കോളോണിയല്‍ കാലത്തെ ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളെ പൊളിച്ചെഴുതാനുള്ള ബില്ലാണ് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി), ക്രിമിനല്‍ നടപടി ചട്ടം (സിആര്‍പിസി), ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവ റദ്ദാക്കാനുള്ള ബില്ലുകള്‍. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സന്ഹിത, ഭാരതീയ സാക്ഷ്യ ബില്‍ എന്നിവയാണ് പകരം വരുന്നത്. നിലവിലുള്ള വ്യവസ്ഥയെ പൂര്‍ണമായും മാറ്റി മറിക്കുന്നതാണ് ഈ ബില്ലുകള്‍. ശിക്ഷയായി നല്കുന്ന പിഴയ്ക്ക് പകരം സാമൂഹിക സേവനമാണ് ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്നത്. അന്വേഷണത്തിന് സാങ്കേതികവിദ്യയെയും ഫൊറന്‍സിക് സയന്‍സിനെയും ഉപയോഗപ്പെടുത്താം. സമന്‍സുകള്‍ ഇലക്ട്രോണിക്സ് രൂപത്തില്‍ നല്‍കാം. ഇലക്ട്രോണിക്, ഡിജിറ്റല്‍ രേഖകള്‍ തെളിവായി സ്വീകരിക്കാമെന്നും ബില്ലില്‍ പറയുന്നു. രാജ്യത്തെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ ഇത് മാറ്റി മറിക്കും. പൗരന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും വേഗത്തില്‍ നീതി ഉറപ്പാക്കുകയും ലക്ഷ്യമിട്ടുളളതാണ് പുതിയ നിയമങ്ങള്‍.
ഇന്ത്യന്‍ ശിക്ഷാ നിയമങ്ങള്‍ ബ്രിട്ടീഷ് കാലത്തെ പാരമ്പര്യം പിന്തുടരുന്നവയാണെന്നായിരുന്നു. ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ നിലവിലെ നിയമങ്ങള്‍ അവരുടെ ഭരണത്തെ എതിര്‍ക്കുന്നവരെ ശിക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള അടിമത്തത്തിന്റെ അടയാളങ്ങളുള്ള നിയമങ്ങളായിരുന്നു. 19-ാം നൂറ്റാണ്ടില്‍ ആദ്യമായി നടപ്പിലാക്കിയതിന് ശേഷം കാര്യമായി മാറ്റം വരുത്താന്‍ സ്വതന്ത്ര ഇന്ത്യയും തയ്യാറായില്ല. 1860 മുതല്‍ 2023 വരെ ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ നിയമങ്ങള്‍ക്കനുസൃതമായാണ് രാജ്യത്തെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ പ്രവര്‍ത്തിച്ചത്. അധിനിവേശത്തോടുള്ള ബൗദ്ധികവും മാനസികവുമായ അടിമത്തം തന്നെയായിരുന്നു കാരണം. ക്രിമിനല്‍ നിയമ വ്യവസ്ഥയെ അധിനിവേശത്തില്‍ നിന്നും മുക്തമാക്കാന്‍ നമുക്ക് 75 വര്‍ഷം കാത്തിരിക്കേണ്ടി വന്നുവെന്നുവെങ്കിലും സാധ്യമായിരിക്കുന്നു.
രാജ്യദ്രോഹം അസാധുവാക്കാനും ആള്‍ക്കൂട്ട കൊലപാതകം, പ്രായപൂര്‍ത്തിയാകാത്തവരെ ബലാത്സംഗം ചെയ്യല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കാനുമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് ഭാരതീയ ന്യായ സംഹിത ബില്‍. ചെറിയ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയായി പിഴയ്ക്ക് പകരം സാമൂഹിക സേവനം നല്‍കാനുള്ള വ്യവസ്ഥകളും ബിഎന്‍എസ് ബില്ലിലുണ്ട്. വിഭജന പ്രവര്‍ത്തനങ്ങള്‍, സായുധ കലാപം, അട്ടിമറി പ്രവര്‍ത്തനങ്ങള്‍, വിഘടനവാദ പ്രവര്‍ത്തനങ്ങള്‍, ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും അപകടമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവയും കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍, കൊലപാതകം, ഭരണകൂടത്തിനെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്കും ബില്ലില്‍ മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. വിവിധ കുറ്റകൃത്യങ്ങള്‍ ലിംഗഭേദമില്ലാതെയുള്ളതാക്കി.
ചരിത്രപ്രധാനമുള്ള ബില്ലുകള്‍ അവതരിപ്പിക്കുമ്പോള്‍ അഭിപ്രായം പറയാനോ ചര്‍ച്ചചെയ്യാനോ പ്രതിപക്ഷം പാര്‍ലെമന്റില്‍ ഉണ്ടായിരുന്നില്ല. എന്‍ഡിഎ സര്‍ക്കാര്‍ കൊളോണിയല്‍ കാലത്തെ നിയമങ്ങള്‍ അവസാനിപ്പിക്കുന്നത് പുതിയ നിയമങ്ങളിലൂടെ രാജ്യത്ത് സ്വേച്ഛാധിപത്യം കൊണ്ടുവരാന്‍ ആണെന്ന അരോപണം പുറത്ത് കോണ്‍ഗ്രസ് ഉന്നയിച്ചിട്ടുണ്ട്. സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാര്കെതിരെ നടപടിയെടുക്കാന്‍ കഴിയുന്ന നിയമങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നതാണന്നും ആരോപിക്കുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമങ്ങള്‍ ബ്രിട്ടീഷ് കാലത്തെ പാരമ്പര്യം പിന്തുടരുന്നവയാണെന്നും മറിച്ച് ഇന്ത്യയുടേതായ ശിക്ഷാ നിയമങ്ങള്‍ വേണമെന്നുള്ള നിര്‍ദ്ദേശം വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്. പരിഷ്കരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി 2020 മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ ക്രിമിനല്‍ നിയമ പരിഷ്കരണ സമിതി രൂപീകരിച്ചിരുന്നു. ക്രിമിനല്‍ നിയമങ്ങളുടെ സമഗ്രമായ പുനരവലോകന പ്രക്രിയ സര്‍ക്കാര്‍ ഏറ്റെടുത്തതായി 2022 ഏപ്രിലില്‍ നിയമ മന്ത്രാലയം രാജ്യസഭയെ അറിയിച്ചിരുന്നു. തുടര്‍നടപടി ആയാണ് ലോക്സഭയില്‍ ബില്ല് അവതരിപ്പിച്ചത്. ബില്ലുകള്‍ ആഭ്യന്തരകാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും അവിടെ ചര്‍ച്ചചെയ്യാനുള്ള അവസരം ഉണ്ട്. അതെങ്കിലും പ്രതിപക്ഷം ഉപയോഗപ്പെടുത്തുമെന്ന് കരുതാം
കൊളോണിയല്‍ നിഴല്‍ അകറ്റാനുള്ള മോദി സര്‍ക്കാരിന്റെ പ്രഖ്യാപിത പദ്ധതിയിലെ നിര്‍ണായക ചുവടുവയ്പാണ് പുതിയ ഭാരതീയ ന്യായ സംഹിത ബില്ലുകള്‍ എന്നതില്‍ തര്‍ക്കമില്ല. നാവികസേനയുടെ പുതിയ പതാകയും ഇന്ത്യാ ഗേറ്റ് കര്‍ത്തവ്യ പഥ് ആയതും ഒക്കെ ഇന്ത്യയുടെ കൊളോണിയല്‍ ഭൂതകാലത്തോട് വിടപറയാനുള്ള നീക്കങ്ങളുടെ ഭാഗമായിരുന്നു. അക്കൂട്ടത്തില്‍ ഏറ്റവും പ്രാധാന്യമുള്ളതാണ് നിയമങ്ങളിലെ അടിമുടി മാറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: