തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സിഎംആര്‍എല്‍ നല്‍കിയത് അഴിമതിപ്പണം തന്നെയെന്ന് നിയമ വിദഗ്ധര്‍. അഴിമതി നിരോധന നിയമപ്രകാരം മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ കേസെടുക്കാം. സേവനത്തിനല്ലാതെ നല്‍കിയെന്ന് കണ്ടെത്തിയ പണം ബാങ്ക് വഴി കൈമാറിയതായാലും ആദായനികുതി അടച്ചാലും കള്ളപ്പണം തന്നെയെന്നും നിയമ വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ഒരു ഉന്നതന്റെ ബന്ധത്തിന്റെ പേരിലാണ് പണം നല്‍കിയതെന്നു മാത്രമല്ല പി വി എന്ന പേരില്‍ പിണറായി വിജയനും പണം നല്‍കിയിട്ടുണ്ടെന്ന് സിഎംആര്‍എല്‍ അധികൃതരും ആദായനികുതി വകുപ്പിന് മൊഴി നല്‍കിയിട്ടുണ്ട്. ഇത് അഴിമതി നിരോധന നിയമം 13(1)(ഡി)യുടെ പരിധിയില്‍ വരുന്നതാണ്. ഇത് മുഖ്യമന്ത്രിയുടെ അധികാര ദുര്‍വിനിയോഗം ചെയ്യലായി കണക്കാക്കാം.
നല്‍കാത്ത സേവനത്തിനാണ് പണം അനുവദിച്ചിരിക്കുന്നത്. ബാങ്ക് വഴി നല്‍കിയതിനാല്‍ അത് നിയമപരമായുള്ള പണം എന്നാണ് സിപിഎമ്മിന്റെ വാദം. എന്നാല്‍ ബാങ്ക് അക്കൗണ്ട് വഴി പണം കൈമാറിയാലും ആദായനികുതി അടച്ചാലും കള്ളപ്പണം നിയമപരമാക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടുന്നു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ സത്യവാങ്മൂലത്തില്‍, പങ്കാളിയായ വീണയുടെ വരുമാനത്തില്‍ ഈ തുക കാണിച്ചിട്ടുമില്ല.
വീണാ വിജയന്റെ ആദായനികുതി വിവരങ്ങള്‍ അനുസരിച്ച് 2016-17ല്‍ 8,25,708 രൂപ, 2017-18ല്‍ 10,42,864 രൂപ, 2018-19ല്‍ 28.68 ലക്ഷം, 2019-20ല്‍ 30.72 ലക്ഷം, 2020-21 ല്‍ 29.94 ലക്ഷം എന്നിങ്ങനെയാണ് വരുമാനം. ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ന്യൂദല്‍ഹി ബെഞ്ച് തീര്‍പ്പു കല്‍പിച്ചത് അനുസരിച്ച് സിഎംആര്‍എല്‍ കമ്പനിയില്‍നിന്നു വീണയുടെ പേരില്‍ 2017-18 ല്‍ 15 ലക്ഷവും 2019-20ല്‍ 40 ലക്ഷവും നല്‍കിയിട്ടുമുണ്ട്. ഈ പണത്തിന്റെ വിവരം ആദായനികുതി വകുപ്പിനെ അറിയിച്ചിട്ടില്ലെന്നും വ്യക്തമാണ്. ഇതില്‍ ആദായ നികുതി വകുപ്പിന് കേസെടുക്കാം. തെരഞ്ഞെടുപ്പ് കമ്മിഷനെ കബളിപ്പിച്ചതിന് മുഹമ്മദ് റിയാസിന് അയോഗ്യത ഉള്‍പ്പടെയുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്നും സൂചനയുണ്ട്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയ്‌ക്കെതിരായ ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലുകള്‍ ഗുരുതരമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ വിഷയത്തില്‍ പരിശോധന നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും കണ്ടെത്തലുകള്‍ ഗുരുതരമാണെന്നാണ് മാധ്യമങ്ങളിലൂടെ മനസിലാകുന്നതെന്നും ഗവര്‍ണര്‍ കൊച്ചിയില്‍ പറഞ്ഞു.
മാധ്യമങ്ങളില്‍ വന്നത് ആരോപണങ്ങള്‍ മാത്രമല്ല, ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകള്‍ കൂടിയാണ്. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് വിശദീകരണം തേടണോയെന്ന് പിന്നീട് തീരുമാനിക്കും. ഇതിനായി എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി മനസിലാക്കേണ്ടതുണ്ടെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
വീണയ്‌ക്ക് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടി ഇനത്തില്‍ മൂന്നു വര്‍ഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ പ്രതികരണം. ഈ പണം നല്‍കിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്ന് ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ന്യൂദല്‍ഹി ബെഞ്ച് കണ്ടെത്തിയിരുന്നു. വീണയും വീണയുടെ സ്ഥാപനമായ എക്സാലോജിക് സൊല്യൂഷ്യന്‍സും ഐടി, മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി, സോഫ്റ്റ്വെയര്‍ സേവനങ്ങള്‍ നല്‍കാമെന്നു സിഎംആര്‍എല്ലുമായി കരാറുണ്ടാക്കിയിരുന്നു.
സേവനങ്ങളൊന്നും നല്‍കിയില്ല. എന്നാല്‍, കരാര്‍ പ്രകാരം മാസം തോറും പണം നല്‍കിയെന്ന് സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന്‍ കര്‍ത്താ ആദായനികുതി വകുപ്പിനു മൊഴി നല്‍കി.2017-20 കാലയളവില്‍ മൊത്തം 1.72 കോടി രൂപയാണ് വീണയ്‌ക്കും എക്സാലോജിക്കിനുമായി ലഭിച്ചതെന്നും ഇതു നിയമവിരുദ്ധ പണമിടപാടാണെന്നും ആദായനികുതി വകുപ്പ് വാദിച്ചു. ലഭിക്കാതിരുന്ന സേവനങ്ങള്‍ക്കാണ് പണം നല്‍കിയതെന്ന് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കാന്‍ ആദായനികുതി വകുപ്പിനു കഴിഞ്ഞിട്ടുണ്ടെന്ന് അമ്രപള്ളി ദാസ്, രാമേശ്വര്‍ സിങ്, എം. ജഗദീഷ് ബാബു എന്നിവര്‍ ഉള്‍പ്പെട്ട സെറ്റില്‍മെന്റ് ബോര്‍ഡ് ബെഞ്ച് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: