ഡോ.സുകുമാര്‍ കാനഡ
‘അഹം അഹം’ എന്നുള്ളില്‍ സദാ അങ്കുരിക്കുന്ന തോന്നല്‍ ജീവന്റെ തുടിപ്പാവുമ്പോള്‍ അത് സങ്കുചിതമായ അഹങ്കാരമായി തീരാനിടയുണ്ട് എന്ന തിരിച്ചറിവിലാണ് അങ്ങനെയുള്ള അഹത്തെ വിശ്വം മുഴുവനും നിറഞ്ഞുവിളങ്ങുന്ന ‘അഹ’മാക്കി തീര്‍ക്കണമേ എന്ന പ്രാര്‍ത്ഥന എഴുത്തച്ഛന്‍ നമുക്കായി തരുന്നത്. ‘അഹം ബ്രഹ്മാസ്മി’ എന്ന മഹാവാക്യത്തെ എത്ര ഭംഗിയായാണ് ശുദ്ധമലയാളത്തില്‍ അദ്ദേഹം പറഞ്ഞുവച്ചിരിക്കുന്നത്! ചെറിയ ഒന്നില്‍ നിന്നും വലിയ ഒന്നിലേക്കുള്ള മാറ്റം, ദൈ്വതത്തില്‍ നിന്നും അദൈ്വതത്തിലേക്കുള്ള ആശയ സംക്രമണം തന്നെയാണ്.
‘ആനന്ദ ചിന്മയഹരേ ഗോപികാരമണ!
ഞാനെന്ന ഭാവമതു തോന്നായ്കവേണമിഹ
തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി
തോന്നേണമേ വരദ നാരായണായ നമഃ’
ജീവിതത്തിന്റെ അസ്ഥിരതയെപ്പറ്റി രാമായണത്തിലും മറ്റു കൃതികളിലും എഴുത്തച്ഛന്‍ പ്രതിപാദിക്കുന്നുണ്ട്. ക്ഷണികവും ദുഃഖപര്യവസായിയുമായ ജീവിതം ചുട്ടുപഴുത്ത ലോഹത്തില്‍ വീഴുന്ന ജലകണികകള്‍ പോലെ അല്‍പ്പായുസ്സാണ്, വെറും മായയാണ് എന്ന് എന്നദ്ദേഹം പറയുന്നത് എത്ര കാവ്യചാരുതയോടെ, എന്നാല്‍ കൃത്യതയോടെയാണ്.
‘ഭോഗങ്ങളെല്ലാം ക്ഷണ പ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ
വഹ്നി സന്തപ്ത ലോഹസ്ഥാംബുബിന്ദുനാ
സന്നിഭം മര്‍ത്ത്യജന്മം ക്ഷണഭംഗുരം’
ഉണ്ടായതിനെല്ലാം നാശമുണ്ടെന്നും ജനിക്കുന്നതിനെല്ലാം മരണമുണ്ടെന്നും ഉള്ള വേദാന്തസത്യം എഴുത്തച്ഛന്റെ കൃതികളില്‍ നിന്നും വായിച്ചെടുക്കാം. ‘ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടതിലുള്ള ഇണ്ടലാണ്’ ജീവിതദുഃഖത്തിന് കാരണമെന്ന് എഴുത്തച്ഛന്‍ വ്യക്തമാക്കുന്നു. രണ്ടില്ലാത്ത (അദൈ്വത) അവസ്ഥയിലേക്ക് തിരികെയെത്താന്‍ ഭഗവദ്കൃപ കൂടിയേ കഴിയൂ എന്ന് ഭക്തമനസ്സുകളെ ഉദ്‌ബോധി പ്പിക്കുകയാണ് അദ്ദേഹം.
ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി
ലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ
പണ്ടേക്കണക്കെ വരുവാന്‍ നിന്‍ കൃപാവലിക
ളുണ്ടാക വേണമിഹ നാരായണായ നമഃ
അദ്ധ്യാത്മരാമായണത്തിലെ സ്തുതികളിലും (അഹല്യാ സ്തുതി, കൗസല്യാസ്തുതി, അഗസ്ത്യസ്തുതി, കബന്ധസ്തുതി തുടങ്ങിയവ) ഉപദേശങ്ങളിലും (ലക്ഷ്മണോപദേശം, വിഭീഷണോപദേശം തുടങ്ങിയവ) നമുക്ക് അദൈ്വതസാരം തെളിഞ്ഞു കാണാം. ഏറെക്കുറെ സമകാലികനായിരുന്ന മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി നാരായണീയം ആറാം ദശകത്തില്‍ വിശദമാക്കിയ വിരാട് സ്വരൂപവര്‍ണ്ണനം തന്നെയാണ് കബന്ധസ്തുതിയിലൂടെ എഴുത്തച്ഛനും അവതരിപ്പിക്കുന്നത്.
ഈശ്വരനുണ്ടോ എന്ന ചോദ്യത്തിന് സാംഗത്യമേയില്ല. എന്തെന്നാല്‍ കാലത്തിനും ദേശത്തിനും അതീതമായ ഏകവും അദ്വയവുമായ ചൈതന്യം, പരംപൊരുള്‍, അല്ലെങ്കില്‍ ഈശ്വരനല്ലാതെ മറ്റൊന്നും ദൃശ്യമോ അദൃശ്യമോ ആയി വിശ്വപ്രപഞ്ചത്തില്‍ ഇല്ല എന്ന വിരാട് തത്ത്വമാണ്, അദൈ്വത സാരമാണ്, എഴുത്തച്ഛന്റെ കൃതികളില്‍ വെളിവാക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: