
അതേസമയം സിപിഎമ്മിന് എൻഎസ്എസിനോട് എന്നല്ല ആരുമായും പിണക്കമില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു. പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ സാമൂദായിക സംഘടനകളുടെയും നേതാക്കന്‍മാരെയും പ്രവര്‍ത്തകരെയും കാണും. സ്ഥാനാർഥി സന്ദർശനത്തെ തിണ്ണ നിരങ്ങലായി കണക്കാക്കരുതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ആരോടും പാര്‍ട്ടിക്ക് പിണക്കമില്ല. ആരെയും ശത്രുപക്ഷത്ത് നിര്‍ത്തില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
സമുദായ നേതാക്കളെ സ്ഥാനാർഥി സന്ദർശിക്കുന്നത് ജനാധിപത്യ മര്യാദയാണ്. എൻഎസ്എസ് അപ്പപ്പോൾ എടുക്കുന്ന നയത്തെയാണ് വിമർശിക്കുന്നത്. എല്ലാ രാഷ്‌ട്രീയ പാർട്ടികളോടും സമദൂരമെന്നാണ് എൻഎസ്എസ് നിലപാട്, എന്നാൽ പലപ്പോഴുമത് സമദൂരമാവാറില്ലെന്നും ഗോവിന്ദൻ പറഞ്ഞു. മിത്ത് വിവാദത്തിൽ വസ്തുത ബോധ്യപ്പെടേണ്ടത് എൻഎസ്എസിനാണെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: