കൊടകര: വാദ്യകലയുടെ വൈവിധ്യതലങ്ങള്‍ വരികളിലേക്കാവാഹിച്ച കവിതാ സമാഹാരമായ താളകാകളിയുടെ പ്രകാശനം 17 ന്. കേരളീയ വാദ്യകലയിലെ സങ്കേതങ്ങള്‍ക്ക് കാവ്യഭാഷ്യമൊരുക്കിയ അപൂര്‍വ കൃതിയാണിത്.
മേളം,പഞ്ചവാദ്യം, തായമ്പക, കേളി എന്നീ കലാരൂപങ്ങളും ചെണ്ട, തിമില, മദ്ദളം, ഇടയ്ക്ക, കൊമ്പ്, കുറുംകുഴല്‍, ഇലത്താളം എന്നിങ്ങനെയുള്ള വാദ്യോപകരണങ്ങളും മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, പെരുവനം കുട്ടന്മാരാര്, കിഴക്കൂട്ട് അനിയന്മാരാര്,കല്ലൂര്‍ രാമന്‍കുട്ടിമാരാര്‍ എന്നിങ്ങനെ ഇന്നത്തെ വാദ്യപ്രമാണിമാരും പല്ലാവൂര്‍ അപ്പുമാരാര്‍, ചോറ്റാനിക്കര നാരായണമാരാര്‍, തൃക്കൂര് രാജന്, തൃക്കാമ്പുറം കൃഷ്ണന്കുട്ടിമാരാര് എന്നിങ്ങനെ പൂര്‍വസൂരികളായ വാദ്യോപാസകരും കവിതകളായി താളുകളില്‍ നിറയുന്നു. കേക, കാകളി, മഞ്ജരി എന്നിങ്ങനെ ദ്രാവിഡവൃത്തത്തിലും ശ്രഗ്ധര, കുസമമഞ്ജരി, പഞ്ചചാമരം, ദുതവിളംബിതം, സമ്മത എന്നിങ്ങനെയുള്ള സംസ്കൃതവൃത്തങ്ങളുമാണ് കവിതകള്‍ക്കായി സ്വീകരിച്ചിരിക്കുന്നത്. താളവും ഈണവും നിറയുന്ന 30 കവിതകളാണ് സമാഹാരത്തിലുള്ളത്. വാദ്യകലാകാരനും മാധ്യമപ്രവര്‍ത്തകനുമായ കൊടകര ഉണ്ണിയാണ് രചയിതാവ്.
കവിയും ഗാനരചയിതാവുമായ രാപ്പാള്‍ സുകുമാരമേനോനാണ് അവതാരിക എഴുതിയിരിക്കുന്നത്. യുണിക്കോഡ് പബ്ലിഷേഴ്സാണ് പ്രസാധകര്. 17 ന് വൈകീട്ട് 3.30 ന് കൊടകര പൂനിലാര്‍ക്കാവ് ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന മേളകലാസംഗീതസമിതിയുടെ വാര്‍ഷികവേദിയില്‍ കവിതാസമാഹാരത്തിന്റെ പ്രകാശനം കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണന് നിര്‍വഹിക്കും. പെരുവനം കുട്ടന്മാരാര് ഏറ്റുവാങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: