ന്യൂദല്‍ഹി : വരാനിരിക്കുന്ന ജി-20 യോഗത്തില്‍ കാലാവസ്ഥാ ധനസഹായം സംബന്ധിച്ച പ്രശ്നം ഉന്നയിക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍. കാര്‍ബണ്‍ ബഹിര്‍ഗമനം ഉള്‍പ്പെടെ കുറയ്ക്കുന്നതിനായി വികസ്വര, അവികസിത രാജ്യങ്ങള്‍ക്ക്, വികസിത രാജ്യങ്ങള്‍ നല്‍കുമെന്ന് പറഞ്ഞിരുന്ന ധനസഹായം നല്‍കാതിരുന്നത് മൂലം സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതില്‍ പരാജയപ്പെടുന്നുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
ദേശീയതാല്‍പ്പര്യം ഊട്ടിയുറപ്പിക്കുന്ന സമീപനത്തോടെയാണ് ഇന്ത്യ ലോകത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്ന് ജയ്ശങ്കര്പറഞ്ഞു. മുമ്പ് ചില ആശയപരമായ കാരണങ്ങളാല്‍ പലപ്പോഴും രാജ്യത്തിന്റെ താല്പര്യങ്ങള് ബലികഴിക്കപ്പെടാറുണ്ടായിരുന്നു. നമ്മുടെ കഴിവുകള്‍ക്ക് പരിമിതികളുണ്ടായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. അന്ന് നമ്മുടെ ദേശീയതാല്‍പ്പര്യത്തിന് നാം എപ്പോഴും പ്രാധാന്യം നല്‍കാത്ത കാലഘട്ടമായിരുന്നു . ഇത് മൂലം ചിലപ്പോള്‍ നമുക്ക് ലഭിക്കേണ്ടിയിരുന്ന നേട്ടങ്ങള്‍ ലഭിച്ചില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ എപ്പോഴും ലോകത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നുവെന്ന് ജയ്ശങ്കര് ഊന്നിപ്പറഞ്ഞു.
ചേരിചേരാ നയത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ടെന്നും ജയശങ്കര്‍ അംഗീകരിച്ചു. രാജ്യത്തിന്റെ ശേഷി പരിമിതമായിരുന്ന ഒരു കാലഘട്ടത്തില്‍ ആയിരുന്നു ഇതുണ്ടായിരുന്നത്. ചേരിചേരാ കാലഘട്ടത്തില്‍ നിന്ന് ഇന്നത്തെ ആഗോളവല്‍ക്കരിക്കപ്പെട്ട സംവിധാനത്തില്‍ കൂടുതല്‍ ദൃഢവും ദേശീയതാല്പ്പര്യമുള്ളതുമായ സമീപനത്തിലേക്കുള്ള മാറ്റം ഉണ്ടാവേണ്ടതുണ്ട്.
ഭീകരവിരുദ്ധതയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ് ഇപ്പോള്‍ ഇന്ത്യയുടെ വിദേശനയത്തിന്റെ കാതല്‍. ഭീകരതയോട് സഹിഷ്ണുത കാട്ടാത്ത ഇന്ത്യയെയാണ് ഇപ്പോള്‍ ലോകം കാണുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: