സുനില്‍ തളിയല്‍
തിരുവനന്തപുരം: ജീവിതത്തിന്റെ നല്ല പങ്ക് മണലാരണ്യത്തില്‍ അധ്വാനിച്ച് സമ്പാദിച്ച പണവുമായി ശിഷ്ടകാലം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സ്വസ്ഥമായി ജീവിക്കാമെന്ന മോഹവുമായി നാട്ടിലെത്തിയതാണ് ഓമനക്കുട്ടന്‍. പക്ഷേ താനെത്തിയത് ചെകുത്താന്റെ സ്വന്തം നാടായി മാറിയ നവ കേരളത്തിലാണെന്ന് വൈകിയാണ് ഓമനക്കുട്ടന്‍ അറിഞ്ഞത്. അധികാരരാഷ്‌ട്രീയമുള്ള സിപിഎം നേതാക്കള്‍ക്ക് കേരളത്തില്‍ എന്തും ചെയ്യാമെന്നും ഭരണകൂടസംവിധാനങ്ങള്‍ കണ്ണടയ്‌ക്കുമെന്നതിന്റെ ഉദാഹരണമാണ് ഓമനക്കുട്ടന്റെ ദുരനുഭവങ്ങള്‍.
പത്ത് വര്‍ഷം മുമ്പ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ ഓമനക്കുട്ടന്‍ തന്റെ സമ്പാദ്യംകൊണ്ട് കല്ലിയൂര്‍ വില്ലേജില്‍ വെള്ളായണി കായലിന് സമീപം പ്രകൃതിരമണീയമായ 21 സെന്റ് സ്ഥലം വിലയ്‌ക്കു വാങ്ങിയിരുന്നു. അവിടെ ഒരു റിസോര്‍ട്ട് പണിയണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതിനായി തിരുവനന്തപുരത്ത് വഴുതക്കാട് പേള്‍ ഹെവന്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഒരു ഫഌറ്റ് വാങ്ങി ഭാര്യയോടൊപ്പം താമസമാക്കുകയും ചെയ്തു. ചെങ്ങന്നൂര്‍ സ്വദേശിയായ ഓമനക്കുട്ടന് രണ്ടു മക്കളാണ്. മകളും ഭര്‍ത്താവും ചെന്നൈയിലും മകനും ഭാര്യയും ബഹ്‌റിനിലുമാണ് താമസം. രണ്ടു വര്‍ഷം മുമ്പ് സ്‌ട്രോക്ക് വന്നതിനെത്തുടര്‍ന്ന് അനന്തപുരി ആശുപത്രിയിലും ശ്രീചിത്രയിലും ചികിത്സയില്‍ കഴിയുകയും പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി ചെന്നൈയില്‍ പോവുകയും ചെയ്തിരുന്നു. തുടര്‍ന്ന് മകളോടൊപ്പം ചെന്നൈയില്‍ എട്ട് മാസത്തോളം താമസിച്ചു. ആ സമയത്താണ് തന്റെ കല്ലിയൂരുള്ള വസ്തു കൈയ്യേറി ഒരാള്‍ വഴി വെട്ടുന്നതായി അറിഞ്ഞ് ഓമനക്കുട്ടന്‍ തിരുവനന്തപുരത്തെത്തിയത്. അപ്പോഴാണ് തലസ്ഥാനത്തെ പ്രമുഖ സിപിഎം നേതാവായ കരമന ഹരിയാണ് വസ്തു കൈയ്യേറ്റത്തിന് പിന്നിലെന്നറിഞ്ഞത്. ഓമനക്കുട്ടന്റെ വസ്തുവിന്റെ പുറകില്‍ പഴയ ഒരു നാലുകെട്ട് വീടും 40 സെന്റ് സ്ഥലവും കരമന ഹരി വാങ്ങിയിരുന്നു. ആ വസ്തുവിലേക്ക് രണ്ട് അടി വീതിയുള്ള നടവഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൊവിഡ് കാലത്തും പിന്നീട് ചെന്നൈയില്‍ ചികിത്സയിലുമായതു കാരണം ഓമനക്കുട്ടന് താന്‍ വാങ്ങിയ സ്ഥലം പോയി നോക്കാന്‍ സാധിച്ചിരുന്നില്ല. ആ സമയത്താണ് കരമന ഹരി ഓമനക്കുട്ടന്റെ വസ്തുവില്‍ അതിക്രമിച്ചു കയറി കായ്ഫലമുള്ള വരിക്കപ്ലാവുകളും കശുമാവും തെങ്ങും മാവും ഉള്‍പ്പടെയുള്ള മരങ്ങള്‍ മുറിച്ചുമാറ്റുകയും ജെസിബി ഉപയോഗിച്ച് ആറടിയോളം ഉയരത്തിലുള്ള മണ്‍തിട്ട ഇടിച്ചുമാറ്റി 15 അടി വീതിയിലും 175 അടി നീളത്തിലും തന്റെ വസ്തുവിലേക്ക് വഴി വെട്ടിയത്. മണ്‍തിട്ട ഇടിച്ചുമാറ്റിയ മുന്നൂറ് ലോഡിലധികം വരുന്ന മണ്ണ് തന്റെ വസ്തുവില്‍ ഇട്ട് ഉയര്‍ത്തുകയും ചെയ്തു. വിവരമന്വേഷിച്ച സമീപവാസികളോട് ഈ വസ്തു താന്‍ വാങ്ങിയെന്നും കരമന ഹരി പറഞ്ഞു. തന്റെ വസ്തു താനറിയാതെ എങ്ങനെയാണ് വാങ്ങിയതെന്ന് അറിയാന്‍ ഓമനക്കുട്ടന്‍ കരമന ഹരിയുമായി ബന്ധപ്പെട്ടപ്പോള്‍ താങ്കളുടെ വസ്തു വാങ്ങാന്‍ എനിക്ക് താല്‍പ്പര്യമുണ്ടെന്നും എത്ര രൂപയാണെങ്കിലും വാങ്ങിക്കൊള്ളാമെന്നും ഹരി അറിയിച്ചു. തലസ്ഥാനത്തെ പ്രമുഖനായ ഒരു മന്ത്രിക്ക് വേണ്ടിയാണ് വസ്തു വാങ്ങുന്നതെന്നും മന്ത്രിയുടെ പേരില്‍ വാങ്ങാന്‍ സാധിക്കാത്തതിനാലാണ് തന്റെ പേരില്‍ വസ്തു വാങ്ങുന്നതെന്നും ഹരി അറിയിച്ചതായി ഓമനക്കുട്ടന്‍ പറയുന്നു. മന്ത്രി ചെയര്‍മാനായി ഒരു ബോട്ട്ക്ലബ് ഇവിടെ സ്ഥാപിക്കുമെന്നും തന്നെ അതിന്റെ ഡയറക്ടര്‍ ബോര്‍ഡംഗമാക്കാമെന്നും ഹരി വാഗ്ദാനം നല്‍കിയതായും ഓമനക്കുട്ടന്‍ പറഞ്ഞു. സംസ്ഥാനത്തെ പ്രമുഖ സിപിഎം നേതാക്കളെല്ലാം തന്റെ അടുത്ത സുഹൃത്തുക്കളാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്തായതിനാല്‍ അദ്ദേഹത്തിന്റെ മണ്ഡലമായ ധര്‍മടത്തെ കാര്യങ്ങള്‍ നോക്കാന്‍ തന്നെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും കരമന ഹരി പറഞ്ഞിരുന്നു. തന്റെ വസ്തു വില്‍ക്കാന്‍ താല്‍പര്യമില്ലാതിരുന്നിട്ടും താന്‍ രോഗം മൂര്‍ച്ഛിച്ച് പരസഹായം കൂടാതെ നടക്കാന്‍ പോലും സാധിക്കാത്ത നിലയിലായതിനാലും കരമന ഹരി ഉന്നത ബന്ധമുള്ള രാഷ്‌ട്രീയക്കാരനായതു കൊണ്ടും ഓമനക്കുട്ടന്‍ തന്റെ വസ്തു സെന്റിന് ഏഴു ലക്ഷം രൂപ വച്ച് 21 സെന്റ് ഹരിക്ക് വില്‍ക്കാന്‍ തീരുമാനിച്ചു. അടുത്ത ദിവസം 25 ലക്ഷം രൂപ അഡ്വാന്‍സുമായി വരാമെന്ന് പറഞ്ഞ് പോയ ഹരിയെക്കുറിച്ച് പിന്നെ ഒരാഴ്ചത്തേക്ക് യാതൊരു വിവരുമില്ല. ഫോണ്‍ ചെയ്താല്‍ എടുക്കുന്നുമില്ല. ഒടുവില്‍ തന്റെ ഡ്രൈവറുടെ ഫോണില്‍ നിന്നും വിളിച്ചപ്പോള്‍ കിട്ടി. അപ്പോള്‍ പറഞ്ഞത് ധര്‍മടത്തായിരുന്നുവെന്നും അടുത്ത ദിവസം അഡ്വാന്‍സുമായി വരുമെന്നുമാണ്. അടുത്ത ദിവസം അഡ്വാന്‍സുമായി വന്നു.
25 ലക്ഷത്തിന് പകരം രണ്ട് ലക്ഷം രൂപ നല്‍കി. പിന്നീട് നിരന്തരം വിളിച്ചപ്പോള്‍ ഗൂഗിള്‍ പേ വഴി പതിനായിരം രൂപ കൂടി അയച്ചുകൊടുത്തു. ഒന്നരക്കോടിയിലധികം വില പറഞ്ഞ വസ്തുവിന് രണ്ട് തവണയായി രണ്ട് ലക്ഷത്തി പതിനായിരം രൂപ അഡ്വാന്‍സ് നല്‍കിയപ്പോള്‍ തന്നെ ഓമനക്കുട്ടന് എന്തോ പന്തികേട് തോന്നി.
(തുടരും….. നാളെ: നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: