പി.നാരായണന്
തലശ്ശേരിയില്‍ പ്രചാരകനായിരുന്ന കാലത്ത് (1958-64) കൊട്ടിയൂര്‍ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തിന് പോകുക പതിവായിരുന്നു. തലശ്ശേരിയിലെ മുതിര്‍ന്ന സ്വയംസേവകനായ സി. ചന്ദ്രശേഖരന്റെ നേതൃത്വത്തിലെ ആദ്യയാത്രയില്‍, കേസരിപത്രാധിപരായിരുന്ന സാധുശീലന്‍ പരമേശ്വരന് പിള്ളയുമുണ്ടായിരുന്നു. പത്തിരുപതുപേര്‍ ഉള്‍ക്കൊള്ളുന്ന യാത്രാ സംഘത്തിന് ഒരു സഞ്ചരിക്കുന്ന സംഘശിബിര സ്വഭാവമുണ്ടായിരുന്നു. പേരാവൂരില്‍നിന്ന് ഒരു പുഴ കടന്നാല്‍ കാനനപാതയായി. രണ്ടി കി.മീറ്ററെത്തിയാല്‍ മണത്തണ എന്ന ആദ്യസ്ഥാനമാണ്. അവിടം മുതല്‍ ക്ഷേത്ര സങ്കേതം ആരംഭിക്കുന്നുവെന്നാണ് വിശ്വാസം. ക്ഷേത്ര ഗോപുരം അവിടെയാണ് കരിമ്പന ഗോപുരമെന്നാണിതിനു പേര്. അവിടെനിന്ന് പന്ത്രണ്ടു നാഴിക അകലെയാണ് ക്ഷേത്രത്തിലെ സ്വയംഭൂ സ്ഥിതി ചെയ്യുന്നത്. ആള്‍പ്പാര്‍പ്പു വിരളമായ വനത്തിലൂടെ വേണം യാത്ര. വാഹനഗതാഗതം അസാധ്യമായിരുന്നു.
മണത്തണയില്‍ ക്ഷേത്ര ഊരാളന്മാരുടെയും മറ്റു ജീവനക്കാരുടെയും വസതികളും, ഗോപുരത്തിലെ വിഗ്രഹങ്ങള്‍ക്കു പതിവുപൂജയും മറ്റുമുണ്ട്. മണത്തണ എന്ന സ്ഥലം ചരിത്രത്തില്‍ സ്ഥാനംപിടിച്ചുള്ളതാണ്. കേരളവര്‍മ്മ പഴശ്ശിരാജാവും ബ്രിട്ടീഷ് പടനായകനായ കേണല്‍ വെല്ലസ്ലിയുടെ സേനയുമായി അവിടെ ഏറ്റുമുട്ടലുണ്ടായി. വെള്ളക്കാര്‍ക്ക് പരാജിതരായി പലായനം ചെയ്യേണ്ടിവന്നു. അന്നു രാത്രി പാറയില്‍ ഒരരങ്ങ് കഥകളി കൂടി ആടിയശേഷമാണത്രേ രാജാവ് അടുത്ത നടപടികളിലേക്കു കടന്നത്.
ചന്ദ്രേട്ടന് ചില പരിചയക്കാരുമവിടെയുണ്ടായിരുന്നു. സ്വയംസേവകരുടെ ഗണഗീതമാലപിച്ചുകൊണ്ടുള്ള യാത്ര കണ്ടപ്പോള്‍ അവിടെയും സംഘശാഖ വേണമെന്ന അഭിലാഷം പലരും പ്രകടിപ്പിച്ചു. എനിക്ക് മുന്‍പ് തലശ്ശേരിയില്‍ പ്രചാരകനായിരുന്ന ശ്രീകൃഷ്ണ ശര്‍മ്മയും അവിടെ ശാഖ ആരംഭിക്കാനുള്ള ശ്രമം നടത്തിയിരുന്നു. കാട്ടുവഴികളിലൂടെ നിരവധി വെള്ളപ്പാച്ചിലുകള്‍ മറികടന്നു ഇക്കരെ കൊട്ടിയൂരിലെത്തി. അവിടത്തെ അമ്പലമുറ്റത്തു ശാഖയും പ്രാര്‍ത്ഥനയും കഴിച്ച് ‘അക്കര’യ്ക്കു കടക്കാമെന്ന് നിശ്ചയിച്ചു. സാധുശീലന്റെ ലഘുപ്രഭാഷണവുമുണ്ടായി.
സന്ധ്യയ്ക്കു മുന്‍പ് ഒറ്റത്തടിപ്പാലം കടന്ന് ബാവലി പുഴയുടെ അക്കരെ കടന്നു ‘സ്ഥലത്തെ’ത്തി. ബാവലിയിലെ കുളി ദര്‍ശനം, മാണി മാധവചാക്യാരുടെ കൂത്ത് മുതലായവ കണ്ടു. രാത്രിയില്‍ അക്ഷരശ്ലോകം ചൊല്ലി സമയം പോക്കി. തീര്‍ത്ഥാടകരില്‍ പലരും വെറ്റിലമുറുക്കി ശ്ലോകം ചൊല്ലാന്‍ മുതിര്‍ന്നു. നേരം പുലര്ച്ചെയാവുന്നതിനു മുന്‍പു തന്നെ വീണ്ടും കുളിദര്‍ശനം മുതലായവ കഴിഞ്ഞു ഭണ്ഡാരം പെരുക്കി അരയോളം വെള്ളത്തില്‍ പിന്നോക്കം നടന്നു ക്ഷേത്ര സങ്കേതം കടന്നു. ബാവലിയില്‍ രാത്രിമഴയുടെ ഫലമായി വെള്ളം കൂടുതലുണ്ടായിരുന്നെങ്കിലും അപകടം കൂടാതെ പാലത്തിങ്കലെത്തി അക്കരെപറ്റി വനത്തിലൂടെയുള്ള മടക്കയാത്ര നടന്നു. മടക്കയാത്രയില്‍ തലേന്നത്തേതുപോലെയുള്ള മഴയില്ലായിരുന്നു.
ആ മഴക്കാലം കഴിയുന്നതിനു മുന്‍പു തന്നെ ഇരിട്ടിയിലെ കീഴൂര്‍ ശാഖയിലെ ബാലകൃഷ്ണന്റെ പരിചയക്കാരെക്കൊണ്ട് മണത്തനയില്‍ ഒരുപറ്റം ചെറുപ്പക്കാരെ സംഘടിപ്പിക്കാനായി. തീയതി നിശ്ചയിച്ച് മണത്തനയിലെത്തി. എട്ടുപത്തു യുവാക്കളുമായി ഒരുമിച്ചിരുന്ന് സംഘശാഖാ പ്രവര്‍ത്തനരീതികളെപ്പറ്റി സംസാരിച്ചു. അവരെല്ലാരും കൂടി ശാഖയ്ക്ക് പറ്റിയ സ്ഥലം നിര്‍ദേശിച്ചത് കരിമ്പന ഗോപുരത്തിനു മുന്നിലുള്ള തുറസ്സായ ഇടമാണ്. അന്നു അവിടെ ഉത്സാഹിച്ചവരില്‍ മുന്പനായിരുന്ന മുകുന്ദന് പിന്നീട് കേരളത്തിലെ ഏറ്റവും പ്രശസ്തരായ സംഘപ്രവര്‍ത്തകരില്‍ ഒരാളായി. കീഴൂര്‍ സ്കൂളില്‍ നടന്ന പ്രാഥമിക ശിക്ഷാവര്‍ഗില്‍ പങ്കെടുത്ത് അതിനുള്ള യോഗ്യതയും നേടി. അന്ന് 1960കളില്‍ പ്രാന്തകാര്യവാഹ് ആയിരുന്ന മാ: ദക്ഷിണാമൂര്‍ത്തി (അണ്ണാജി)മണത്തനയില്‍ വന്നപ്പോള്‍ താമസിച്ചത് മുകുന്ദന്റെ വീട്ടിലായിരുന്നു. മറ്റു വീട്ടുകാര്‍ ആദ്യനാളുകളില്‍ സംഘപ്രമുഖരെ സ്വന്തം വീടുകളില്‍ താമസിപ്പിക്കാന്‍ സന്നദ്ധത കാട്ടിയിരുന്നില്ല. മുകുന്ദന്റെ അമ്മ ഹൃദയം തുറന്ന സ്വാഗതമാണ് ഭാസ്കര്‍റാവുവിനും മാധവ്ജിക്കും ചോട്ടാരാമചന്ദ്രനും മറ്റും അരുളിയത്.
അവിടത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളും താമസിയാതെ ശാഖയില്‍ വന്നു. അവരുടെയൊക്കെ വീടുകളിലും സംഘാന്തരീക്ഷമായി. രാമചന്ദ്രന് കണ്ണൂര്‍ ജില്ലാപ്രചാരകനായിരിക്കുമ്പോഴേക്ക് മണത്തനയും പരിസരങ്ങളും സംഘമയമായിക്കഴിഞ്ഞു. 1965 ല്‍ സംഘശിക്ഷാവര്‍ഗ് നടന്നത് കാലടി അദൈ്വത ആശ്രമം സ്കൂളിലായിരുന്നു. അവിടെ പ്രഥമവര്‍ഷ ശിക്ഷണമായിരുന്നു. ശിബിരം ചെറുതായിരുന്നെങ്കിലും അതേസമയത്ത് നടന്ന ശ്രീശങ്കര ജയന്തിക്കു ശൃംഗേരി മഠത്തില്‍ മൂന്നു ശങ്കരാചാര്യന്മാര് വന്നതു സവിശേഷമായ അന്തരീക്ഷമുണ്ടാക്കി. അതുവരെ തമിഴ്നാടുമായി ഒരുമിച്ചായിരുന്നു ശിബിരങ്ങള്‍. കേരളം മാത്രമായപ്പോള്‍ സംഖ്യ കുറഞ്ഞു. ആശ്രമം വക യുപി സ്കൂളിലായിരുന്നു താമസം. ഒന്നാംവര്‍ഷക്കാരുടെ ഒന്നാമത്തെ ഗണശിക്ഷകനായിരുന്നു ഞാന്‍. പ്രഗത്ഭരായി ഒട്ടേറെ പേര് അതില്‍പ്പെട്ടു. തിരുവനന്തപുരത്തുനിന്ന് എന്‍. വിജയന് അഗ്രേസരനായി. തലശ്ശേരിക്കാരനായ അദ്ദേഹം സര്‍ക്കാര്‍ ജീവനക്കാരനും, സംസ്ഥാന പുനസ്സംഘടനയെ തുടര്‍ന്ന് കേരളത്തിലേക്ക് അയയ്ക്കപ്പെട്ടയാളുമായിരുന്നു. ചെന്നയിടങ്ങളിലെല്ലാം സംഘം നല്കിയ ചുമതലകള്‍ വഹിച്ചുവന്നു. തൊഴില്‍ വകുപ്പിലും ലോട്ടറിയിലും മറ്റു പ്രഗത്ഭ സേവനമാണ് നല്‍കിയത്. വിരമിച്ചശേഷം വിദ്യാനികേതനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കല്ലേക്കാട് കേന്ദ്രമായി നിര്‍വഹിച്ചു. ഇപ്പോള്‍ പ്രായം തൊണ്ണൂറടുത്തുവെങ്കിലും വിചാരകേന്ദ്രത്തിന്റെ ലൈബ്രേറിയനായി പ്രവര്‍ത്തിച്ചു വരുന്നു. വിജയകുമാരന്‍ കര്‍ത്താ, ദക്ഷിണാമൂര്‍ത്തി, പയ്യോളി കൃഷ്ണന്, താനൂര്‍ അറുമുഖന്, തലശ്ശേരി ദാസന്, പാലക്കാട് സുബ്രഹ്മണ്യന് തുടങ്ങി പില്ക്കാലത്ത് കേരളത്തിലെ സംഘത്തിന്റെ നെടുംതൂണുകളായവരുടെ നിരയായിരുന്നു. അവര്‍ ഗുരുജി ശിബിരത്തില്‍ വന്നപ്പോള്‍, ശങ്കരമഠത്തില്‍ ചെന്ന് ശങ്കരാചാര്യന്മാരുമായി സംസാരിക്കുകയും അവരില്‍ രണ്ടുപേര്‍ ശിബിരത്തില്‍ എഴുന്നെള്ളി അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു.
ശിബിരം നടക്കുമ്പോള്‍തന്നെ പോലീസ് വകുപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതായി മുകുന്ദനു വിവരം ലഭിച്ചു. മുതിര്‍ന്ന പ്രചാരകന്മാരുമായി സംസാരിച്ചു. രാമചന്ദ്രനുമായുണ്ടായിരുന്ന ആത്മീയത കൊണ്ടാവണം, പ്രചാരകനാകാന്‍ തന്നെ അദ്ദേഹം ഉറച്ചു. ശിബിരം കഴിഞ്ഞ് അദ്ദേഹത്തിന് ചെങ്ങന്നൂരിലാണ് പ്രചാരകനാവാന്‍ അവസരം നല്കപ്പെട്ടത്. എസ്. സേതുമാധവന് ജില്ലാ പ്രചാരകനായിരുന്നു. അന്നാരംഭിച്ച പ്രചാരകജീവിതം, സ്വയംസേവകനും പ്രചാരകനുമായുള്ള ബന്ധത്തിന്റെ നൂതനമായ ഭാഷ്യമായിത്തീര്ന്നു.
ജന്മഭൂമി ദിനപത്രത്തിന്റെ ചുമതല ഒരു സന്ദിഗ്ദ്ധ ഘട്ടത്തില്‍ മുകുന്ദനെ സംഘവും മറ്റു മുതിര്‍ന്നവരും ഏല്‍പ്പിച്ചു. പത്രത്തിന്റെ എല്ലാ കാര്യത്തിലും സവിശേഷ താല്‍പ്പര്യമെടുക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. അതിന്റെ ആധുനീകരണത്തിന്റെ കാര്യത്തിലും പ്രത്യേക താല്‍പ്പര്യം കാട്ടി. അതിന്റെ ജാഗ്രത സൂചിപ്പിക്കാന്‍ ഒരു സംഭവം-കൃത്യമായ ദിവസം ഞാന്‍ മറന്നു. ജന്മഭൂമിയുടെ അയോധ്യാ പ്രിന്റേഴ്സില്‍ ഒരു സന്ധ്യക്ക് തീപ്പിടുത്തമുണ്ടായി. യന്ത്രഭാഗങ്ങള്‍ ശുചിയാക്കുന്ന ദ്രാവകത്തിനാണ് ആദ്യം അഗ്നിബാധിച്ചത്. അന്ന് മുകുന്ദന് ആഫീസില്‍ പ്രമുഖരുമായി സംസാരിച്ചശേഷം തിരുവനന്തപുരത്തേക്കുപോയി.
സന്ധ്യയ്ക്കു പതിവുപോലെ പ്രാദേശിക വാര്‍ത്ത കേള്‍ക്കാന്‍ കാര്‍ നിര്‍ത്തി. തലവാചകം തന്നെ ജന്മഭൂമിയുടെ പ്രസ്സില്‍ അഗ്നിബാധ എന്നതായിരുന്നു. പിന്നെ ഒന്നും ആലോചിക്കാതെ നേരെ എറണാകുളത്തേക്ക് മടങ്ങി. എഡിറ്റോറിയല്‍ വിഭാഗത്തില്‍ നാശങ്ങള് കുറവായിരുന്നു. തയ്യാറായ പേജുകള്‍ക്കു പുറമെ പുതിയ വാര്‍ത്തകളും ചേര്‍ത്ത് അന്നത്തെ പത്രം പതിവുസമയത്തുതന്നെ ഇറക്കണമെന്നു മുകുന്ദന് നിര്‍ദേശിച്ചു. പതിവുപോലെ പത്രം ഇറങ്ങി. വാര്‍ത്ത വായിച്ചവര്‍ അതിശയിച്ചു. ഞാന്‍ അന്ന് വീട്ടിലായിരുന്നു. ആകാശവാണിയില്‍ നിന്നു വിവരമറിഞ്ഞപ്പോള്‍ ഫോണ്‍ മാര്‍ഗം കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞിരുന്നു. ജന്മഭൂമിയെ സഹായിക്കാനുള്ള അഭ്യുദയകാംക്ഷികള്‍ മുന്നോട്ടുവന്നതു വിസ്മയകരമായിരുന്നു. എറണാകുളത്തെ മുതിര്‍ന്ന സംഘപ്രവര്ത്തകന് പച്ചാളം വിജയന്റെ മാതാവ് തന്റെ സമ്പാദ്യക്കുടുക്ക പൊട്ടിച്ച പണവുമായി വന്നു നല്കുകയുണ്ടായി.
മുഖ്യമന്ത്രി എ.കെ.ആന്റണി ഒരു സന്ധ്യക്ക് ജന്മഭൂമിയില് വന്നു. രംഗം മുഴുവന്‍ നോക്കി. ന്യൂസ് പ്രിന്റ് ലഭിക്കാനുള്ള ഏര്‍പ്പാടു ചെയ്യാമെന്നു പറഞ്ഞു. വെള്ളൂരിലെ ഫാക്ടറിയിലേക്കു അദ്ദേഹം നിര്‍ദേശം നല്കി. അവധിവച്ച് കടലാസ് ലഭ്യമായി. ഈരാറ്റുപേട്ടയ്ക്കടുത്തു കൊണ്ടൂര്‍ എന്ന സ്ഥലത്തെ വിദ്യാനികേതന്‍ സ്കൂളിന്റെ വാര്‍ഷിക പരിപാടിക്കുപോയപ്പോള്‍ എംഎല്‍എ പി.സി. ജോര്‍ജ് 1000 രൂപ തന്നു. രസീത് ബുക്ക് കയ്യിലുണ്ടായിരുന്നതു ഉപകാരമായി.
കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, തിരുവനന്തപുരം പതിപ്പുകളുടെ കാര്യത്തിലും മുകുന്ദന് അത്യന്തം ഉത്സാഹം കാട്ടി. ചലച്ചിത്രരംഗത്തെ നിര്‍മാതാക്കളും, നടീ നടന്മാരും വിതരണക്കാരുമായും അദ്ദേഹത്തിനു അടുത്തബന്ധമുണ്ട്. കോട്ടയത്തുവച്ച് ജന്മഭൂമി ചലച്ചിത്ര പുരസ്കാരവേളയില്‍ മുന്‍ പത്രാധിപര്‍ എന്ന നിലയില്‍ എനിക്ക് പുരസ്കാരം നല്കപ്പെട്ടിരുന്നു. ആ അവസരത്തില്‍ അഭിനന്ദന പ്രസംഗം നടത്തിയ മോഹന്‍ലാല്‍ ജന്മഭൂമിയെക്കുറിച്ച് പി.പി. മുകുന്ദനാണ് തന്നോടു പറഞ്ഞത് എന്നു വെളിപ്പെടുത്തിയിരുന്നു.
ജന്മഭൂമിയുടെ ആരംഭകാലത്ത് കെഎഫ്സിയുടെ വായ്പ എടുത്തിരുന്നു. തിരിച്ചടവ് പലപ്പോഴും മുടങ്ങിയതിനാല്‍ ജപ്തി നടപടികളുണ്ടാവുമെന്ന അവസ്ഥ വന്നു. മുകുന്ദനും, മറ്റു ചുമതലപ്പെട്ടവരുംകെഎഫ്സിയിലെ അധികാരപ്പെട്ടവരെക്കണ്ടു. ഇഎംഎസിന്റെ മകനായിരുന്നു ആള്. നമ്മളൊക്കെ രാഷ്ട്രീയക്കാരല്ലെ, നിങ്ങള്‍ നശിക്കണമെന്നു ഞങ്ങള്‍ക്കില്ല. അടവു വ്യവസ്ഥകളില്‍ അയവനുവദിക്കാം എന്നുപറഞ്ഞു തുക തിരിച്ചടയ്ക്കാന്‍ അവധി നീട്ടിക്കൊടുത്തു. മുകുന്ദനാകട്ടെ കേരളത്തിലും വിദേശങ്ങളിലുമുള്ള ജന്മഭൂമിയുടെ അഭ്യുദയകാംക്ഷികളെയൊക്കെ ജാഗൃതരാക്കി കെഎഫ്സിയുടെ ബാധ്യതകള്‍ തീര്‍ത്തു, നിശ്ചിത അവധിക്കുമുന്പു തന്നെ.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അദ്ദേഹത്തിനുവേണ്ടി നെയ്യാറ്റിന്‍കരയിലെ കിംസ് ആസ്പത്രിയില്‍നിന്ന് വിളി വന്നിരുന്നു. എന്റെ സുഖ വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ട്. 60 വര്‍ഷത്തിലേറെയായി ആ ബന്ധത്തിന്റെ നനുത്ത ലാഞ്ഛനയോടെ വര്‍ത്തമാനം അവിടത്തെ പരിചാരിക വിശദമാക്കിത്തന്നു. ഉടന്‍ തന്നെ അനുജന് ചന്ദ്രന് ഫോണ്‍ ഏറ്റെടുക്കുകയും വിവരങ്ങള്‍ വിശദമാക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ തൊടുപുഴയില്‍ നിന്ന് പുറപ്പെട്ട് തിരുവനന്തപുരത്തെ ആശുപത്രിയില്‍ എത്തി മുകുന്ദനെ കണ്ടു. അനുജന് ചന്ദ്രനുമായി തുടര്ചികിത്സയെക്കുറിച്ചും മറ്റും സംസാരിച്ചു.
തിരുവനന്തപുരത്തെ ജന്മഭൂമിയിലും ബിജെപി ഓഫീസിലും ഏതാനും സമയം ചെലവഴിച്ചു. ഹിന്ദുത്വ രാഷ്ട്രീയം കേരളത്തില്‍ എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിനുശേഷം അവിടെ പോയിരുന്നില്ല. കോട്ടയ്ക്കകത്തെ സംഘകാര്യാലയവും ആദ്യമായി കണ്ടു. വിദ്യാഭ്യാസകാലത്തെ സ്ഥലങ്ങളും ആളുകളും ഇന്നു തിരുവനന്തപുരത്തു കാണാനില്ല. രാജ്യം മാറി, ആള്ക്കാര് മാറി, അന്തരീക്ഷം മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: