(ഗാധിവൃത്താന്തകഥനം തുടര്‍ച്ച)
കീരമണ്ഡലത്തില്‍ ചെന്നുചേര്‍ന്ന് ഭംഗിചേര്‍ന്നുള്ള രാജധാനിയില്‍ ഒരിക്കല്‍ സ്വര്‍ഗ്ഗലോകം പോലെ വിളങ്ങുന്ന അവിടെ നാഗന്മാരും സുന്ദരികളും സാമന്തന്മാരും മേവുന്നതുകണ്ടു. ആ പ്രവേശനകവാടം നല്ലവണ്ണം വിതാനിച്ചിരുന്നു. ഉന്നതമായ പര്‍വ്വതംപോലെ കാണപ്പെട്ട ഒരു സുന്ദരനായ ആനയെ അവിടെ കണ്ടു. അവിടെയുള്ള രാജാവ് മരിക്കുകയാല്‍ രാജാവിനെ ആ ആന അങ്ങുമിങ്ങും തേടുന്നുണ്ടായിരുന്നു.
ഈവകയൊക്കെയും കണ്ടുകൊണ്ടങ്ങനെ മേവുന്ന അവനെ ആ ആന തുമ്പിക്കരംകൊണ്ടെടുത്ത് തന്റെ കഴുത്തില്‍ മെല്ലെ ഇരുത്തി. അന്നേരം ജയജയഘോഷവും ഉടനെ വാദ്യഘോഷവും വര്‍ദ്ധിച്ചു. നന്നായി ഉണര്‍ന്ന പക്ഷികളുടെ ശബ്ദമെന്നതുപോലെ ആ നാട്ടുകാര്‍ ആര്‍പ്പുവിളിച്ചു. അവിടെയുള്ള ഒരു സുന്ദരീവൃന്ദം അവനെ അലങ്കരിപ്പിച്ചു.
അവനെ പ്രകൃതികള്‍ സാദരം കാഴ്‌ച്ചകള്‍വെച്ചു വന്ദിച്ചു. സൈ്വരമീവണ്ണം ചണ്ഡാളനാകുന്ന അവന്‍ കീരഭൂപാലകനായി വാണു. ആ ചണ്ഡാളന്‍ തന്റെ ഇച്ഛയാല്‍ ചില ദിവസങ്ങള്‍കൊണ്ട് അന്നാട്ടില്‍ മര്യാദയേര്‍പ്പെടുത്തി. മന്ത്രിമാരോടും പ്രജകളോടും നല്ലവണ്ണം ചിന്തിച്ചു രാജ്യകാര്യങ്ങള്‍ നടത്തി. സന്തോഷത്തോടെ ഗവലന്‍ എന്ന പേരോടുകൂടിയവനായി എട്ടുവര്‍ഷം വാണു. ഒരിക്കല്‍ ഭൂഷണമൊന്നുമില്ലാതെകണ്ട് ഏകനായിട്ട് പുറത്തുപോയി. അപ്പോഴവിടെ ചണ്ഡാലസംഘംചേര്‍ന്ന് നില്പതുകണ്ട് കുറേനേരം നോക്കിനിന്നു. ചുവന്ന കണ്ണുകളുള്ള കിഴവനായ ഒരു ചണ്ഡാളന്‍ ആ കൂട്ടത്തില്‍നിന്ന് ഉടന്‍ കീര്‍ത്തികേട്ട ആ കീരഭൂപാലനെ നോക്കി സഹര്‍ഷം ഇങ്ങനെ പറഞ്ഞു, ‘ബന്ധോ! കടഞ്ജക! (ചണ്ഡാല സമൂഹത്തിലെ വംശപ്പേരാകാം) ഞങ്ങളെക്കൈവിട്ടു നീ ഇന്നേവരെ എവിടെ വസിച്ചിരുന്നു? കണ്ടിട്ടു കാലമൊട്ടായി, എന്റെ ഭാഗ്യംകൊണ്ട് ഇന്നു കാണുവാന്‍ സംഗതിയായി.’’ എന്നേവം ഓരോന്നു പറഞ്ഞനേരത്തവനെ ആ കീരേശന്‍ വല്ലാതെ കുറ്റപ്പെടുത്തി. അവന്റെ ഭാര്യമാരും സന്തതികളും ഇങ്ങനെ എല്ലാവരും ജനാലകളില്‍നിന്നു നോക്കീട്ടു ചണ്ഡാളനാണിവനെന്നറിഞ്ഞ് ഉള്ളില്‍ വളരെ ദുഃഖിച്ചു. നാഗന്മാരും സുന്ദരിമാരും വളരെ വിഷാദത്തോടെ മൂക്കത്തു കൈവെച്ചുകൊണ്ടങ്ങനെ വാഴുമ്പോള്‍ രാജാവാകുന്ന അവന്‍ പെട്ടെന്ന് അന്തഃപുരം പ്രവേശിച്ചു. ആരും ഗവലനെ ശവത്തിനെയെന്നതുപോലെ തൊട്ടതേയില്ല. ചുറ്റും ജനങ്ങള്‍ വസിപ്പതുണ്ടെങ്കിലും ഒറ്റയായി വാഴുന്നതുപോലെ ആയവന്‍. ഏതോ വഴിപോക്കനാണെന്നു തോന്നുന്നമാതിരിയായി ഭവിച്ചൂ.
പിന്നെ എല്ലാവരും ചേര്‍ന്ന് ഇങ്ങനെ ചിന്തിച്ചു-‘നാമെല്ലാം ചണ്ഡാലന്മാരായിത്തീര്‍ന്നു. ഇനി ഒന്നുകൊണ്ടും നാം പരിശുദ്ധരാവില്ല. തീയില്‍ച്ചാടി മരിക്കുന്നതാണ് ഉത്തമം.’ ഇത്തരമാലോചിച്ച് നിശ്ചയിച്ചിട്ട് പെട്ടെന്ന് അഗ്നി നന്നായി ജ്വലിപ്പിച്ച് ആ നഗരത്തിങ്കലുള്ളവരേവരും ഒന്നിച്ച് തീയില്‍ച്ചാടി മരിച്ചു. സജ്ജനസംഗംകൊണ്ട് വളരെ മനഃശുദ്ധിവന്നു വാഴുന്ന രാജാവ് വ്യാകുലചിത്തനായി ഭവിച്ച് സ്വയം ഏകനായിട്ടു ഇങ്ങനെ വിചാരിച്ചു -”ഈ രാജ്യം ഇത്തരത്തില്‍ നശിച്ചുപോകാന്‍ കാരണമായി ഭവിച്ചതു ഹന്ത! ഞാനല്ലോ. ഇങ്ങനെ ഞാനിനി ജീവിച്ചിരിപ്പതു ഭംഗിയല്ല. എന്റെ മരണം മഹോത്സവം എന്നു വിചാരിച്ച് ആ രാജാവ് ശലഭത്തെപ്പോലെ തീയില്‍ച്ചാടി ശരീരം ദഹിപ്പിച്ചു. അപ്പോള്‍ ഗാധിഭൂസുരന്‍ പാവകക്ഷുബ്ധനായി (അഗ്നിയില്‍നിന്നു പുറത്തുകടന്നവന്‍) മോഹത്തില്‍നിന്നുണര്‍ന്നു. ഇങ്ങനെ രണ്ടു മുഹൂര്‍ത്തംകൊണ്ട് കാശ്യപീദേവന്‍ ഭ്രമത്തില്‍നിന്നുണര്‍ന്ന് ഹന്ത! ഞാനാരിപ്പോള്‍, എന്തോന്നു കണുന്നിതെന്ന് ഞാന്‍ ചെയ്തതെന്ത്, എന്നുള്ളതൊക്കെയും അന്തരംഗത്തില്‍ വിചാരിച്ചുകൊണ്ട് ഉടന്‍ ബ്രാഹ്മണന്‍ വെള്ളത്തില്‍നിന്നു കേറി. എപ്പോഴും ദേഹികളുടെ ചേതസ്സ് ഇങ്ങനെ അന്തമില്ലാത്ത ഭ്രമദൃഷ്ടികളില്‍ നന്നായി പല കാടുകളില്‍ കടുവ എന്നപോലെ ഭ്രമിക്കുന്നു. ഇങ്ങനെ വിചാരിച്ചു തന്റെ മോഹം വെടിഞ്ഞ് ആ ബ്രാഹ്മണന്‍ തന്റെ ആശ്രമത്തിലെത്തിച്ചേര്‍ന്നു. ഉള്ളില്‍ അല്പവും ആകുലതകൂടാതെ അവിടെ ഏകനായി കുറച്ചുനാള്‍ കഴിഞ്ഞു. ഗാധിയുടെ ആശ്രമത്തില്‍ വളരെ ഇഷ്ടനായുള്ള ഒരതിഥി എത്തി. അദ്ദേഹം പുത്രരും പത്‌നിയും ചത്തുപോയതുകൊണ്ട് വളരെ ദുഃഖിതനായി കരഞ്ഞുകൊണ്ടിരുന്നു. ക്ലേശം സഹിക്കാനാവാതെ ആ ദേശം വെടിഞ്ഞു പലദിക്കും നടന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: