ന്യൂദല്‍ഹി: ചൈനീസ് പണം പറ്റി ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തിയെന്ന് കണ്ടെത്തിയ ന്യൂസ് ക്ലിക്കിനെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനും തുറന്ന കത്ത്. വിരമിച്ച ജഡ്ജിമാര്‍, വിരമിച്ച ഉന്നത സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍, സൈന്യത്തില്‍ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരടക്കം 255 പേരാണ് തുറന്ന കത്ത് അയച്ചിരിക്കുന്നത്.
തെലങ്കാന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ശ്രീധര്‍ റാവു, പ്രതിരോധവകുപ്പ് മുന്‍ സെക്രട്ടറി യോഗേന്ദ്ര നരെയ്ന്, ആഭ്യന്തരവകുപ്പ് മുന്‍ സെക്രട്ടറി എല്‍.സി. ഗോയല്‍, റോ മുന്‍ തലവന്‍ സഞ്ജീവ് ത്രീപാഠി, മുന്‍ എന്‍ഐഎ ഡയറക്ടര്‍ യോഗേഷ് ചന്ദര്‍ മോദി, മുന്‍ യുപി ഡിജിപി വിക്രം സിങ്, മുന്‍ കേരള ഡിജിപിമാരായ ടി.പി. സെന്‍കുമാര്‍, എം.ജി.എ. രാമന്, എം.എന്‍. കൃഷ്ണമൂര്‍ത്തി തുടങ്ങിയ പ്രമുഖരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
ഇന്ത്യാ വിരുദ്ധതയില്‍ അഗാധമായി വേദനിക്കുന്ന ഇന്ത്യക്കാരെന്ന നിലയിലാണ് കത്തെഴുതുന്നതെന്നും വ്യാജ വാര്‍ത്താ കച്ചവടക്കാരില്‍ നിന്നും നിക്ഷിപ്ത ലോബികളില്‍ നിന്നും ഇന്ത്യാ വിരുദ്ധത പുറത്തുവരികയാണെന്നും കത്തില്‍ പറയുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ അന്വേഷണം ന്യൂസ് ക്ലിക്ക് എന്ന വാര്‍ത്താ പോര്‍ട്ടലിനെ തുറന്നുകാട്ടി.
ചൈനയുടെ സഹായത്തോടെ നെവില്‍ റോയ് സിംഘാമാണ് ന്യൂസ് ക്ലിക്കിന് ഫണ്ട് നല്‍കുന്നത്. ഇത്തരക്കാരെകുറിച്ച് അന്വേഷിക്കണം. ജനാധിപത്യത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്ന വിദേശ ശക്തികളെ നിയന്ത്രിക്കണം. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ പേരു പറഞ്ഞ് ശത്രുക്കള്‍ ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുകയാണ്.
ദേശവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ഇത്തരം മാധ്യമങ്ങളെ തുറന്നുകാട്ടാന്‍ സമയമായി. ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ മുഴുവന്‍ വ്യാപ്തി കണ്ടെത്താനും ശത്രുരാജ്യങ്ങളുടെ ഏജന്റുമാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ഉടന്‍ ഉന്നതതല അന്വേഷണം ആരംഭിക്കണം. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും നമ്മുടെ ജനാധിപത്യ പ്രക്രി യകളില്‍ വൈദേശിക ശക്തികളുടെ നിര്‍ദ്ദേശപ്രകാരം ഇടപെടുകയും ചെയ്യുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.
ചില രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ന്യൂസ് ക്ലിക്കുമായുള്ള ഇ മെയില്‍ ഇടപാടുകളടക്കമുള്ള കാര്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അത്തരക്കാര്‍ നേതാക്കളല്ല, ഇടനിലക്കാരാണ്. അത്തരക്കാരെ രാജ്യദ്രോഹികള്‍ എന്നല്ലാതെ വിശേഷിപ്പിക്കാന്‍ ഞങ്ങള്‍ക്ക് വാക്കുകളില്ല.
ഇത്തരം മാധ്യമ സ്ഥാപനങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ തയ്യാറാക്കു ന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത വിതയ്ക്കുന്നത് മുതല്‍ നമ്മുടെ സൈനികരുടെ ജീവത്യാഗത്തിന് ഉത്തരവാദികളായ ഒരു രാജ്യത്തെ വെള്ളപൂശുന്നത് വരെ. തീവ്രവാദികളെ ആക്ടിവിസ്റ്റുകളും ആക്ടിവിസ്റ്റുകളെ രാജ്യസ്നേഹികളും ദേശസ്നേഹികളെ രാജ്യവിരുദ്ധരുമാക്കി മാറ്റുന്നതും ഇത്തരം ചിലമാധ്യമങ്ങളാണെന്നും കത്തില്‍ പറയുന്നു. കത്തില്‍ ഒപ്പിട്ട 255 പേരില്‍ 14 വിരമിച്ച ജഡ്ജിമാരും 12 മുന്‍ അംബാസഡര്‍മാരും 129 വിരമിച്ച സൈനിക ഉദ്യോഗസ്ഥരും 112 വിരമിച്ച സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: