അമ്പലപ്പുഴ: കോണ്‍ക്രീറ്റ് തട്ട് പൊളിക്കുന്നതിനിടെ സ്ലാബ് വീണു കുടുങ്ങിയ യുവാവിനെ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രക്ഷപെടുത്തി. രക്ഷാപ്രവര്‍ത്തനത്തിന് വന്ന അഗ്നിസുരക്ഷാ സേനയുടെ വാഹനം അപകടത്തില്‍പ്പെട്ടു. കരുമാടി സ്വദേശി മിഥുനാ(24)ണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച രാവിലെ 11 ഓടെയായിരുന്നു അപകടം. പുറക്കാട് പുത്തന്‍നടയ്‌ക്കു സമീപം കല്ലുപുരക്കല്‍ തോപ്പില്‍ ബിജുവിന്റെ വീടിന്റെ നിര്‍മാണത്തിനിടെയാണ് അപകടമുണ്ടായത്.
20 ദിവസം മുന്‍പ് കോണ്‍ക്രീറ്റ് ചെയ്ത സണ്‍ഷൈഡിന്റെ മുട്ട് മാറ്റുന്നതിനിടെ സ്ലാബ് തകര്‍ന്ന് മിഥുന്റെ കാലില്‍ വീഴുകയായിരുന്നു. സ്ലാബുകള്‍ക്കിടയില്‍ കാല്‍ കുടുങ്ങിക്കിടന്ന മിഥുനെ ഒപ്പമുണ്ടായിരുന്ന ജന്‍സണ്‍ താങ്ങി നിര്‍ത്തുകയായിരുന്നു. അപകടവിവരമറിഞ്ഞെത്തിയ പഞ്ചായത്തംഗം സുഭാഷ് അമ്പലപ്പുഴ പോലീസിലും ഫയര്‍ഫോഴ്സിലും വിവരമറിയിച്ചു. പിന്നീട് അമ്പലപ്പുഴ എസ്‌ഐ ടോള്‍സണ്‍ പി. ജോസഫിന്റെ നേതൃത്വത്തില്‍ പോലീസും തകഴി, ഹരിപ്പാട്, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നെത്തിയ 20 ഓളം ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ മിഥുനെ സ്ലാബുകള്‍ക്കിടയില്‍ നിന്ന് രക്ഷപെടുത്തി.
ഈ സമയം മിഥുന്‍ തീരെ അവശനായിക്കഴിഞ്ഞിരുന്നു. പിന്നീട് സ്‌ട്രെച്ചറില്‍ കിടത്തി കയറില്‍ തൂക്കി യുവാവിനെ താഴെയെത്തിച്ചു.ഇതിനു ശേഷം ആംബുലന്‍സില്‍ യുവാവിനെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയിലേക്കു മാറ്റി.മിഥുന്റെ വലതു കാലിന് ഒടിവ് സംഭവിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് വന്ന ഫയര്‍ ഫോഴ്‌സ് വാഹനത്തില്‍ കാര്‍ ഇടിച്ചു. തുടര്‍ന്ന് വാഹനങ്ങളുടെ കൂട്ടയിടിയാണ് സംഭവിച്ചത്. ദേശീയ പാതയില്‍ പുറക്കാട് ജങഷന് വടക്കു ഭാഗത്തായിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: